Business Kerala

ഈസ്റ്റേണ്‍ കോണ്ടിമെന്റ്സിലെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കവുമായി മക്കോര്‍മിക്

Dhanam News Desk

സുഗന്ധവ്യഞ്ജന വ്യവസായ രംഗത്തെ പ്രമുഖ കമ്പനിയായ ഈസ്റ്റേണ്‍ കോണ്ടിമെന്റ്സിലുള്ള 26 ശതമാനം ഓഹരികള്‍ മക്കോര്‍മിക് ആന്‍ഡ് കോ വില്‍ക്കുന്നു. 2010 ല്‍ 35 ദശലക്ഷം ഡോളറിന് വാങ്ങിയ ഓഹരികളാണ് അവെന്‍ഡസ് ക്യാപിറ്റല്‍ നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് യുഎസ് ആസ്ഥാനമായുള്ള മക്കോര്‍മിക് വില്‍ക്കുന്നത്.

പ്രൊമോട്ടര്‍മാരായ മീരാന്‍ കുടുംബവും മക്കോര്‍മിക്കും ഈസ്റ്റേണ്‍ കോണ്ടിമെന്റ്സിലെ ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറെടുക്കുന്നതായി ഒരു ദേശീയ മാധ്യമം ഇന്ന്  റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതേസമയം മീരാന്‍ കുടുംബം ഭൂരിപക്ഷ ഓഹരികള്‍ വില്‍ക്കുന്നില്ലെന്ന് ചെയര്‍മാന്‍ നവാസ് മീരാന്‍ 'ധനം ഓണ്‍ലൈനി'നോടു പറഞ്ഞു. മീരാന്‍ കുടുബത്തിന് 74 ശതമാനം ഓഹരികളാണുള്ളത്.

സുഗന്ധവ്യഞ്ജനങ്ങള്‍, മസാലകള്‍, മിശ്രിത സുഗന്ധവ്യഞ്ജന പൊടികള്‍, അച്ചാറുകള്‍, അരി  ഉല്‍പന്നങ്ങള്‍ എന്നിവ ഉത്പാദിപ്പിച്ചു വില്‍ക്കാന്‍ അടിമാലി കേന്ദ്രമായി 1983 ല്‍ എം.ഇ മീരാന്‍ സ്ഥാപിച്ചതാണ് ഈസ്റ്റേണ്‍. അച്ചാറുകള്‍, പ്രോസസ്ഡ് ഫുഡ് ഇനങ്ങള്‍ തുടങ്ങിയവയും ഉല്‍പ്പന്ന നിരയില്‍പ്പെടുത്തി കമ്പനി പിന്നീട് വൈവിധ്യവത്കരിച്ചു. കേരളത്തിലെ സംഘടിത സുഗന്ധവ്യഞ്ജന വിഭാഗത്തിന്റെ 70 ശതമാനത്തോളം വിപണി വിഹിതം ഇപ്പോള്‍ ഈസ്റ്റേണിനുണ്ട്. നിര്‍മ്മാണ മേഖലയിലും, റെഡിമെയ്ഡ് വസ്ത്രവ്യാപാര രംഗത്തും സംരംഭങ്ങള്‍ തുടങ്ങിയ ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ അമരത്തുള്ളത് നവാസ് മീരാനും ഫിറോസ് മീരാനുമാണ്. എം. ഇ.മീരാന്‍ 2011 ല്‍ അന്തരിച്ചു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മികച്ച വിപണി കയ്യടക്കിക്കഴിഞ്ഞ ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് കമ്പനിയുടെ മൂല്യം 1,800-2,000 കോടി രൂപ വരുമെന്നു കണക്കാക്കപ്പെടുന്നു. കയറ്റുമതി വരുമാനത്തില്‍ 25 % വിഹിതം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ദുബായ്, ദോഹ, ജിദ്ദ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്. ആഭ്യന്തര വിപണികളേക്കാള്‍ ഉയര്‍ന്ന ലാഭക്ഷമതയുള്ളതാണ് ഈ വിപണികളെന്ന് ക്രിസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 810 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇതില്‍ കേരളത്തില്‍ നിന്നു മാത്രം 50 ശതമാനം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT