Business Kerala

ലാഭത്തിളക്കത്തില്‍ കല്യാണ്‍ ജൂവലേഴ്സ്; മൂന്നാം പാദത്തില്‍ ലാഭം 90% വര്‍ധിച്ച് ₹416 കോടിയായി, ഓഹരിക്കും സ്വര്‍ണത്തിളക്കം

മറ്റ് ജുവലറി ഓഹരികളും ഇന്ന് വലിയ കുതിപ്പിലാണ്, കാരണം അറിയാം

Dhanam News Desk

ഇന്ത്യന്‍ വിപണിയിലെ ശക്തമായ സ്വര്‍ണ ഡിമാന്‍ഡിന്റെ കരുത്തില്‍ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡിന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ (Q3 FY26) റെക്കോര്‍ഡ് ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 219 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 90 ശതമാനം വര്‍ധിച്ച് 416 കോടി രൂപയിലെത്തി.

കമ്പനിയുടെ ആകെ വരുമാനത്തിലും മികച്ച വളര്‍ച്ച രേഖപ്പെടുത്തി. മുന്‍വര്‍ഷം മൂന്നാം പാദത്തിലെ 7,278 കോടി രൂപയില്‍ നിന്ന് സംയോജിത വരുമാനം 42 ശതമാനം ഉയര്‍ന്ന് 10,343 കോടി രൂപയായി വര്‍ധിച്ചു.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സംയോജിത വരുമാനം മാത്രം 42 ശതമാനത്തോളം വര്‍ധിച്ച് 9,048 കോടി രൂപയായി. ലാഭം 84 ശതമാനം ഉയര്‍ന്ന് 401 കോടി രൂപയുമായി. വിവാഹ സീസണും ഉത്സവകാല ഡിമാന്‍ഡുമാണ് കമ്പനിക്ക് തുണയായത്.

രാജ്യാന്തര ബിസിനസിലും മികച്ച വളര്‍ച്ചയുണ്ട്. വരുമാനം 38 ശതമാനം വര്‍ധിച്ച് 1,164 കോടി രൂപയിലെത്തി. ലാഭം 64 ശതമാനം ഉയര്‍ന്ന് 12 കോടി രൂപയുമായി.

കാന്‍ഡിയറിന്റെ തിരിച്ചുവരവ്

കല്യാണിന്റെ ലൈഫ്സ്റ്റൈല്‍ ജ്വല്ലറി ബ്രാന്‍ഡായ 'കാന്‍ഡിയര്‍' ഈ പാദത്തില്‍ ലാഭത്തിലേക്ക് തിരിച്ചെത്തി എന്നത് ശ്രദ്ധേയമാണ്. ബ്രാന്‍ഡിന്റെ വരുമാനം 144 ശതമാനം വര്‍ധിച്ച് 135 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 7 കോടി രൂപ നഷ്ടത്തിലായിരുന്ന ബ്രാന്‍ഡ് ഇത്തവണ 3 കോടി രൂപ ലാഭം രേഖപ്പെടുത്തി.

2025 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പത് മാസക്കാലയളവില്‍ കമ്പനിയുടെ ആകെ വരുമാനം 35 ശതമാനം വര്‍ധിച്ച് 25,468 കോടി രൂപയായും അറ്റാദായം 79 ശതമാനം വര്‍ധിച്ച് 941 കോടി രൂപയായും ഉയര്‍ന്നു.

സ്വര്‍ണവിലയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും പാദത്തിന്റെ തുടക്കം മികച്ചതായിരുന്നുവെന്നും നിലവിലെ വിവാഹ സീസണിലും മികച്ച ഡിമാന്‍ഡ് പ്രതീക്ഷിക്കുന്നതായും കല്യാണ്‍ ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

സ്വര്‍ണ തിളക്കത്തില്‍ ഓഹരി

കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ ഇന്ന് വലിയ കുതിപ്പിലാണ്. രാവിലെ 10 ശതമാനത്തിലധികം ഉയര്‍ന്ന ഓഹരി വില 418 രൂപയിലെത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ വില 424 രൂപ വരെ എത്തിയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി വിലയില്‍ ഒന്ത് ശതമാനം മുന്നേറ്റമാണ് ഉണ്ടായത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് 457 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയ ഓഹരിയാണിത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാര്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഓഹരി വിപണിയിലെ ജുവലറി മേഖലയിലുണ്ടായ കുതിപ്പും ഓഹരിക്ക് സഹായകമായി. കയറ്റുമതി മേഖലയില്‍ വലിയ ഉണര്‍വ് പ്രതീക്ഷിക്കുന്ന കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ മറ്റ് പ്രമുഖ ജ്വല്ലറി ഓഹരികളും വലിയ നേട്ടമുണ്ടാക്കി.

സെന്‍കോ ഗോള്‍ഡ് (7 ശതമാനവും പി.എന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്‌സ് 6 ശതമാനവും നേട്ടമുണ്ടാക്കി. ടൈറ്റന്‍ കമ്പനി , തങ്കമയില്‍ ജ്വല്ലറി, പി.സി ജ്വല്ലേഴ്‌സ് എന്നിവയും മികച്ച മുന്നേറ്റം കാഴ്ചവെച്ചു.

ഇന്ത്യയും യുഎസും സംയുക്തമായി പുറപ്പെടുവിച്ച ഇടക്കാല വ്യാപാര കരാര്‍ പ്രകാരം രത്‌ന-ആഭരണ മേഖലയിലെ കയറ്റുമതി തീരുവകളില്‍ വ്യക്തത വരും. നിലവില്‍ ഇന്ത്യന്‍ ആഭരണങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് അമേരിക്ക. വരും വര്‍ഷങ്ങളില്‍ തീരുവകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള സാധ്യതയും ഈ കരാര്‍ മുന്നോട്ടുവെക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ആഭരണ കയറ്റുമതിയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. പുതിയ കരാറിലൂടെ രത്‌ന-ആഭരണ മേഖലയ്ക്ക് പഴയ പ്രതാപം തിരിച്ചുപിടിക്കാനാകുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT