Business Kerala

വികസിത ഭാരതം സ്വപ്‌നമല്ല, നേടാനാകുന്ന ലക്ഷ്യം തന്നെ, ബി.എസ്.ഇ എം.ഡിയും സി.ഇ.ഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി

ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന എട്ടാമത് ബിഎഫ്എസ്ഐ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാമമൂര്‍ത്തി.

Resya Raveendran

വികസിത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം ഒരു സ്വപ്‌നമല്ല, കൈയിലൊതുങ്ങുന്ന, നടപ്പാകാവുന്ന ഒരു ലക്ഷ്യം തന്നെയാണെന്ന് ബി.എസ്.ഇ എം.ഡിയും സി.ഇ.ഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന എട്ടാമത് ബിഎഫ്എസ്ഐ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാമമൂര്‍ത്തി.

ജനസംഖ്യ, നഗരവൽക്കരണം, അഭിലാഷം എന്നീ മൂന്ന് കാര്യങ്ങളാണ് ഇന്ത്യയുടെ കുതിപ്പിന് കരുത്ത് പകരുന്നത്. ഇന്ത്യൻ യുവത്വത്തിൻ്റെ ശരാശരി പ്രായം 28 ആണ്. നഗരവൽക്കരണം ആണ് അടുത്ത മുന്നേറ്റം. 2050 ഓടെ ജനസംഖ്യയുടെ 50 ശതമാനം ആളുകള്‍ നഗര സ്വഭാവമുള്ള (അര്‍ബനൈസ്ഡ് ) സ്ഥലങ്ങളിലാകും താമസിക്കുക, ഇത് വളര്‍ച്ചയെ സ്വാധീനിക്കും. നമ്മുടെ ജനസംഖ്യയുടെ 60 ശതമാനവും മധ്യവര്‍ഗമാണ്. മധ്യവര്‍ഗത്തിന്റെ അടിസ്ഥാന സ്വഭാവം മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള അഭിവാഞ്ചയാണ്. ഇതാണ് വളര്‍ച്ചയ്ക്ക് കരുത്തു പകരുന്ന മറ്റൊരു ഘടകം. എല്ലാം വേണമെന്ന ആഗ്രഹം വളര്‍ച്ചയെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏതൊരു രാജ്യത്തിന്റെയും ജി.ഡി.പി വളര്‍ച്ചയെ സ്വാധീനിക്കുന്ന മൂന്നു ഘടകങ്ങൾ ഉപഭോഗം കയറ്റുമതി, നിക്ഷേപം എന്നിവയാണ്. ഇന്ത്യയെ സംബന്ധിച്ച് സമൂഹത്തിലെ മധ്യവര്‍ഗം ഉപഭോഗത്തില്‍ വലിയ പങ്കുവഹിക്കുന്നു. ഉപഭോഗത്തിലെ 50-60 ശതമാനവും ഭക്ഷ്യ ഇതരവസ്തുക്കളാണ്. അതായത് വീട്, കാറ് പോലുള്ളവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഈ ഉപഭോഗം ജി.ഡി.പി വളര്‍ച്ചയെ ഗണ്യമായി സ്വാധീനിക്കും.

കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ വൈവിധ്യവത്കരണത്തിന്റെ പാതയിലാണ്. ഒരു രാജ്യത്തെ മാത്രം ആശ്രയിക്കാതെ ആഗോള വിപണികളെ ഉപയോഗിക്കുകയാണ് ഈ സര്‍ക്കാര്‍. രാജ്യത്ത് തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന് വേണ്ട നിക്ഷേപങ്ങളും വര്‍ധിച്ചു വരികയാണ്.

വളര്‍ച്ചയ്ക്കുള്ള പരിതസ്ഥിതി രാജ്യത്തുണ്ട്. ഇനി ശ്രദ്ധപതിപ്പിക്കേണ്ട ഒരു മേഖല എം.എസ്.എം.ഇകളിലാണ്. ആറ് കോടി എം.എസ്.എം.ഇകള്‍ രാജ്യത്തുണ്ടെങ്കില്‍ 650 എണ്ണം മാത്രമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അവയെ ലിസ്റ്റിംഗിലേക്ക് കൊണ്ടു വരാന്‍ റഗുലേറ്ററുടെ ഭാഗത്ത് നിന്ന് കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മിറ്റിലും അവാര്‍ഡ് നിശയിലുമായി ദേശീയ, രാജ്യാന്തര തലത്തിലെ പ്രമുഖരായ 20ലേറെ പ്രഭാഷകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 500 ഓളം പേരും സംബന്ധിക്കുന്നുണ്ട്. മുത്തൂറ്റ് ഫിനാന്‍സാണ് ധനം ബിഎഫ്എസ്‌ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT