കേരളത്തിന്റെ സ്വന്തം ചായ ബ്രാന്‍ഡായ ഈസ്റ്റി (Eastea), അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് വിപണിയില്‍ പുതിയ കുതിപ്പിനൊരുങ്ങുന്നു. 1968-ല്‍ എം.ഇ. മീരാന്‍ സ്ഥാപിച്ച ഗ്രൂപ്പ് മീരാന്റെ ഭാഗമായ ഈസ്റ്റി, ഇന്ന് കേരളീയരുടെ പ്രിയപ്പെട്ട ചായ ബ്രാന്‍ഡാണ്.
2022-ല്‍ ഈസ്റ്റേണ്‍ ഗ്രൂപ്പില്‍ നിന്ന് സ്വന്തം വിതരണ ശൃംഖലയിലേക്ക് മാറിയതോടെയാണ് ഈസ്റ്റിയുടെ വളര്‍ച്ച വേഗത്തിലായത്. നിലവില്‍ 30,000 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമായ ഈസ്റ്റി, അടുത്ത 15 മാസത്തിനുള്ളില്‍ 136 വിതരണ റൂട്ടുകളിലൂടെ 49,000 ഔട്ട്‌ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
20 രാജ്യങ്ങളില്‍ ഇതിനോടകം സാന്നിധ്യമറിയിച്ച കമ്പനി, യൂറോപ്പ്, തെക്കുകിഴക്കന്‍ ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
ഓണം പ്രമാണിച്ച്, ഈസ്റ്റി പുതിയ പ്രീമിയം ചായയായ ഈസ്റ്റി സ്പെഷ്യല്‍ പുറത്തിറക്കി. ''ഗുണമേന്മയിലും, രുചിയിലും ഞങ്ങള്‍ പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഈസ്റ്റി കേരളത്തിലെ ഏറ്റവും വിശ്വസ്തമായ ചായ ബ്രാന്‍ഡാക്കി മാറ്റിയത്. വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനായി, എഫ്.എം.സി.ജി (FMCG) രംഗത്തെ തന്ത്രപരമായ ഏറ്റെടുക്കലുകളും ഞങ്ങള്‍ പരിഗണിക്കുന്നുണ്ട്.'' കമ്പനിയുടെ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു.
ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കനുസരിച്ച്, ഡാര്‍ജിലിംഗ്, ആസാം, നീലഗിരി, ഹിമാലയം എന്നിവിടങ്ങളില്‍ നിന്നുള്ള ഓര്‍ഗാനിക്, ഓര്‍ത്തഡോക്‌സ് ചായ ഇനങ്ങളും ഉടന്‍ വിപണിയിലെത്തിക്കാന്‍ ഈസ്റ്റി തയ്യാറെടുക്കുന്നുണ്ട്. ശക്തമായ അടിത്തറയും വ്യക്തമായ വളര്‍ച്ചാ ലക്ഷ്യങ്ങളുമായി മുന്നേറുന്ന ഈസ്റ്റി, ഇന്ത്യന്‍ എഫ്.എം.സി.ജി. വിപണിയില്‍ ഒരു പുതിയ അധ്യായം കുറിക്കാന്‍ തയ്യാറെടുക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine