പെട്രോള്‍ പമ്പുകളില്‍ 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ (UPI) പെയ്മെന്റുകള്‍ സ്വീകരിക്കില്ലെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOCL) വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ പെട്രോള്‍ പമ്പുകളില്‍ 2,000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ നിര്‍ത്തിവെക്കുമെന്നും സെപ്റ്റംബര്‍ 23-ന് ഇന്ദോറില്‍ 'നോ യു.പി.ഐ ഡേ' (No-UPI Day) ആചരിക്കുമെന്നുമായിരുന്നു പ്രചാരണം.
ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ചാര്‍ജുകളില്‍ പ്രതിഷേധിച്ചാണ് പെട്രോള്‍ പമ്പ് ഉടമകള്‍ യു.പി.ഐ ഇടപാടുകള്‍ നിയന്ത്രിക്കുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയ സന്ദേശങ്ങളിലെ അവകാശവാദം. എന്നാല്‍ പെട്രോളിയം ഡീലര്‍മാര്‍ ആരും തന്നെ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍അറിയിച്ചു. പെട്രോളിയം ഡീലര്‍മാരുമായി ബന്ധമില്ലാത്ത ചില വ്യക്തികളാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്.
പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും, ഇത്തരത്തില്‍ 'നോ യു.പി.ഐ ഡേ' ആചരിക്കുന്നതിനെക്കുറിച്ച് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പെട്രോള്‍ പമ്പുകളിലെ ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ സാഹചര്യം ഫെഡറേഷന്‍ ഓഫ് പെട്രോള്‍ ട്രേഡേഴ്സ് ദേശീയ വൈസ് പ്രസിഡന്റ് ആര്‍. ശബരി ധനം ഓണ്‍ലൈനോട് വിശദീകരിച്ചു. യു.പി.ഐ ഇടപാടുകള്‍ക്ക് ആകെ വരുന്ന 0.4% തുകയില്‍ 20% സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും ബാക്കി 40% വീതം സ്വീകരിക്കുന്നതും അയക്കുന്നതുമായ ബാങ്കുകള്‍ക്കുമാണ് ലഭിക്കുന്നത്. എന്നാല്‍ ഡീലര്‍മാര്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ നിശ്ചയിക്കുമ്പോള്‍ നിലവില്‍ ഈ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ഫാക്ടര്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍, പെട്രോള്‍-ഡീസല്‍ ഡീലര്‍മാരുടെ കമ്മീഷന്‍ ഘടനയില്‍ ഈ ചിലവ് കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ പെട്രോള്‍ പമ്പുകളിലെ 50 ശതമാനത്തിലധികം ഇടപാടുകളും യു.പി.ഐ വഴിയാണ് നടക്കുന്നത്. വലിയ തുകകളുടെ ക്രെഡിറ്റ് ഇടപാടുകള്‍ പോലും ഇപ്പോള്‍ യു.പി.ഐ വഴിയാണ് ഉപഭോക്താക്കള്‍ പൂര്‍ത്തിയാക്കുന്നത്. ബാങ്ക് ചാര്‍ജുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 15-ന് മുന്‍പായി കേന്ദ്ര മന്ത്രാലയം അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഈ അടിയന്തര ചിലവുകളോ ഡിജിറ്റല്‍ പെയ്മെന്റ് പ്രശ്‌നങ്ങളോ ഉപഭോക്താക്കളെ യാതൊരു കാരണവശാലും ബാധിക്കില്ലെന്നും ഡിജിറ്റല്‍ പെയ്മെന്റുകള്‍ തടസമില്ലാതെ തുടരുമെന്നും ആര്‍. ശബരി ധനം ഓണ്‍ലൈനോട് വ്യക്തമാക്കി.
പെട്രോള്‍ പമ്പുകളില്‍ ഡിജിറ്റല്‍ പെയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഡീലര്‍മാര്‍ മുന്‍പന്തിയിലുണ്ട്. അതിനാല്‍ പെട്രോളോ ഡീസലോ അടിക്കുമ്പോള്‍ യു.പി.ഐ പെയ്മെന്റുകള്‍ തടസ്സപ്പെടുമെന്ന ഭയം ഉപഭോക്താക്കള്‍ക്ക് വേണ്ട. കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പുകളിലും യു.പി.ഐ വഴിയുള്ള ഇടപാടുകള്‍ സാധാരണ നിലയില്‍ തന്നെ തുടരും.
ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളും സോഷ്യല്‍ മീഡിയ സന്ദേശങ്ങളും വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും ഇന്ത്യന്‍ ഓയിലും വ്യാപാരി സംഘടനാ പ്രതിനിധികളും അഭ്യര്‍ത്ഥിക്കുന്നുമുണ്ട്.
Indian Oil clarifies that viral social media claims regarding 'No-UPI Day' and transaction limits on fuel payments are completely false.
Read DhanamOnline in English
Subscribe to Dhanam Magazine