Business Kerala

റോഡില്ലെങ്കിലും പാഴ്‌സൽ വീട്ടിലെത്തും; വള്ളം എക്‌സ്പ്രസ്സുമായി ഡി.റ്റി.ഡി.സി

ഡി.റ്റി.ഡി.സി ഡെലിവറി പ്രൊഫഷണലുകളും കേരളത്തിലെ പരമ്പരാഗത തുഴച്ചില്‍ക്കാരും ചേര്‍ന്നാണ് വള്ളം എക്‌സ്പ്രസ് പ്രവര്‍ത്തിക്കുക

Dhanam News Desk

കേരളത്തിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ വീട്ടുപടിക്കല്‍ പാഴ്‌സല്‍ ഡെലിവറി എത്തിക്കുന്ന ഡെലിവറി സേവനമായ ''ഡി.റ്റി.ഡി.സി വള്ളം എക്‌സ്പ്രസ്'' അവതരിപ്പിച്ച് ലോജിറ്റിസ്‌ക്‌സ് കമ്പനിയായ ഡി.റ്റി.ഡി.സി എക്‌സ്പ്രസ്. കേരളത്തിലെ പരമ്പരാഗത ചുണ്ടന്‍ വള്ളംകളിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പേരാണ് വള്ളം എക്‌സ്പ്രസെന്നും റോഡ് കണക്റ്റിവിറ്റി പരിമിതമായ ജലമേഖലകളിലെ ഉപഭോക്താക്കള്‍ക്ക് പാഴ്‌സലുകള്‍ സ്വീകരിക്കാന്‍ ദൂരെയുള്ള കൊറിയര്‍ കളക്ഷന്‍ പോയിന്റുകളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഡി.റ്റി.ഡി.സി എക്‌സ്പ്രസ് സിഇഒ അഭിഷേക് ചക്രവര്‍ത്തി പറഞ്ഞു. ഇതിലൂടെ ജലപാതകള്‍ പ്രധാന ഗതാഗത മാര്‍ഗമായ പ്രദേശങ്ങളില്‍ ഡെലിവറി നേരിട്ട് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കും.

ഡി.റ്റി.ഡി.സി ഡെലിവറി പ്രൊഫഷണലുകളും കേരളത്തിലെ പരമ്പരാഗത തുഴച്ചില്‍ക്കാരും ചേര്‍ന്നാണ് വള്ളം എക്‌സ്പ്രസ് പ്രവര്‍ത്തിക്കുക. പ്രദേശത്തെ ജലപാതകളെക്കുറിച്ചുള്ള തുഴച്ചില്‍ക്കാരുടെ പരിചയവും ഡി.റ്റി.ഡി.സിയുടെ ഡെലിവറി ശൃംഖലയും സംയോജിപ്പിച്ചാണ് സേവനം ഒരുക്കുന്നത്. ഇതിലൂടെ ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രാദേശികമായി ഉപജീവന അവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അഭിഷേക് ചക്രവര്‍ത്തി പറഞ്ഞു. ഓണക്കാലത്ത് സേവനമാരംഭിക്കുന്നതിന്റെ ഭാഗമായി ഡി.റ്റി.ഡി.സി വള്ളംഎക്‌സ്പ്രസ് എന്ന ബ്രാന്‍ഡ് ഫിലിമും പുറത്തിറക്കി. ചുണ്ടന്‍ വള്ളങ്ങള്‍ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന ഫിലിം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും പുതിയ ഡെലിവറി മാതൃകയ്ക്ക് പിന്നിലെ ആളുകളെയും ജലപാതകളെയും അവതരിപ്പിക്കുന്നു. ''റോഡുകള്‍ അവസാനിക്കുമ്പോള്‍, ഞങ്ങള്‍ വെള്ളത്തിലൂടെ സഞ്ചരിക്കുന്നു'' എന്ന ആശയത്തിലൂന്നിയാണ് കാമ്പെയ്ന്‍.

ആലപ്പുഴ ജില്ലയിലെ 14 ഗ്രാമങ്ങളും ഏകദേശം രണ്ട് ലക്ഷം ജനസംഖ്യയും ഉള്‍പ്പെടുന്ന കുട്ടനാട് ഉപജില്ലയിലാണ് നിലവില്‍ സേവനം ആരംഭിച്ചിരിക്കുന്നത്. സേവനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിലൂടെ അടുത്ത വര്‍ഷം 5,000-ത്തിലധികം ഡെലിവറികള്‍ സാധ്യമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

ഡി.റ്റി.സി.സി എക്‌സ്പ്രസ്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.റ്റി.ഡി.സി എക്‌സ്പ്രസ് ലിമിറ്റഡ് ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിനാഷണല്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് കമ്പനികളിലൊന്നാണ്. ഇന്ത്യയിലെ വിപുലമായ എക്‌സ്പ്രസ് ലോജിസ്റ്റിക്‌സ് ശൃംഖലകളിലൊന്ന് കൈകാര്യം ചെയ്യുന്ന ഡി.റ്റി.സി.സി-ക്ക് 16,500-ലധികം എക്‌സ്‌ക്ലൂസീവ് ചാനല്‍ പങ്കാളികളുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT