Business Kerala

മെട്രോമാൻ ഇ. ശ്രീധരന് ധനം ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്; മിഥുൻ ചിറ്റിലപ്പിള്ളി ബിസിനസ്മാൻ ഓഫ് ദി ഇയർ

ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജൂൺ 25-ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. അജ്മി ഫുഡ്‌സ് എസ്എംഇ ഓഫ് ദി ഇയർ

Dhanam News Desk

സംസ്ഥാനത്തെ ബിസിനസ് മേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കുന്നവര്‍ക്കുള്ള പതിനെട്ടാമത് ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്റ്റര്‍ ഡോ. ഇ. ശ്രീധരനെ ധനം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കും. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്റ്റര്‍ മിഥുൻ ചിറ്റിലപ്പിള്ളിയാണ് ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2026.

ആപ്റ്റിവ് കണക്ഷന്‍സ് സിസ്റ്റംസ് കണ്‍ട്രി മാനേജിംഗ് ഡയറക്റ്റര്‍ രമേഷ് നായര്‍ ധനം ബിസിനസ് പ്രൊഫഷണല്‍ പുരസ്‌കാരത്തിനും, മാര്‍ലാബ്‌സ് ചെയര്‍മാന്‍ സിബി വടക്കേക്കര ഔട്ട്സ്റ്റാന്‍ഡിംഗ് എന്‍ ആര്‍ ഐ എന്റര്‍പ്രണര്‍ പുരസ്‌കാരത്തിനും അര്‍ഹനായി.

മന്ത്ര സ്ഥാപകയും ലീഡ് ഡിസൈനറുമായ ശാലിനി ജെയിംസിനാണ് ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. അജ്മി ഫുഡ്‌സിനെ എസ് എം ഇ ഓഫ് ദി ഇയര്‍ ആയും തെരഞ്ഞെടുത്തു. മറൈന്‍ റോബോട്ടിക്‌സ് എന്റര്‍പ്രണര്‍ രംഗത്ത് നൂതന ആശയങ്ങള്‍ അവതരിപ്പിച്ച ഐറോവ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരം.

അവാർഡ് നിശ ജൂൺ 25-ന് കൊച്ചിയിൽ

ജൂണ്‍ 25ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പതിനെട്ടാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. മുഖ്യമന്ത്രി വി. ഡി. സതീശൻ ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിച്ച് അവാര്‍ഡ്ദാനം നിര്‍വഹിക്കും.

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം. കെ. ദാസ്, മുന്‍ വര്‍ഷങ്ങളിലെ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ജേതാക്കളായ സി. ജെ. ജോര്‍ജ്, നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളായ വിദഗ്ധ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്.

സമിറ്റിന്റെ മുഖ്യ തീം 'പർപ്പസ് ഡ്രിവൺ ലീഡർഷിപ്പ്'

'പര്‍പ്പസ് ഡ്രിവണ്‍ ലീഡര്‍ഷിപ്പ് ഫോര്‍ എ ബെറ്റര്‍ വേള്‍ഡ്' എന്നതാണ് സമിറ്റിന്റെ മുഖ്യതീം. പ്രമുഖ നിക്ഷേപകനും ദുബായ് ആസ്ഥാനമായുള്ള ബ്യൂമെര്‍ക് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രനുമായി വര്‍മ ആന്‍ഡ് വര്‍മ സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ് നടത്തുന്ന ഫയര്‍സൈഡ് ചാറ്റ് സമിറ്റിലെ പ്രധാന ആകര്‍ഷണമായിരിക്കും. ബിസിനസ് വളര്‍ച്ചയ്ക്കായി എഐ എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തില്‍ ഡീപ്‌കോര്‍എക്‌സ് സ്ഥാപകനും സിഇഒയുമായ ഡോ. അങ്കുര്‍ നാരംഗ് നയിക്കുന്ന എഐ മാസ്റ്റര്‍ ക്ലാസും ഇതോടൊപ്പം ഉണ്ടാകും.

തുടര്‍ന്ന് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി എംഡി ജോര്‍ജ് എം. ജോര്‍ജ്, ഇവിഎം ഗ്രൂപ്പ് എംഡി സാബു ജോണി, ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍ എന്നിവര്‍ സംബന്ധിക്കും. കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് വിനോദിനി സുകുമാര്‍ ചര്‍ച്ച നയിക്കും. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് ചടങ്ങിൽ പ്രഭാഷണം നടത്തും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT