Business Kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ടെസ്റ്റിംഗ് ലാബ് എന്നു വരും? കയറ്റുമതി മേഖല കാത്തിരിക്കുന്നു

സര്‍വ്വകലാശാലക്കും ഗുണങ്ങളേറെ

Dhanam News Desk

പച്ചക്കറികളുടെയും പഴങ്ങളുടെയും കയറ്റുമതി രംഗത്ത് ഏറെ സുപ്രധാനമായ ടെസ്റ്റിംഗ് ലാബ് സംവിധാനമില്ലാതെ മലബാര്‍ മേഖലയിലെ കയറ്റുമതി സമൂഹം പ്രതിസന്ധിയില്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ടെസ്റ്റിംഗ് ലാബ് ആരംഭിക്കുന്നതിന് ധാരണയായിരുന്നെങ്കിലും യൂണിവേഴ്‌സിറ്റി അധികൃതരുടെയും സര്‍ക്കാരിന്റെയും മെല്ലെപ്പോക്ക് മൂലം പദ്ധതി വൈകുകയാണ്. വിദേശ രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിന് നിര്‍ബന്ധമായ ലാബ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി കയറ്റുമതി മേഖലയിലെ വ്യവസായികള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇത് മൂലമുണ്ടാകുന്ന സമയനഷ്ടവും ധനനഷ്ടവും ഏറെ വലുതാണ്.

ധാരണാപത്രം തയ്യാര്‍, നടപടികള്‍ നിശ്ചലം

കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം താല്‍പര്യമെടുത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് സയന്‍സ് വകുപ്പിന് കീഴില്‍ ടെസ്റ്റിംഗ് ലാബ് തുടങ്ങാന്‍ രൂപ രേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റിയും എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറത്തിന് കീഴിലുള്ള റിസര്‍ച്ച് ആന്റ് ഡവലപ്പമെന്റ് വിഭാഗവും എട്ടുമാസം മുമ്പ് ധാരണാ പത്രം ഒപ്പുവച്ചിരുന്നു. എന്നാല്‍ പിന്നീട് ഔദ്യോഗിക നടപടികള്‍ മുന്നോട്ടു പോയിട്ടില്ല. പത്തു കോടിയോളം രൂപ ചെലവു വരുന്ന ലാബ് കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെയാണ് ആരംഭിക്കേണ്ടത്. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് അംഗങ്ങളായ എം.കെ.രാഘവന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.പി.അബ്ദു സമദ് സമദാനി എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍കയ്യെടുത്താണ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കേണ്ടത്.

ടെസ്റ്റിംഗ് ലാബിന്റെ ആവശ്യകത

കോഴിക്കോട് വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ പ്രാഥമിക ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്ലാന്റ് ക്വാറന്റൈന്‍, അനിമല്‍ ക്വാറന്റൈന്‍ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനി സാന്നിധ്യം ഉള്‍പ്പടെയുള്ള പ്രാഥമിക പരിശോധനകള്‍ നടത്താനുള്ള സംവിധാനമാണ് പ്ലാന്റ് ക്വാറന്റൈനില്‍ ഉള്ളത്. അതേസമയം, വിദേശരാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുമ്പോള്‍ വിശദമായ പരിശോധനാ റിപ്പോര്‍ട്ട് ആവശ്യമാണ്. നിലവില്‍ ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലെ സ്വകാര്യ ലാബുകളിലേക്ക് സാമ്പിളുകള്‍ അയക്കുകയാണ് കയറ്റുമതി സ്ഥാപനങ്ങള്‍ ചെയ്യുന്നത്. ഇത് സമയമേറെ എടുക്കുന്നതും ചെലവേറിയതുമായ പ്രക്രിയയാണ്.

യൂണിവേഴ്‌സിറ്റിക്കും ഗുണം

ഹെല്‍ത്ത് സയന്‍സ് ഡിപാര്‍ട്ട്‌മെന്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതിനാല്‍ മലബാര്‍ മേഖലയില്‍ ടെസ്റ്റിംഗ് ലാബ് ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം ഇതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇതിന് ഏറെ താല്‍പര്യം കാണിക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റി കാമ്പസ് കോഴിക്കോട് വിമാനത്താവളത്തിന് ഏറെ അടുത്താണെന്നത് കയറ്റുമതിക്കാര്‍ക്കും സൗകര്യമാണ്. അന്യസംസ്ഥാനങ്ങളിലേക്ക് സാമ്പിളുകള്‍ അയച്ച് കാത്തിരിക്കേണ്ട അവസ്ഥ ഇതോടെ അവസാനിപ്പിക്കാനാകുമെന്നും വ്യാപാരികള്‍ കരുതുന്നു. സര്‍ക്കാര്‍ സംവിധാനത്തിലാകുമ്പോള്‍ സാമ്പത്തിക ചെലവുകളും കുറയും. ഒട്ടേറെ സാമ്പിളുകള്‍ പരിശോധിക്കാനെത്തുന്നത് യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് അക്കാദമികമായും ഗുണകരമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT