Business Kerala

ധനം വുമണ്‍ എന്റർപ്രണര്‍ അവാര്‍ഡ് ശാലിനി ജെയിംസിന്; വിജയത്തിന് പിന്നിൽ ഒത്തൊരുമയോടെ പ്രവർത്തിച്ച ടീമെന്ന് പ്രതികരണം

പ്രതിഭാധനരായ കാലാകാരന്മാരെ സാമ്പത്തികമായി ശാക്തീകരിക്കുന്ന ഫാഷന്‍ ബ്രാന്‍ഡ്

Dhanam News Desk

ധനം വുമണ്‍ എന്റർപ്രണര്‍ ഓഫ് ദ ഇയര്‍ 2026 അവാര്‍ഡിന് മന്ത്രയുടെ സ്ഥാപകയും ലീഡ് ഡിസൈനറുമായ ശാലിനി ജെയിംസ് അര്‍ഹയായി. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അവാര്‍ഡ് സമ്മാനിച്ചു. ഡോ. എം. രാമചന്ദ്രൻ ഐഎഎസ്, ധനം ബിസിനസ് മീഡിയയുടെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ കുര്യൻ എബ്രഹാം, എക്സിക്യുട്ടിവ് എഡിറ്ററും ഡയറക്ടറുമായ മരിയ എബ്രഹാം, അസോസിയേറ്റ് എഡിറ്റര്‍ ടി.എസ്. ഗീന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

അംഗീകാരത്തില്‍ വാക്കുകള്‍ക്ക് അതീതമായ സന്തോഷമുളളതായി ശാലിനി ജെയിംസ് പറഞ്ഞു. ഈ അംഗീകാരം തന്റെ മുഴുവന്‍ ടീമിനും സമര്‍പ്പിക്കുകയാണ്. തന്റെ കൂടെ ജോലി ചെയ്യുന്ന കൈത്തറി നെയ്ത്തുകാരുടെയും കരകൗശല വിദഗ്ധരുടെയും സേവനം അവിസ്മരണീയമാണ്. കുടുംബത്തിന്റെ പിന്തുണ തനിക്ക് നല്‍കുന്ന ഊര്‍ജം വളരെ വലുതാണെന്നും ശാലിനി ജെയിംസ് പറഞ്ഞു.

ഫാഷന് പുതിയ നിര്‍വചനം

നമ്മുടെ നാടിന്റെ, രാജ്യത്തിന്റെ അതിസമ്പന്നമായ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന, പ്രതിഭാധനരായ കാലാകാരന്മാരെ സാമ്പത്തികമായി ശാക്തീകരിക്കുന്ന ഒരു ഫാഷന്‍ ബ്രാന്‍ഡ്; അതും കേരളത്തില്‍ നിന്ന്. മന്ത്രയിലൂടെ ശാലിനി ജെയിംസ് സാധ്യമാക്കിയത് അതാണ്. രണ്ട് ദശാബ്ദത്തിലേറെക്കാലമായി കണ്ടംപററി ഇന്ത്യന്‍ ഫാഷനെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുകയാണ് മന്ത്ര. കലാവൈഭവം, സംസ്‌കാരം, നൂതനത്വം ഇവയില്‍ വേരുറപ്പിച്ചുനിന്നുകൊണ്ട് കേരളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഫാഷന്‍ ബ്രാന്‍ഡ് ശാലിനി ജെയിംസ് കെട്ടിപ്പടുത്തിരിക്കുന്നു. ഇംഗ്ലീഷില്‍ ബിരുദമെടുത്ത ശേഷം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ നിന്ന് ബെസ്റ്റ് കണ്‍സ്ട്രക്റ്റഡ് ഡിസൈന്‍ അവാര്‍ഡോടെ പഠനം പൂര്‍ത്തിയാക്കിയ ശാലിനി ജെയിംസിലെ സംരംഭകയെ തേച്ചുമിനുക്കിയത് ഐഐഎം കൊല്‍ക്കത്തയിലെ ബിസിനസ് മാനേജ്‌മെന്റിലെ എക്‌സിക്യൂട്ടിവ് പ്രോഗ്രാമാണ്.

കേരളത്തില്‍ ഡിസൈനര്‍ ഫാഷന്‍ ഔട്ട്‌ലെറ്റുകള്‍ ഒന്നും തന്നെയില്ലാത്ത കാലത്ത് 2003ല്‍ ഇന്ത്യയുടെ ടെക്‌സ്റ്റൈയില്‍ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചും കേരളത്തിലെ ഫാഷന്‍ ഇക്കോസിസ്റ്റത്തില്‍ അര്‍ത്ഥവത്തായ ഇടപെടല്‍ ലക്ഷ്യമിട്ടുമാണ് മന്ത്രയ്ക്ക് ശാലിനി ജെയിംസ് തുടക്കമിടുന്നത്. ഇന്ന് രാജ്യത്തെ നൂറുകണക്കിന് കലാകാരന്മാര്‍ക്കും കരകൗശല പ്രതിഭകള്‍ക്കും കൈത്താങ്ങാകുന്ന പ്രസ്ഥാനമായി ഇത് മാറിയിരിക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി മന്ത്രയ്ക്ക് മൂന്ന് സ്റ്റോറുകളുണ്ട്. സംരംഭകത്വ, ഫാഷന്‍ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങളും ശാലിനി ജെയിംസിനെ ഇതിനകം തേടിയെത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT