Business Kerala

ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചോ? അറിയാന്‍ എളുപ്പവഴിയുണ്ട്

ഫേസ് ഓതന്റിക്കേഷന്‍ വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള 6 ഘട്ടങ്ങള്‍ അറിയാം

Dhanam News Desk

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അഥവാ ജീവന്‍ പ്രമാണ്‍ പത്ര. പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുന്നതിനായി എല്ലാ വര്‍ഷവും നവംബര്‍ 30-നകം ഇത് സമര്‍പ്പിക്കേണ്ടതുണ്ട്. ബയോമെട്രിക് സംവിധാനം വഴി വീട്ടിലിരുന്ന് പോലും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിക്കും. പക്ഷേ നിങ്ങള്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പെന്‍ഷന്‍ വിതരണ ഏജന്‍സി സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്താല്‍ അത് എങ്ങനെ അറിയാം? അതിനുള്ള വഴിയാണ് ഇനി പറയുന്നത്.

ആദ്യം jeevanpramaan.gov.in എന്ന വെബ്‌സൈറ്റ് തുറക്കുക. ഇതില്‍ നിന്ന് നിങ്ങള്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ഡൗണ്‍ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ താഴെയായി ഒരു മെസേജ് കാണാനാകും.

പെന്‍ഷന്‍ വിതരണ ഏജന്‍സി നിങ്ങളുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചെങ്കില്‍ അത് സംബന്ധിച്ച സന്ദേശം സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകും. ഇനി സര്‍ട്ടിഫിക്കറ്റ് നിരസിച്ചാലും അതിന്റെ കാരണം സഹിതമുള്ള സന്ദേശം ഇവിടെ കാണിക്കും.

ഇനി സര്‍ട്ടിഫിക്കറ്റ് നിരസിച്ചാല്‍ എന്തുചെയ്യണമെന്നു കൂടി അറിഞ്ഞോളു. നിങ്ങള്‍ നല്‍കിയ വിവരങ്ങളിലെ പിശകുകള്‍ മൂലമോ ബയോമെട്രിക് കൃത്യമാകാത്തതിനാലോ ആകും ഇത് നിരസിക്കുക. അതുകൊണ്ട് പരിഭ്രമിക്കേണ്ടതില്ല. പുതിയൊരു ജീവന്‍ പ്രമാണ്‍ വീണ്ടും ജനറേറ്റ് ചെയ്ത് സമര്‍പ്പിച്ചാല്‍ മതി.

പുതിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പര്‍, PPO നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തുക. ആധാര്‍ ഫേസ് ആര്‍ഡി ആപ്പ്, ജീവന്‍ പ്രമാണ്‍ ഫേസ് ആപ്പ് എന്നിവ ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണ്‍ വഴി എളുപ്പത്തില്‍ പുതിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിക്കും.

ലൈഫ് സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചാല്‍ മാത്രമേ അടുത്ത വര്‍ഷവും പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുകയുള്ളൂ. അതിനാല്‍ അവസാന തീയതിക്ക് മുന്‍പ് സ്റ്റാറ്റസ് പരിശോധിക്കാന്‍ മറക്കണ്ട.

ഫേസ് ഓതന്റിക്കേഷന്‍ വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള 6 ഘട്ടങ്ങള്‍

സ്റ്റെപ് 1: 5 എം.പി (MP) ഫ്രണ്ട് ക്യാമറയും ഇന്റര്‍നെറ്റ് കണക്ഷനുമുള്ള ഏതെങ്കിലും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുക.

സ്റ്റെപ് 2: പെന്‍ഷന്‍ വിതരണ അതോറിറ്റിയില്‍ (ബാങ്ക്, പോസ്റ്റ് ഓഫീസ്, അല്ലെങ്കില്‍ മറ്റ് അതോറിറ്റി) രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിങ്ങളുടെ ആധാര്‍ നമ്പര്‍ കൈയില്‍ കരുതുക.

സ്റ്റെപ് 3: ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആധാര്‍ ഫേസ് ആര്‍ഡി (AadhaarFaceRD) ആപ്പും ജീവന്‍ പ്രമാണ്‍ ഫേസ് ആപ്പും (Jeevan Pramaan Face App) ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

സ്റ്റെപ് 4: ഓപ്പറേറ്ററുടെ (Operator) ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ഓപ്പറേറ്ററുടെ മുഖം സ്‌കാന്‍ ചെയ്യുകയും ചെയ്യുക. (പെന്‍ഷന്‍കാര്‍ക്ക് സ്വയം ഓപ്പറേറ്ററായി പ്രവര്‍ത്തിക്കാം.)

സ്റ്റെപ് 5: ആപ്പില്‍ പെന്‍ഷനറുടെ വിവരങ്ങള്‍ (PPO നമ്പര്‍, പെന്‍ഷന്‍ അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ) നല്‍കുക.

സ്റ്റെപ് 6: സ്മാര്‍ട്ട്ഫോണിന്റെ ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് വ്യക്തമായ ചിത്രം എടുത്ത് (ഫേസ് സ്‌കാന്‍) സമര്‍പ്പിക്കുക.

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ജീവന്‍ പ്രമാണ്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കോടുകൂടിയ ഒരു എസ്.എം.എസ്. ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT