Image : Canva 
Business Kerala

സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജി.എസ്.ടി വകുപ്പ്, 20 മുതല്‍ പ്രാബല്യത്തില്‍

വ്യാപാരികള്‍ ഉന്നയിച്ച ഒരു ആവശ്യങ്ങള്‍ക്കും പരിഹാരമായിട്ടില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Dhanam News Desk

സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിന് ജനുവരി 20 മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കി സംസ്ഥാന ജി.എസ്.ടി വകുപ്പ്. ജനുവരി ഒന്നു മുതല്‍ ഇത് നടപ്പാക്കിയിരുന്നെങ്കിലും സംസ്ഥാന ജി.എസ്.ടി പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി മരവിപ്പിച്ചതായി ജനുവരി ഒമ്പതിന് ജി.എസ്.ടി കമ്മീഷ്ണര്‍ അജിത് പാട്ടീല്‍ ഇത്തരവിട്ടിരുന്നു. പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെയാണ് 20 മുതല്‍ പ്രാബല്യത്തിലാക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 27നാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ജി.എസ്.ടി വകുപ്പ് പുറത്തിറക്കിയത്. വില്‍പ്പനയുമായി ബന്ധപ്പെട്ടും വില്‍പ്പനയ്ക്കല്ലാതെയും അണ്‍രജിസ്റ്റേഡ് വ്യക്തികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് 10 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുണ്ടെങ്കില്‍ ഇ-വേ ബില്‍ വേണമെന്നാണ് നിയമം.

 സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം പോലെ വിലപിടിപ്പുള്ള ലോഹ നിര്‍മിത ആഭരണങ്ങള്‍ (പത്തു ലക്ഷമോ അതിലധികമോ തുകയ്ക്കുള്ളത്), വില്‍പ്പന, ജോബ് വര്‍ക്ക്, സ്റ്റോക്ക് ട്രാന്‍സ്ഫര്‍, പ്രദര്‍ശനം തുടങ്ങിയവയുടെ ഭാഗമായി വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ഇവേ ബില്‍ എടുക്കണം. ഇത്തരത്തില്‍ കൊണ്ടു പോകുന്ന സ്വര്‍ണത്തിന്റെ പൂര്‍ണ വിവരങ്ങള്‍ കാണിച്ചാണ് ഇ-വേ ബില്‍ എടുക്കേണ്ടത്.

എന്നാല്‍ സ്വര്‍ണത്തിന് ഇ-വേ ബില്‍ നടപ്പാക്കുന്നതില്‍ ഒട്ടേറെ അവ്യക്തത നിലനില്‍ക്കുന്നതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ മന്ത്രി കെ.എന്‍ ബാലഗോപാലിന് നിവേദനം നല്‍കിയിരുന്നു. എന്നാൽ ഇപ്പോഴും വ്യാപാരികള്‍ ഉന്നയിച്ച ഒരു ആവശ്യങ്ങള്‍ക്കും പരിഹാരമായിട്ടില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍,ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.

അവ്യക്തത മാറിയില്ല 

സ്വര്‍ണവുമായി എന്തൊക്കെ ആവശ്യങ്ങള്‍ക്ക് പോകുമ്പോഴാണ് ഇ-വേ ബില്‍ ആവശ്യമെന്നു വ്യക്തമാക്കിയിട്ടില്ല. 50 കിലോമീറ്ററിനുള്ളില്‍ ഹ്രസ്വദൂര ചലനങ്ങള്‍, കൊറിയര്‍, ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാര്‍, നോണ്‍ സപ്ലൈ വിഭാഗങ്ങളില്‍ പെടുന്ന സ്റ്റോക്ക് സ്റ്റോക്ക് ട്രാന്‍സ്ഫറുകള്‍, എക്‌സിബിഷനുകള്‍, അറ്റകുറ്റപ്പണികള്‍, ജോബ് വര്‍ക്ക്, ആഭരണങ്ങള്‍ സെലക്ഷന് വേണ്ടി കൊണ്ടുപോവുകയും സെലക്ഷന്‍ നടത്തി തിരിച്ച് അയച്ചു കൊടുക്കുകയും ചെയ്യുന്ന രീതി തുടങ്ങിയവയ്‌ക്കൊന്നും ഇ-വേ ബില്‍ ബാധകമാണോ? നടന്ന്‌ സ്വര്‍ണം കൊണ്ടു പോകുന്നവര്‍ക്ക് ഇത് ബാധകമാണോ? ഇതൊന്നും കേരളത്തില്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നില്ല.

10 ലക്ഷം രൂപയുടെ പരിധി നികുതി വിധേയമായ മൂല്യമോ, നികുതി ഉള്‍പ്പെടെയുള്ള ഇന്‍വോയ്‌സ് മൂല്യമോ എന്ന് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണ്ണത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT