Business Kerala

ധനം സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ അവാർഡ് ഐറോവ് ടെക്നോളജീസിന്, വലിയ അംഗീകാരമായി കാണുന്നതായി ജോൺസ് ടി. മത്തായി

മറൈന്‍ റോബോട്ടിക്‌സ് & എഐ രംഗത്ത് ഫ്യൂച്ചറിസ്റ്റായ ഉല്‍പ്പന്നങ്ങളാണ് ഐറോവ് ഇതിനകം വികസിപ്പിച്ചെടുത്തിരിക്കുന്നത്

Dhanam News Desk

ധനം സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ 2026 അവാർഡിന് ഐറോവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് അര്‍ഹമായി. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജോൺസ് ടി മത്തായിക്കും സിടിഒ കണ്ണപ്പ പളനിയപ്പനും അവാര്‍ഡ് സമ്മാനിച്ചു. ധനം ബിസിനസ് മീഡിയയുടെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ കുര്യൻ എബ്രഹാം, മുൻ നഗരവികസന മന്ത്രാലയ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. എം. രാമചന്ദ്രൻ ഐഎഎസ്, പ്രമുഖ എഴുത്തുകാരന്‍ പോൾ റോബിൻസൺ, ധനം ബിസിനസ് മീഡിയ ഡയറക്ടറും വൈസ് പ്രസിഡന്റുമായ വിജയ് കുര്യൻ എബ്രഹാം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നതായി ജോൺസ് ടി. മത്തായി പറഞ്ഞു. 2017 മുതലുള്ള സ്ഥാപനത്തിന്റെ യാത്ര തുടക്കത്തില്‍ ബുദ്ധിമുട്ടേറിയതായിരുന്നു. കൊച്ചിയില്‍ വന്ന് കമ്പനി തുടങ്ങുന്നതില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുളള പിന്തുണ കമ്പനിയെ വളരെയധികം സഹായിച്ചു. ഇപ്പോള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകാന്‍ സാധിക്കുന്നുണ്ടെന്നും ജോൺസ് ടി. മത്തായി പറഞ്ഞു.

ആഴങ്ങളില്‍ തുറന്നിരിക്കുന്ന കണ്ണ്

സമുദ്രങ്ങളുടെ മേല്‍ത്തട്ട് മുതല്‍ ആഴങ്ങളിലേക്ക് വരെ തുറന്നിരിക്കുന്ന കണ്ണുമായി ഐറോവ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. മറൈന്‍ റോബോട്ടിക്‌സ് എന്റര്‍പ്രൈസ് രംഗത്തെ മുന്‍പേ ഗമിക്കുന്നവരാണിവര്‍. 2016ല്‍ ജോണ്‍സ് ടി മത്തായി, കണ്ണപ്പ പളനിയപ്പന്‍ പി എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട ഐറോവ് അണ്ടര്‍വാട്ടര്‍ എക്‌സ്‌പ്ലൊറേഷന്‍, ഇന്‍സ്‌പെക്ഷന്‍, റിസര്‍ച്ച് തുടങ്ങി വ്യക്തതയും കൃത്യതയും ഏറെ ആവശ്യമുള്ള രംഗങ്ങളില്‍ മികവുറ്റ സേവനങ്ങളും ഉല്‍പ്പന്നളും ലഭ്യമാക്കുന്നു. ഇതിനകം 150 ലേറെ പദ്ധതികള്‍ ഇവര്‍ പൂര്‍ത്തീയാക്കിയിട്ടുണ്ട്.

അഞ്ചിലേറെ രാജ്യങ്ങളിലും സാന്നിധ്യം. മറൈന്‍ റോബോട്ടിക്‌സ് & എഐ രംഗത്ത് ഫ്യൂച്ചറിസ്റ്റായ ഉല്‍പ്പന്നങ്ങളാണ് ഐറോവ് ഇതിനകം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യന്‍ നേവിയില്‍ നിന്ന് 47 കോടി രൂപ മൂല്യമുള്ള കരാര്‍ സ്വന്തമാക്കിയ കമ്പനിയില്‍ കെ ചിറ്റിലപ്പിള്ളി ട്രസ്റ്റ് ഉള്‍പ്പടെയുള്ളവര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ടാറ്റാ പവര്‍, ഒഎന്‍ജിസി, അദാനി പോര്‍ട്‌സ്, ഡിആര്‍ഡിഒ തുടങ്ങിയ വമ്പന്മാര്‍ ഐറോവിന്റെ ഉപഭോക്തൃനിരയിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT