ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, നിക്ഷേപ സമ്മിറ്റായ ധനം ബിഎഫ്എസ്‌ഐ സമ്മിറ്റിനോടനുബന്ധിച്ച് നടക്കുന്ന എക്സിബിഷൻ, സാമ്പത്തിക മേഖലയിലെ കമ്പനികൾക്കും സേവന ദാതാക്കൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങളും നൂതനമായ സേവനങ്ങളും അവതരിപ്പിക്കാനുള്ള മികച്ച അവസരമായി. കൊച്ചിയിലെ ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിലാണ് സമ്മിറ്റ് നടക്കുന്നത്.
ബാങ്കിംഗ്, നിക്ഷേപ, ഇൻഷുറൻസ് രംഗത്തെ പ്രമുഖ കമ്പനികൾ എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. ഇതിനുപുറമെ, ഈ മേഖലയിലേക്ക് സാങ്കേതികവിദ്യയും മറ്റ് അനുബന്ധ സേവനങ്ങളും നൽകുന്ന സ്ഥാപനങ്ങളും തങ്ങളുടെ വൈദഗ്ധ്യം പ്രദർശിപ്പിക്കുന്നു. സമ്മിറ്റിൽ പങ്കെടുക്കുന്ന സാധാരണക്കാർ മുതൽ പ്രൊഫഷണലുകൾക്ക് വരെ പുതിയ പ്രവണതകളും സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ നിന്ന് നേരിട്ട് മനസ്സിലാക്കാൻ സാധിക്കുന്ന അവസരമാണ് ഒരുക്കിയിരിക്കുന്നത്.
പ്രദർശനത്തിൽ പങ്കെടുക്കുന്ന സ്റ്റാളുകളിൽ പ്രമുഖരായ നിരവധി സ്ഥാപനങ്ങൾ അണിനിരക്കുന്നുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട് പോലുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ മുതൽ Perfios, lowtouch.ai (Cloud Control Solutions), Qikberry AI, BitSave, Aabasoft Technologies പോലുള്ള സാങ്കേതികവിദ്യാ സേവനദാതാക്കളും ഉൾപ്പെടുന്നു.
മറ്റ് സ്റ്റാളുകളിൽ എസ്ബിഐ ലൈഫ് ഇൻഷുറൻസ്, പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡ്, സാമ്പത്തിക സ്ഥാപനങ്ങളായ എൻജെടി ഫിനാൻസ്, ജെഎം ഫിനാൻഷ്യൽ എന്നിവരും പങ്കെടുക്കുന്നു. കൂടാതെ ഐഡിഎഫ്‌സി, ഇഗ്നോസി എന്നീ സ്ഥാപനങ്ങൾക്ക് ടേബിൾ സ്പേസുകളും ഒരുക്കിയിട്ടുണ്ട്. 32 ഓളം സ്റ്റാളുകളാണ് എക്സിബിഷന്റെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്.
ഈ എക്സിബിഷൻ ബാങ്കിംഗ്, സ്റ്റോക്ക് ബ്രോക്കിംഗ്, എൻബിഎഫ്‌സികൾ, ഇൻഷുറൻസ്, ഫിൻടെക് സംരംഭകർ തുടങ്ങിയ എല്ലാ വിഭാഗം പ്രൊഫഷണലുകൾക്കും നെറ്റ്‌വർക്കിംഗിനും പുതിയ ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കാനുമുള്ള അസുലഭമായ അവസരം നൽകുന്നു. രാവിലെ 9.30 മുതൽ രാത്രി 9.30 വരെ നീളുന്ന സമ്മിറ്റിൽ എക്സിബിഷൻ സന്ദർശിക്കാനും നെറ്റ്‌വർക്കിംഗ് സെഷനുകളിൽ പങ്കെടുക്കാനും സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine