Image : Canva 
Business Kerala

എല്‍പിജി ക്ഷാമത്തിനിടെ ഹോട്ടലുകള്‍ക്ക് ഇരുട്ടടിയായി വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ വര്‍ധന; ഒറ്റയടിക്ക് കൂടിയത് 195.50 രൂപ

മാര്‍ച്ചില്‍ ഇതിനോടകം രണ്ട് തവണയായി 142.5 രൂപയോളം വര്‍ധിപ്പിച്ചിരുന്നു

Dhanam News Desk

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഹോട്ടലുകള്‍ അടക്കമുള്ള ബിസിനസ് മേഖലയ്ക്ക് തിരിച്ചടിയായി വാണിജ്യ പാചകവാതക വില വര്‍ധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 2,078.50 രൂപയായി ഉയര്‍ന്നു.

കൊച്ചിയില്‍ പുതിയ വര്‍ധനയോടെ വാണിജ്യ സിലിണ്ടര്‍ വില 2,092 രൂപയായി. കോഴിക്കോട് 2,214.5 രൂപയും തിരുവനന്തപുരത്ത് 2,113 രൂപയുമാണ് നിലിവിലെ വില. മാര്‍ച്ചില്‍ ഇതിനോടകം രണ്ട് തവണയായി 142.5 രൂപയോളം വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

എന്തുകൊണ്ട് ഈ വിലവര്‍ധന?

പശ്ചിമേഷ്യന്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ അസ്ഥിരതയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഏകദേശം 50 ശതമാനത്തോളം ഉയരാന്‍ കാരണമായിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് എണ്ണ വിപണന കമ്പനികള്‍ വില പുതുക്കി നിശ്ചയിച്ചത്.

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയെയാണ് ഈ വിലക്കയറ്റം നേരിട്ട് ബാധിക്കുക. ഭക്ഷണ സാധനങ്ങളുടെ വില ഉയരാന്‍ ഇത് ഇടയാക്കിയേക്കാം.

അതേസമയം, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി 14.2 കിലോ സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. മാര്‍ച്ചില്‍ ഗാര്‍ഹിക സിലിണ്ടറിന് 60 രൂപ വര്‍ധിപ്പിച്ചിരുന്നു.

ഹോട്ടല്‍ മേഖലയ്ക്ക് ഇരട്ട പ്രഹരം

വാണിജ്യ സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാകാത്തത് ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ വില വര്‍ധന. ഇപ്പോഴത്തെ സാഹചര്യത്തില്‍ വില വര്‍ധിപ്പിച്ചതില്‍ തെറ്റുപറയാനില്ലെങ്കിലും അടിയന്തരമായി എല്‍.പി.ജി വിതരണം പുനസ്ഥാപിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ പ്രതികരിച്ചു.

അടിയന്തിരമായി എല്‍.പി.ജി വിതരണം നടത്തണമെന്ന് സര്‍ക്കാര്‍ ഓര്‍ഡര്‍ ഇറക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതിനു പരിഹാരമുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 50 ശതമാനം ഹോട്ടലുകളും അടഞ്ഞു കിടക്കുകയാണ്. പല ഹോട്ടലുകളും ഭക്ഷണസാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ടാണ് ഇപ്പോഴത്തെ പ്രതിസന്ധി നേരിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT