Business Kerala

കേരളത്തിലെ ആയിരം കോടി കമ്പനികളെ അവതരിപ്പിച്ച് ധനം 'പവര്‍ ലിസ്റ്റ് 2025'

Dhanam News Desk

കേരളത്തില്‍ നിന്ന് 1,000 കോടിയിലധികം വാര്‍ഷിക വിറ്റുവരവ് നേടിയ കമ്പനികളെ അവതരിപ്പിക്കുന്ന ധനം 'പവര്‍ലിസ്റ്റ് 2025' പുറത്തിറക്കി. എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് സ്വതന്ത്ര ഡയറക്ടര്‍ ടി.സി സുശീല്‍ കുമാര്‍ പ്രമുഖ വാല്യു ഇന്‍വെസ്റ്ററും ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്തിന് നല്‍കി പ്രകാശനം ചെയ്തു.

ധനം ബിസിനസ് മീഡിയ ചീഫ് ഡയറക്ടര്‍ കുര്യന്‍ ഏബ്രഹാം, ഡയറക്ടറും എക്സിക്യൂട്ടീവ് എഡിറ്ററുമായ മരിയ ഏബ്രഹാം, ധനം ബിസിനസ് മീഡിയ റിസര്‍ച്ച് ഹെഡ് സഞ്ജയ് ഏബ്രഹാം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ധനം അവാര്‍ഡ് ജൂറി അംഗവുമായ എം.കെ ദാസ് എന്നിവരും സന്നിഹിതരായി. 60 ലധികം കമ്പനികളടങ്ങിയ ധനം പവര്‍ ലിസ്റ്റ് ജൂലൈ ഒന്നിന് ധനം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും. വായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. കേരളം ആസ്ഥാനമായുള്ള, 2025 സാമ്പത്തിക വര്‍ഷത്തില്‍ 1,000 കോടിയിലധികം വിറ്റുവരവ് നേടിയ കമ്പനികളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ട്രസ്റ്റുകള്‍, പൂര്‍ണമായ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി പോലുള്ള ചില വ്യത്യസ്തമായ പ്രവര്‍ത്തന മോഡലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. സംരംഭകത്വ കാഴ്ചപ്പാടോടെ മാര്‍ക്കറ്റ് അധിഷ്ഠിത വളര്‍ച്ച ലക്ഷ്യമിട്ടുള്ള സ്ഥാപനങ്ങളിലേക്ക് മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

കമ്പനികള്‍ വെളിപ്പെടുത്തിയതും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗ്, കമ്പനികാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുമാണ് വിവരങ്ങള്‍ സമാഹരിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ലഭ്യമല്ലാത്ത കമ്പനികളുടെ കാര്യത്തില്‍ തൊട്ട് മുന്‍വര്‍ഷത്തെ കണക്ക് ആധാരമാക്കിയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഓഡിറ്റ് ചെയ്ത കണക്കുള്‍ക ലഭ്യമല്ലാത്ത കേസുകളില്‍ പ്രൊവിഷണല്‍ ഡേറ്റകളെയും ആശ്രയിച്ചിട്ടുണ്ട്.

ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2025ലാണ് ധനം പവര്‍ ലിസ്റ്റ് പുറത്തിറക്കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT