Image : CSB Bank,Fairfax,RBI 
Business Kerala

സ്വര്‍ണ വായ്പയില്‍ കുതിപ്പ്; ലാഭം ₹150 കോടിയിലേക്ക്, എന്നിട്ടും സിഎസ്ബി ബാങ്ക് ഓഹരി വില ഇടിയാന്‍ കാരണമെന്ത്?

വായ്പകളിലും നിക്ഷേപങ്ങളിലും 20 ശതമാനത്തിലേറെ വളര്‍ച്ച; അറ്റ നിഷ്‌ക്രിയ ആസ്തി 0.39 ശതമാനമായി കുറച്ചു

Dhanam News Desk

കേരളം ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ സിഎസ്ബി ബാങ്കിന് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ (Q1 FY27) മികച്ച തുടക്കം. വായ്പാ വിതരണത്തിലും അറ്റ പലിശ വരുമാനത്തിലും രേഖപ്പെടുത്തിയ മികച്ച മുന്നേറ്റത്തിന്റെ കരുത്തില്‍ ബാങ്കിന്റെ അറ്റലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനം വര്‍ധിച്ച് 150 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 119 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം.

ബാങ്കിന്റെ പ്രധാന പ്രവര്‍ത്തന വരുമാനവും വായ്പാ അസറ്റുകളും ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൊത്തം വരുമാനം 1,286 കോടി രൂപയില്‍ നിന്ന് 18 ശതമാനം വര്‍ധിച്ച് 1,516 കോടി രൂപയായി ഉയര്‍ന്നു.

അതേസമയം മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തെ (Q4 FY26) അപേക്ഷിച്ച് നോക്കുമ്പോള്‍ അറ്റലാഭത്തില്‍ 25.6% ഇടിവാണുണ്ടായത് (201.58 കോടി രൂപയില്‍ നിന്ന് 150.04 കോടിയായി കുറഞ്ഞു). പ്രവര്‍ത്തന ചെലവുകള്‍ ഉയര്‍ന്നതും വായ്പാ പ്രൊവിഷനിംഗ് (Provisions) മുന്‍ പാദത്തിലെ 23 കോടിയില്‍ നിന്ന് 49 കോടിയായി വര്‍ധിച്ചതുമാണ് ഇതിന് പ്രധാന കാരണം.

കോര്‍പ്പറേറ്റ് / ഹോള്‍സെയില്‍ ബാങ്കിംഗ് മാര്‍ച്ച് പാദത്തിലെ 51.26 കോടി രൂപയില്‍ നിന്ന് 28.39 കോടി രൂപയായി കുറഞ്ഞു. റീട്ടെയില്‍ ബാങ്കിംഗ് മാര്‍ച്ച് പാദത്തിലെ 180.61 കോടിയേക്കാള്‍ താഴ്ന്ന് 145.99 കോടി രൂപയിലെത്തി. ട്രഷറി മുന്‍ പാദത്തിലെ 11.65 കോടി രൂപയില്‍ നിന്ന് 14.70 കോടി രൂപയായി ചെറിയ മുന്നേറ്റം നടത്തി.

സ്വര്‍ണ്ണ വായ്പകളില്‍ വന്‍ മുന്നേറ്റം

ബാങ്കിന്റെ ആകെ ബിസിനസ് 86,282 കോടി രൂപയിലെത്തി. മുന്‍വര്‍ഷം സമാന കാലയളവിനേക്കാള്‍ 25 ശതമാനത്തിന്റെ വളര്‍ച്ചയാണിത്. വായ്പാ പോര്‍ട്ട്‌ഫോളിയോയില്‍ സ്വര്‍ണ വായ്പകള്‍ തന്നെയാണ് ഇത്തവണയും ബാങ്കിന്റെ നട്ടെല്ലായത്.

ബാങ്കിന്റെ മൊത്തം വായ്പകള്‍ 24 ശതമാനം വര്‍ധിച്ച് 40,867 കോടി രൂപയായി.

സ്വര്‍ണ വായ്പകള്‍ 47 ശതമാനംകുതിപ്പോടെ 21,906 കോടി രൂപയിലെത്തി. ബാങ്കിന്റെ ആകെ വായ്പകളുടെ 54 ശതമാനവും സ്വര്‍ണ പണയ വായ്പകളാണ്. നിക്ഷേപങ്ങള്‍ ഇക്കാലയളവില്‍ 26 ശതമാനം വര്‍ധിച്ച് 45,415 കോടി രൂപയായി.

ബാങ്കിന്റെ കാസ (CASA) അനുപാതം 19.41 ശതമാനത്തിലാണ്. ബാങ്കിന്റെ അറ്റ പലിശ വരുമാനം (NII) 26 ശതമാനം വര്‍ധിച്ച് 479 കോടി രൂപയിലെത്തിയപ്പോള്‍, പലിശയിതര വരുമാനം 245 കോടിയില്‍ നിന്ന് 229 കോടിയായി നേരിയ തോതില്‍ കുറഞ്ഞു.

അസറ്റ് ക്വാളിറ്റി മെച്ചപ്പെട്ടു

ബാങ്കിന്റെ കിട്ടാക്കടത്തിന്റെ തോത് കുറയ്ക്കാന്‍ സാധിച്ചത് സാമ്പത്തിക അടിത്തറ കൂടുതല്‍ ഭദ്രമാക്കി. മൊത്തം നിഷ്‌ക്രിയ ആസ്തി (Gross NPA) മുന്‍വര്‍ഷത്തെ 1.84 ശതമാനത്തില്‍ നിന്ന് 1.75 ശതമാനമായി താഴ്ന്നു. അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 0.66 ശതമാനത്തില്‍ നിന്ന് 0.39 ശതമാനത്തിലേക്ക് താഴേക്ക് കൊണ്ടുവരാന്‍ ബാങ്കിനായി.

ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ (NIM) 3.54 ശതമാനത്തില്‍ നിന്ന് 3.66 ശതമാനമായി മെച്ചപ്പെട്ടു. മൂലധന പര്യാപ്തതാ അനുപാതം (CRAR) 19.96 ശതമാനം എന്ന സുരക്ഷിതമായ നിലയിലാണ്.

ഓഹരി ഇടിവിന് പിന്നില്‍

വാര്‍ഷികാടിസ്ഥാനത്തില്‍ (YoY) 27% ലാഭവര്‍ധന രേഖപ്പെടുത്തിയെങ്കിലും, തൊട്ടുമുമ്പത്തെ പാദവുമായുള്ള (QoQ) നിരാശാജനകമായ താരതമ്യവും പ്രൊവിഷനിംഗ് ഉയര്‍ന്നതും കാരണം കമ്പനിയുടെ ഓഹരി വില വിപണിയില്‍ ഇന്നലെ പാദഫലപ്രഖ്യാപനം വന്നശേഷം 6.7%ലധികം ഇടിഞ്ഞു. ഇന്നും രണ്ട് ശതമാനത്തിലധികം ഇടിവിലാണ് ഓഹരിയുടെ വ്യാപാരം.ഈ വര്‍ഷം ഇതുവരെ 30 ശതമാനത്തിലധികമാണ് ഓഹരിയുടെ ഇടിവ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 21 ശതമാനം ഇടിവും രേഖപ്പെടുത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT