തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്ക് 2026 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലും നാലാം പാദത്തിലും (ജനുവരി-മാര്‍ച്ച്) മികച്ച പ്രവര്‍ത്തന നേട്ടം കൈവരിച്ചു. ബാങ്കിന്റെ 2026 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം വര്‍ധിച്ച് 633 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 594 കോടി രൂപയായിരുന്നു. നാലാം പാദത്തിലെ അറ്റാദായം ത്രൈമാസാടിസ്ഥാനത്തില്‍ 32 ശതമാനം വര്‍ധനയോടെ 202 കോടി രൂപയായി ഉയര്‍ന്നു.
ബാങ്കിന്റെ മൊത്തം നിക്ഷേപം മുന്‍വര്‍ഷത്തെ 36,861 കോടി രൂപയില്‍ നിന്ന് 20 ശതമാനം വര്‍ധിച്ച് 44,246 കോടി രൂപയിലെത്തി. കാസ അനുപാതം 20 ശതമാനമാണ്. ബാങ്കിന്റെ അറ്റ വായ്പകള്‍ 26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 39,848 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ സ്വര്‍ണ പണയ വായ്പകളില്‍ 53 ശതമാനവും ഹോള്‍സെയില്‍ വായ്പകളില്‍ 37 ശതമാനവും വര്‍ധനവുണ്ടായി.
അറ്റ പലിശ വരുമാനം നാലാം പാദത്തില്‍ 25 ശതമാനം വര്‍ധിച്ച് 464 കോടി രൂപയായി. സാമ്പത്തിക വര്‍ഷത്തെ മൊത്തം പലിശ വരുമാനം 17 ശതമാനം വര്‍ധിച്ച് 1,720 കോടി രൂപയിലെത്തി. പലിശേതര വരുമാനം 21 ശതമാനം വര്‍ധിച്ച് 1,177 കോടി രൂപയായും ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 19 ശതമാനം വര്‍ധിച്ച് 1,085 കോടി രൂപയായും ഉയര്‍ന്നു.
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 1.57 ശതമാനത്തില്‍ നിന്ന് നേരിയ തോതില്‍ വര്‍ധിച്ച് 1.66 ശതമാനമായെങ്കിലും, മുന്‍ പാദത്തിലെ 1.96 ശതമാനത്തേക്കാള്‍ കുറയ്ക്കാന്‍ സാധിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 0.40 ശതമാനമായി താഴ്ന്നു. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 20.66 ശതമാനമാണ് ഇത് നിശ്ചിത പരിധിയേക്കാള്‍ വളരെ കൂടുതലാണ്.
ഇന്നലെ പാദഫലപ്രഖ്യാപനത്തിനു പിന്നാലെ സിഎസ്ബി ബാങ്ക് ഓഹരികള്‍ നാല് ശതമാനത്തോളം ഉയര്‍ന്നിരുന്നു. ഇന്ന് ഓഹരികള്‍ 1.63 ശതമാനം ഇടിഞ്ഞ് 385 രൂപയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് ഓഹരി നിക്ഷേപകര്‍ക്ക് 10 ശതമാനത്തിലധികം നേട്ടം നല്‍കിയിട്ടുണ്ട്. അതേസമയം ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 20 ശതമാനത്തോളം ഇടിവിലാണ് ഓഹരി വില.
100 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള ബാങ്കിന് നിലവില്‍ രാജ്യത്തുടനീളം 862 ശാഖകളും 832 എടിഎമ്മുകളുമുണ്ട്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, റീറ്റെയ്ല്‍, എന്‍ആര്‍ഐ ഉപഭോക്താക്കള്‍ എന്നിവരിലാണ് ബാങ്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
CSB Bank reports 7% profit growth to ₹633 crore with strong loan, deposit expansion and improved asset quality.
Read DhanamOnline in English
Subscribe to Dhanam Magazine