Business Kerala

എല്‍നീനോ ആശങ്കയില്‍ കേരള ടൂറിസം, ചൂട് കൂടിയാല്‍ ഊട്ടിക്കും കൊടൈക്കനാലിനും ലോട്ടറിയടിച്ചേക്കും; 2024 ആവര്‍ത്തിക്കുമെന്ന ഭയത്തില്‍ സംരംഭകര്‍

എല്‍നീനോ ടൂറിസം മേഖലയ്ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോഴും, ചില പുതിയ ബിസിനസ് അവസരങ്ങളും ഒളിഞ്ഞിരിക്കുന്നു

Lijo MG

എല്‍നീനോ പ്രഭാവം ആഞ്ഞുവീശുമെന്ന മുന്നറിയിപ്പ് ടൂറിസം മേഖലയുടെ ചങ്കിടിപ്പേറ്റുന്നു. കനത്ത ചൂട് മൂലം സഞ്ചാരികളുടെ വരവ് നിലച്ച 2024 ആവര്‍ത്തിക്കുമോയെന്ന ഭയത്തിലാണ് ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നവര്‍. മണ്‍സൂണ്‍ അവസാനിക്കും മുമ്പേ ഇത്തവണ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ജനുവരി മുതല്‍ ചൂടിന്റെ ശക്തി വര്‍ധിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ഗള്‍ഫ്, യൂറോപ്യന്‍ സഞ്ചാരികളുടെ വരവ് തീരെ കുറവാണ്. വരും മാസങ്ങളിലും വിദേശീയരുടെ വരവില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. ഉത്തരേന്ത്യന്‍ സഞ്ചാരികളും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരും കൂടുതലായി എത്തുന്നതാണ് അടുത്ത കാലത്തെ ട്രെന്റ്. വിനോദസഞ്ചാര മേഖല പിടിച്ചുനില്‍ക്കുന്നതും ഇത്തരം ആഭ്യന്തര സഞ്ചാരികളുടെ വരവിലാണ്.

ചൂട് കൂടിയാല്‍ ആഭ്യന്തര സഞ്ചാരികളും കേരളത്തിലേക്ക് വരാന്‍ മടിക്കും. ട്രാവല്‍ ഏജന്‍സി മുതല്‍ ടൂറിസം കേന്ദ്രങ്ങളില്‍ പെട്ടിക്കട നടത്തുന്ന ആളുകളെ വരെ ഇത് ബാധിക്കും.

2024ന്റെ ആവര്‍ത്തനമോ?

കനത്ത വേനല്‍ സൃഷ്ടിച്ച ആഘാതം 2024ല്‍ ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. കടുത്ത ചൂട് മൂലം ഫെബ്രുവരി മുതല്‍ ടൂറിസം കേന്ദ്രങ്ങളില്‍ തിരക്ക് തീരെ കുറവായിരുന്നു. പൊതുവേ വേനല്‍ക്കാലങ്ങളില്‍ സഞ്ചാരികളെത്തിയിരുന്ന മൂന്നാര്‍ പോലും ആ സമയത്ത് വിജനമായിരുന്നു. വായ്പയെടുത്ത് ടൂറിസം മേഖലയില്‍ മുതല്‍മുടക്കിയിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് 2024ലെ വേനല്‍ക്കാലം നല്‍കിയത്.

ഇപ്പോള്‍ തന്നെ ചൂട് ഉയര്‍ന്നു തുടങ്ങിയത് ആശങ്കയോടെയാണ് ടൂറിസം രംഗത്തുള്ളവര്‍ കാണുന്നത്. വേനല്‍ കടുക്കുമ്പോള്‍ സഞ്ചാരികളുടെ എണ്ണം കുറയുകയാണ് പതിവെന്ന് മൂന്നാറില്‍ ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്ന ടി.ആര്‍ ജിതേഷ് ധനംഓണ്‍ലൈനിനോട് പറഞ്ഞു.

ഊട്ടിക്കും കൊടൈക്കനാലിനും ലോട്ടറിയായേക്കും

2024ലെ കടുത്ത വേനല്‍ അപ്രതീക്ഷിത നേട്ടമാണ് ഹില്‍ സ്റ്റേഷനുകളായ ഊട്ടിക്കും മൂന്നാറിനും നല്‍കിയത്. സഞ്ചാരികളുടെ ഒഴുക്കായിരുന്നു ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്. ആളുകളുടെ വരവ് നിയന്ത്രാണീതമായതോടെ ഇ-പാസ് പാസ് വഴി എണ്ണം നിയന്ത്രിക്കാന്‍ അന്ന് ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നു. ഇത്തവണ കൂടുതല്‍ കടുപ്പമേറിയ എല്‍നീനോ പ്രവചിക്കപ്പെട്ടതിനാല്‍ 2024 പോലെ ഊട്ടിയും കൊടൈക്കനാലും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലെ പ്രഥമ പരിഗണനയില്‍ വരുമെന്നാണ് വിലയിരുത്തല്‍.

സഞ്ചാരികളുടെ പ്രവാഹമുണ്ടാകുമെന്ന് അറിഞ്ഞാല്‍ ഹോട്ടല്‍, താമസ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതാണ് ഹില്‍ സ്റ്റേഷനുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവണത. ഇത്തവണ കൂടുതല്‍ പേര്‍ എത്തുമെന്ന സൂചന ലഭിച്ചതോടെ ഊട്ടിയിലും കൊടൈക്കനാലിലും നിരക്കുകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ഹോട്ടല്‍-ട്രാവല്‍ മേഖലയ്ക്ക് നിര്‍ണായക വേനല്‍

വേനല്‍ക്കാലത്തെ സഞ്ചാരികളുടെ വരവ് കേരളത്തിലെ ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ട്രാവല്‍ ഏജന്‍സി മേഖലകള്‍ക്ക് നിര്‍ണായകമാണ്. ചൂട് കനക്കുകയും ആഭ്യന്തര സഞ്ചാരികളുടെ വരവ് കുറയുകയും ചെയ്താല്‍ ബുക്കിംഗുകളില്‍ ഇടിവ് വരാനിടയുണ്ട്. ടാക്‌സി സര്‍വീസ്, ഗൈഡുകള്‍, ചെറുകിട വ്യാപാരികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഭക്ഷണശാലകള്‍ എന്നിവയ്ക്കും അതിന്റെ ആഘാതം നേരിടേണ്ടിവരും.

2024ലെ കടുത്ത വേനലില്‍ അനുഭവപ്പെട്ട മന്ദഗതി ഇത്തവണയും ആവര്‍ത്തിക്കുമോയെന്നാണ് മേഖലയിലുള്ളവരുടെ ആശങ്ക. പ്രത്യേകിച്ച് വായ്പയെടുത്ത് ഹോട്ടല്‍-ട്രാവല്‍ രംഗത്ത് നിക്ഷേപം നടത്തിയവര്‍ക്ക് ദുര്‍ബലമായ സീസണ്‍ സാമ്പത്തിക സമ്മര്‍ദ്ദം കൂട്ടാം.

മാറ്റത്തിനുള്ള അവസരം

എല്‍നീനോ ടൂറിസം മേഖലയ്ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോഴും, ചില പുതിയ ബിസിനസ് അവസരങ്ങളും ഒളിഞ്ഞിരിക്കുന്നു. ചൂട് കൂടുന്ന സാഹചര്യത്തില്‍ സഞ്ചാരികളുടെ യാത്ര രീതിയില്‍ മാറ്റമുണ്ടാകാം. കൂടുതല്‍ തണുപ്പുള്ള സ്ഥലങ്ങള്‍, ഓഫ്-സീസണ്‍ യാത്രകള്‍, പ്രകൃതി സൗഹൃദ താമസ സൗകര്യങ്ങള്‍ എന്നിവയ്ക്ക് ഡിമാന്‍ഡ് ഉയരാന്‍ സാധ്യതയുണ്ട്.

കൊച്ചിയിലെ ചില ഐടി കമ്പനികള്‍ വേനല്‍ക്കാലത്ത് തങ്ങളുടെ ജോലിക്കാര്‍ക്ക് ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ വര്‍ക്കത്തോണ്‍ മാതൃകയില്‍ സൗകര്യം ഏര്‍പ്പെടുത്താറുണ്ട്. ഈ രീതിയിലുള്ള മാറ്റങ്ങള്‍ക്ക് വേഗം കൂടാന്‍ എല്‍നീനോ കാരണമായേക്കും.

ആഗോള കാലാവസ്ഥയെ സ്വാധീനിക്കുന്ന എല്‍നീനോ പ്രതിഭാസം വരും മാസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് ലോക കാലാവസ്ഥാ സംഘടന (ണങഛ) മുന്നറിയിപ്പ്. അടുത്തവര്‍ഷം ഫെബ്രുവരി വരെ എല്‍നീനോ തുടരാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഫെബ്രുവരിയില്‍ അവസാനിച്ചാലും ഇതിന്റെ പ്രഭാവം അടുത്ത മണ്‍സൂണ്‍ കാലം വരെ തുടര്‍ന്നേക്കാം.

A strengthening El Niño is raising concerns over Kerala’s summer tourism season, while cooler hill stations such as Ooty and Kodaikanal could see stronger tourist demand

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT