തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍ നടന്ന ധനം എംഎസ്എംഇ സമ്മിറ്റ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ഫ്രാഞ്ചൈസിംഗ് വിദഗ്ധന്‍ ഡോ. ചാക്കോച്ചന്‍ മത്തായി, തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് സജീവ് മഞ്ഞില, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, മണപ്പുറം ഫിനാന്‍സ് എംഡി വി.പി നന്ദകുമാര്‍, ധനം ബിസിനസ് മീഡിയ ചീഫ് എഡിറ്ററും ചെയര്‍മാനുമായ കുര്യന്‍ ഏബ്രഹാം, എം.എസ്.എം.ഇ ഡെവലപ്മെന്റ് ആന്‍ഡ് ഫസിലിറ്റേഷന്‍ ഓഫീസ് ജോയിന്റ് ഡയറക്റ്ററും മേധാവിയുമായ ജി.എസ് പ്രകാശ്, തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് പദ്മകുമാര്‍, എക്‌സിക്യൂട്ടീവ് എഡിറ്ററും ഡയറക്റ്ററുമായ മരിയ ഏബ്രഹാം, ഡയറക്ടറും വൈസ് പ്രസിഡന്റുമായ വിജയ് കുര്യന്‍ ഏബ്രഹാം എന്നിവര്‍ സമീപം.  
Business Kerala

"എം.എസ്.എം.ഇകള്‍ നാടിന്റെ കരുത്ത്, കേരളം ഇന്ത്യയുടെ കാലിഫോര്‍ണിയ ആകും" സംരംഭകര്‍ക്ക് പുതു ഊര്‍ജ്ജം പകര്‍ന്ന് ധനം എം.എസ്.എം.ഇ സമ്മിറ്റ്

തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍ ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എംഎസ്എംഇ സമ്മിറ്റ് ഉദ്ഘാടനം ചെയ്തത് വ്യവസായ മന്ത്രി പി. രാജീവ്‌

Dhanam News Desk

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ നാടിന്റെ ശക്തിയാണെന്നും എം.എസ്.എം.ഇ വളര്‍ച്ചയില്‍ രാജ്യത്ത് പ്രധാന സ്ഥാനത്താണ് കേരളമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. ധനം ബിസിനസ് മീഡിയ സംഘടിപ്പിച്ച ധനം എം.എസ്.എം.ഇ സമ്മിറ്റ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 3.5 ലക്ഷം പുതിയ എം.എസ്.എം.ഇകള്‍ കേരളത്തില്‍ തുടങ്ങാനായി. ഈ എം.എസ്.എം.ഇകള്‍ നമ്മുടെ കരുത്താണ്. 2001ല്‍ എം.എസ്.എം.ഇ വായ്പത്തുക‍ 48,000 കോടി രൂപയായിരുന്നത് നിലവില്‍ ഒരു ലക്ഷം കോടിയായി എന്നത് ഈ രംഗത്തിന്റെ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി വഴി ഏഴ് ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു.

എം.എസ്.എം.ഇ രംഗത്തിന്റെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്. ചെറുകിട-സൂക്ഷ്മ-ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്തുണയും സഹായവുമായി വ്യവസായ വകുപ്പിന്റെ മിഷന്‍ 1000 പദ്ധതി നടപ്പാക്കുന്നുണ്ട്. നിക്ഷേപത്തിനും വായ്പാ പലിശയ്ക്കും സബ്സിഡി നല്‍കി വിറ്റുവരവ് പരമാവധിയാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ 1000 സംരംഭങ്ങള്‍ക്കാണ് പിന്തുണ നല്‍കുക. തിരഞ്ഞെടുക്കുന്നവയ്ക്ക് ശരാശരി 100 കോടി രൂപയുടെ വിറ്റുവരവ് ഉറപ്പാക്കുകയാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഇതുവഴി ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് കേരളം നേടുകയെന്നും മന്ത്രി പറഞ്ഞു.

പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കേരളം മുന്നില്‍

കേരളം അടുത്തിടെ നടത്തിയ ഇന്‍വെസ്റ്റ്‌മെന്റ് കേരള നിക്ഷേപക സംഗമത്തില്‍ ഏകദേശം 1,90,000 കോടിയ്ക്കടുത്ത് നിക്ഷേപ താത്പര്യം ലഭിച്ചു. ഇതില്‍ നാലിലൊന്നും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞു. നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഇന്ത്യയുടെ ശരാശരി അനുപാതം10-15 ശതമാനമാണെന്നിരിക്കെയാണ് കേരളം 25 ശതമാനം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഇന്‍വെസ്റ്റ്‌മെന്റ് കേരളയില്‍ പ്രഖ്യാപിച്ച അദാനി ഗ്രൂപ്പിന്റെ എഴുപത് ഏക്കറിലെ‍ ലോജിസ്റ്റിക് പാര്‍ക്ക് ഉള്‍പ്പെടെ 98 പദ്ധതികള്‍ക്ക് ഇതിനകം തറക്കല്ലിട്ടു. 2026 ജനുവരിയോടെ 40 ശതമാനം പദ്ധതികള്‍ യാഥാര്‍ത്ഥമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ കാലിഫോര്‍ണിയയായി കേരളമാറ്റുകയാണ് ലക്ഷ്യം. ഗ്രാഫിക്‌സ്, ജെഎന്‍ എ.ഐ തുടങ്ങിയ മേഖലകളില്‍ കേരളം മുന്നിലാണ്. കേരളത്തിന്റെ ടാലന്റ് പൂള്‍ ഗ്രോത്ത് 172 ശതമാനമാണ്. ടാലന്റ് പൂളില്‍ 9-ാം സ്ഥാനത്തുമാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ 40,000 പ്രഫഷണലുകള്‍ റിവേഴ്‌സ് മൈഗ്രേഷന്‍ നടത്തിയെന്നതും ശ്രദ്ധേയമാണ്. ലിങ്ക്ഡ് ഇന്‍ അക്കൗണ്ടിലെ പ്രൊഫൈല്‍ ചെയ്ഞ്ച് മാത്രം കണക്കിലെടുത്തുള്ളതാണിത്. കണക്കുകള്‍ ഇതിലും കൂടുതലാണ്. ഇതുവഴി കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് ചേക്കേറുന്നുണ്ട്.

ഇവരെയൊക്കെ ഉള്‍ക്കൊള്ളാനുള്ള ശ്രമങ്ങള്‍ കേരളം നടത്തി വരുന്നു. ഇന്ത്യയില്‍ ആദ്യമായി ജെന്‍.എ.ഐ കോണ്‍ക്ലേവ് നടത്തിയത് കേരളമാണ്. ഇ.എസ്.ജി പോളിസി കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇവിടെ ഒന്നും നടക്കില്ല എന്ന കാഴ്ചപ്പാട് ശക്തമായി പോയതാണ് കേരളത്തിന്റെ പ്രശ്‌നം. പക്ഷെ യാഥാര്‍ഥ്യം അതല്ല. ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിര്‍മിക്കുന്ന കമ്പനി, ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കൃത്രിമ പല്ല് നിര്‍മിക്കുന്ന കമ്പനി ഒക്കെ കേരളത്തിലാണ് എന്നത് വളരെ അഭിമാനകരമാണ്. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏഴ് ദിവസം കൊണ്ട് ഓണ്‍ലൈനില്‍ എല്ലാ അനുമതികളും സ്വന്തമാക്കാമെന്ന് സംരംഭകര്‍ തന്നെ പറയുന്ന അവസ്ഥയിലെത്തിക്കാനായിട്ടുണ്ട്.

ധനം എംഎസ്എംഇ സമ്മിറ്റില്‍ വ്യവസായ മന്ത്രി പി. രാജീവ് പ്രസംഗിക്കുന്നു.

ഇന്‍വെസ്റ്റ് കേരള നിക്ഷേപ സംഗമത്തിനു ശേഷം സംരംഭകര്‍ക്കായി 100ലധികം നിയമങ്ങള്‍ എല്‍.എസ്.ജി.ഡി മാറ്റം വരുത്തി. ഇപ്പോള്‍ ബില്‍ഡിംഗ് റൂളുകളും മാറ്റും വരുത്തുകയാണ്. ഇനി വീടുകളിലും സംരംഭം തുടങ്ങാം. വീടുകളിലെ 50 ശതമാനം വരെ ഇതിനായി ചെലവഴിക്കാം. സര്‍ക്കാര്‍ സ്‌കില്‍ അപ്‌ഡേറ്റ് ചെയ്തു നല്‍കും. അതേപോലെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ പൂര്‍ണമായും സംരംഭങ്ങള്‍ തുടങ്ങാനായി ഉപയോഗിക്കാവുന്ന നിയമവും ഉടന്‍ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കേരളത്തില്‍ കെ.സിഫ്റ്റ് വഴി രണ്ട് മിനിറ്റില്‍ വ്യവസായം തുടങ്ങാം. നിയമപരമാണെന്ന് ഉറപ്പാക്കിയാല്‍ മാത്രം മതി മൂന്നര വര്‍ഷത്തേക്ക് ഡീംഡ് ലൈസന്‍സ് ലഭിക്കാന്‍. മൂന്നര വര്‍ഷത്തിനുള്ളില്‍ എപ്പോഴെങ്കിലും ലൈസന്‍സ് എടുത്താല്‍ മതി.

വീട്ടിലിരിക്കുന്ന അതിനൈപുണ്യമുള്ള തൊഴിലാളികള്‍ നിരവധിയുണ്ട്. അവര്‍ക്ക് വീടുകളില്‍ തന്നെ ജോലി ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടത്തി വരുന്നു. കൂടാതെ ഹൈടെക് മാനുഫാക്ചറിംഗ് ഫ്രെയിം വര്‍ക്ക് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 13ന് ഹയാത്തില്‍ വിമണ്‍ എന്‍ട്രപ്രണേഴ്‌സ് കോണ്‍ക്ലേവ് നടത്തുകയാണ്. സ്ത്രീയുടെ സംരംഭമാണ്ന മ്മുടെ മാറ്റം എന്നതാണ് ഇതിന്റെ പ്രമേയം.

വ്യവസായ ഇടനാഴി നടപ്പാക്കുന്നതിലും കേരളം മുന്നില്‍

രാജ്യത്തെ 12 വ്യവസായ ഇടനാഴികളില്‍ ആദ്യം സ്ഥലം ഏറ്റെടുത്ത് നല്‍കി പദ്ധതി തുടങ്ങുന്നത് കേരളമാണെന്ന് മന്ത്രി പറഞ്ഞു. കേരളം മാത്രമാണ് ഇത് പൂര്‍ത്തീകരിച്ചതെന്നത് അഭിമാനിക്കാവുന്നതാണ്. ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാര്‍ട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ കേരളം പൂര്‍ത്തിയാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സജീവ് മഞ്ഞില, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, മണപ്പുറം ഫിനാന്‍സ് എംഡി വി.പി നന്ദകുമാര്‍, ധനം ബിസിനസ് മീഡിയ ചീഫ് എഡിറ്ററും ചെയര്‍മാനുമായ കുര്യന്‍ ഏബ്രഹാം, എം.എസ്.എം.ഇ ഡെവലപ്‌മെന്റ് ആന്‍ഡ് ഫസിലിറ്റേഷന്‍ ഓഫീസ് ജോയിന്റ് ഡയറക്റ്ററും മേധാവിയുമായ ജി.എസ് പ്രകാശ്, തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് പദ്മകുമാര്‍, എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്റ്ററുമായ മരിയ ഏബ്രഹാം, ഡയറക്ടറും വൈസ് പ്രസിഡന്റുമായ വിജയ് കുര്യന്‍ ഏബ്രഹാം, ഫ്രാഞ്ചൈസിംഗ് വിദഗ്ധന്‍ ഡോ. ചാക്കോച്ചന്‍ മത്തായി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച സമ്മിറ്റില്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പ്രഭാഷണങ്ങള്‍ നടത്തി. ബിസിനസ് വളര്‍ത്താനുള്ള വിഭിന്ന രീതികള്‍ വിശദമാക്കുന്ന പാനല്‍ ചര്‍ച്ചകളും സമ്മിറ്റിനോട് അനുബന്ധിച്ച് നടന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT