Business Kerala

സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സംരംഭകരുടെ സഹകരണം അത്യന്താപേക്ഷിതം, വികസനത്തിന് സ്വകാര്യ നിക്ഷേപം നിർണായകമെന്നും റോജി എം. ജോണ്‍

ഉയർന്ന ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതക്കുറവും കാരണം വലിയ തോതിലുള്ള മാനുഫാക്ചറിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിൽ പരിമിതികളുണ്ട്

Dhanam News Desk

കേരളത്തിന്റെ ഏറ്റവും വലിയ വിഭവം നമ്മുടെ യുവാക്കളുടെ ക്രിയാത്മകതയും നിശ്ചയദാർഢ്യവുമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍. കർണാടകയോ തമിഴ്നാടോ പിന്തുടരുന്ന അതേ വികസന മാതൃക കേരളത്തിന് സ്വീകരിക്കാൻ കഴിയില്ല. ഉയർന്ന ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതക്കുറവും കാരണം വലിയ തോതിലുള്ള മാനുഫാക്ചറിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിൽ പരിമിതികളുണ്ട്.

അതിനാൽ, കേരളത്തിന് മുൻതൂക്കമുള്ള സേവന മേഖല (Service Sector), ടൂറിസം, ഐടി, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും റോജി എം. ജോണ്‍ പറഞ്ഞു. പതിനെട്ടാമത് ധനം ബിസിനസ് സമിറ്റ് ആന്റ് അവാർഡ് നൈറ്റിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പർപ്പസ് ഡ്രിവൺ ലീഡർഷിപ്പ്' (Purpose-driven leadership) എന്ന പ്രമേയത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണ്. സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തിരിച്ചടവ് എന്നിവയ്ക്കായുള്ള 'കമിറ്റഡ് എക്സ്പെൻഡിച്ചർ' (Committed Expenditure) ആയി ചെലവാക്കപ്പെടുകയാണ്. ഈ സാഹചര്യം മാറ്റിയെടുക്കാൻ സംസ്ഥാനത്തിന്റെ പ്രവർത്തന രീതിയിൽ വലിയ തോതിലുള്ള അഴിച്ചുപണികൾ ആവശ്യമാണെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ച പുതുക്കിയ ബജറ്റ്.

സ്വകാര്യ നിക്ഷേപത്തിന്റെ പ്രാധാന്യം

സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ബിസിനസ് സമൂഹത്തിന്റെയും സംരംഭകരുടെയും സഹകരണം അത്യന്താപേക്ഷിതമാണ്. സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. കേരളത്തിൽ നിന്ന് യുവാക്കൾ വിദേശങ്ങളിലേക്ക് കുടിയേറുന്നത് തടയാൻ ഇത് സഹായിക്കും.

കേരളത്തിലെ യുവാക്കളില്‍ നിക്ഷേപം നടത്തുകയും അവർക്ക് നാട്ടിൽ തന്നെ അവസരങ്ങൾ ഒരുക്കുകയും ചെയ്യുക എന്നത് വികസനത്തിന്റെ പ്രധാന ലക്ഷ്യമായിരിക്കണം. സർക്കാരിനൊപ്പം സ്വകാര്യ മേഖലയും കൈകോർക്കുന്നതിലൂടെ മാത്രമേ സാമ്പത്തിക സുസ്ഥിരതയുള്ള ഒരു പുതിയ കേരളം കെട്ടിപ്പടുക്കാൻ സാധിക്കൂവെന്നും റോജി എം. ജോണ്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT