ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവ് മാര്‍ച്ച് 25ന്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ രാവിലെ 10 മുതല്‍ രാത്രി 9.30 വരെ നീളുന്ന കോണ്‍ക്ലേവില്‍ കേരളത്തിലെ ഏറ്റവും സ്വാധീനമുള്ള കുടുംബ ബിസിനസ് സാരഥികള്‍, കുടുംബ ബിസിനസുകളുടെ പുതുതലമുറയുടെ പ്രതിനിധികള്‍, ഫാമിലി ബിസിനസ് വിദഗ്ധര്‍ എന്നിവരെല്ലാം സംഗമിക്കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 300ലേറെ പേര്‍ പ്രതിനിധികളായെത്തുന്ന കോണ്‍ക്ലേവില്‍ കല്യാണ്‍ ജൂവല്ലേഴ്സ് എംഡി ടി.എസ് കല്യാണരാമന്‍ മുഖ്യപ്രഭാഷണം നടത്തും. കുടുംബ ബിസിനസ് കണ്‍സള്‍ട്ടന്‍സി രംഗത്തെ അതികായനായ പ്രൊഫ. കാവില്‍ രാമചന്ദ്രന്റെ പ്രഭാഷണമാണ് മറ്റൊരു ആകര്‍ഷണം.
പുതുതലമുറയെ കുടുംബ ബിസിനസിലേക്ക് ആകര്‍ഷിച്ച്, കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമായി മുന്നേറുന്ന കുടുംബ ബിസിനസുകള്‍ക്ക് മാത്രേമ പ്രസക്തിയോടെ നിലനില്‍ക്കാനാവൂ. എങ്ങനെ ഇത് സാധ്യമാക്കാമെന്ന് ഇക്കാര്യങ്ങള്‍ ഫലപ്രദമായി നടപ്പാക്കി കുടുംബ ബിസിനസുകളെ ഉയരങ്ങളിലേക്ക് നയിച്ച ബിസിനസ് സാരഥികളില്‍ നിന്ന് നേരിട്ട് കേട്ടറിയാനുള്ള വേദിയാണ് ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവ്. ഈ വിഷയത്തെക്കുറിച്ച് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍, സിന്തൈറ്റ് ഗ്രൂപ്പ് എംഡി അജുജേക്കബ്, എവിഎ ഗ്രൂപ്പ് എംഡി എ.വി അനൂപ് എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച ഫാമിലി ബിസിനസ് അഡൈ്വസറും സിഇഒ കോച്ചുമായ എം.എസ്.എ കുമാര്‍ നയിക്കും.
തലമുറകള്‍ പിന്നിട്ടിട്ടും സുസ്ഥിര വളര്‍ച്ചാപാതയിലൂടെ എങ്ങനെയാണ് കേരളത്തിലെ പ്രമുഖ കുടുംബ ബിസിനസുകള്‍ മുന്നേറുന്നത്? എന്നതാണ് കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. ഫാമിലി ബിസിനസ് വിദഗ്ധനും എക്സിക്യൂട്ടിവ് കോച്ചും പ്രഭാഷകനും ബിഎഎഫ് കണ്‍സള്‍ട്ടന്റ്സ് സ്ഥാപകനും മാനേജിങ് പാര്‍ടണറുമായ അനില്‍ സയ്നാനി ഈ വിഷയത്തെക്കുറിച്ച് സായാഹ്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും.
കുടുംബ ബിസിനസിനെ നയിക്കുന്ന ജീവിത പങ്കാളികള്‍ക്കിടയിലെ 'രസതന്ത്രം' എന്താണെന്ന് തിരയുന്ന പാനല്‍ ചര്‍ച്ചയാണ് മറ്റൊരു ആകര്‍ഷണം. ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റും ടിവിസി ഫാക്റ്ററി,അമേസിങ് സ്റ്റാര്‍സ് എംഡിയുമായ സിജോയ് വര്‍ഗീസാണ് ഈ പാനല്‍ ചര്‍ച്ച നയിക്കുന്നത്. മിലന്‍ ഡിസൈന്‍ സാരഥികളായ ഷേര്‍ളി റെജിമോന്‍-റെജിമോന്‍ പി അലക്‌സ് ദമ്പതികള്‍, എസ്സിഎംഎസ് ഗ്രൂപ്പ് സാരഥികളായ പ്രൊഫ. പ്രമോദ് തേവന്നൂര്‍- ഡോ. ഇന്ദു നായര്‍ എന്നിവര്‍ ഈ ചര്‍ച്ചയില്‍ സംബന്ധിക്കും.
തലമുറകള്‍ കഴിഞ്ഞാലും തകരാതെ നില്‍ക്കുന്ന കുടുംബ ബിസിനസ് എങ്ങനെ കെട്ടിപ്പടുക്കാമെന്നത് കോണ്‍ക്ലേവ് ആഴത്തില്‍ ചര്‍ച്ച ചെയ്യും. ഇവോള്‍വ് ബാക്ക് റിസോര്‍ട്സ് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ജോസ് ടി രാമപുരം ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.
സാരഥികളുടെ കാഴ്ചപ്പാടുകളും ശൈലികളും തുറന്നുകാട്ടുന്ന പാനല്‍ ചര്‍ച്ചയാണ് മറ്റൊന്ന്. ജാക്കൊബി ചോക്കളേറ്റിയര്‍ സ്ഥാപകന്‍ ജേക്കബ് ജോയ് നയിക്കുന്ന ചര്‍ച്ചയില്‍ സെന്റ്ഗിറ്റ്സ് കോളെജ് സിഡിഒയും അസോസിയേറ്റ് പ്രൊഫസറുമായ നവീന്‍ ജോണ്‍ പുന്നൂസ്, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്റ്റര്‍ റിതു എലിസബത്ത് ജോര്‍ജ്, അര്‍ജുന നാച്വറല്‍സ് സിഒഒ ആന്റണി കുഞ്ഞച്ചന്‍, നാട്ടിക ആയുര്‍വേദ റിട്രീറ്റ്സ് ഡയറക്റ്റര്‍ ജോസഫ് കോടത്ത് തുടങ്ങിവര്‍ സംസാരിക്കും.
കുടുംബ ബിസിനസുകളെ പ്രൊഫഷണലൈസ് ചെയ്യുകയെന്നത് പലര്‍ക്കും വെല്ലുവിളിയാണ്. അതേക്കുറിച്ച് ഫാമിലി ബിസിനസ് അഡൈ്വസറും ഗേറ്റ്വെയ്സ് ഗ്ലോബല്‍ എല്‍എല്‍പി എക്സിക്യൂട്ടിവ് കോച്ചും ലീഡ് പാര്‍ട്ണറുമായ എം.ആര്‍ രാജേഷ് കുമാര്‍, ഐഐഎം അഹമ്മദാബാദ് ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ് വിഭാഗം ഫാക്കല്‍ട്ടി പ്രൊഫ. ബിജു വര്‍ക്കി, അക്വാസ്റ്റാര്‍ എംഡി സീജോ പോന്നോര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയുമുണ്ട്.
എങ്ങനെയാണ് കുടുംബത്തിന് പുറത്തുനിന്നുള്ള ഒരു ചീഫ് എക്സിക്യൂട്ടിവിനെ തിരഞ്ഞെടുക്കുക, അവരെ എങ്ങനെ കുടുംബ ബിസിനസിന്റെ ഭാഗമാക്കി മാറ്റാം എന്നീ വിഷയവും വിദഗ്ധര്‍ ചര്‍ച്ച ചെയ്യും. കുടുംബ ബിസിനസില്‍ പിന്തുടര്‍ച്ച ക്രമം നിശ്ചയിക്കുന്നതിനെ കുറിച്ച് ട്രൂ ലെഗസി സ്ഥാപകനും എംഡിയുമായ ശ്രീജിത് കുനിയില്‍ സംസാരിക്കും. പുറത്തുനിന്നുള്ള ഫണ്ട് സമാഹരണത്തെ കുറിച്ച് ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാനുമായി ബിഎഎഫ് കണ്‍സള്‍ട്ടന്റ്സ് അസോസിയേറ്റ് ഡയറക്റ്റര്‍ പ്രാച്ചി ജിന്‍ഡാല്‍ നടത്തുന്ന ചര്‍ച്ചയാണ് മറ്റൊരു ആകര്‍ഷണം.
ഫാമിലി ബിസിനസ് കോണ്‍ക്ലേവില്‍ സംബന്ധിക്കാന്‍ 5,499 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് നിരക്ക്. ഫാമിലി ബിസിനസ് സാരഥികളും ഈ രംഗത്തെ വിദഗ്ധരും ഒന്നിക്കുന്ന വേദിയില്‍ അവര്‍ക്കൊപ്പം നെറ്റ്വര്‍ക്കിങ് നടത്താനുള്ള അവസരം കൂടിയാണ് കോണ്‍ക്ലേവില്‍ ലഭിക്കുക. കൂടാതെ കുടുംബ ബിസിനസിനെ മികച്ചതാക്കാനുള്ള വിലയേറിയ ഉള്‍ക്കാഴ്ചയും ലഭിക്കും. രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക: https://www.familybusinessconclave.com/
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ് ഏബ്രഹാം: 90725 70065, ഇ-മെയ്ല്‍: anoop@dhanam.in
Read DhanamOnline in English
Subscribe to Dhanam Magazine