Business Kerala

ഇന്ന് മുതല്‍ വൈദ്യുതി നിരക്ക് കൂടും

സര്‍ചാര്‍ജ് യൂണിറ്റിന് 19 പൈസ

Dhanam News Desk

ഇന്ന് മുതല്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒമ്പതു പൈസയും ഉള്‍പ്പെടെയാണ് 19 പൈസ ഈടാക്കുക. വൈദ്യുതിക്ക് മാസം തോറും സ്വമേധയാ ചാര്‍ജ് ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. 2023 ഏപ്രിലില്‍ കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് ചെലവായ അധിക തുക ഈടാക്കാനാണ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആയിരം വാട്ട്‌സില്‍ താഴെ കണക്ടഡ് ലോഡുള്ള, മാസം 40 യൂണിറ്റില്‍ താഴെ മാത്രം ഉപയോഗമുള്ള വീട്ടുകാരൊഴികെ എല്ലാവരും സര്‍ചാര്‍ജ് നല്‍കണം. 9 പൈസ സര്‍ചാര്‍ജ് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ പിരിക്കാന്‍ റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് 10 പൈസ കൂടി അധികമായി പിരിക്കാന്‍ കെ.എസ്.ഇ.ബി ഉത്തരവിറക്കിയത്.

യൂണിറ്റിന് 44 പൈസ ഈടാക്കാന്‍ അനുവദിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ അപേക്ഷ. എന്നാല്‍ റഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ വൈദ്യുതി ബോര്‍ഡിന് ഈടാക്കാവുന്ന പരമാവധി നിരക്ക് പത്തു പൈസയാക്കി കമ്മീഷന്‍ കുറച്ചു. ഇതോടെയാണ് 10 പൈസ ഈടാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

വൈദ്യുതി ഉത്പാദനത്തിനുള്ള ഇന്ധനത്തിന്റെ വില കൂടുന്നതുകാരണമുണ്ടാകുന്ന അധികച്ചെലവാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്. നിലവില്‍ മൂന്നു മാസത്തിലൊരിക്കല്‍ ബോര്‍ഡ് നല്‍കുന്ന അപേക്ഷയില്‍ ഉപഭോക്താക്കളുടെ വാദം കേട്ടതിനു ശേഷമാണ് കമ്മീഷന്‍ സര്‍ചാര്‍ജ് തീരുമാനിച്ചിരിക്കുന്നത്. ഏതെങ്കിലും മാസത്തില്‍ സര്‍ചാര്‍ജ് 10 പൈയില്‍ കൂടുതലായാല്‍ മൂന്നു മാസമാകുമ്പോള്‍ കുടുശിക തുകയുടെക ണക്ക് വ്യക്തമാക്കി കമ്മീഷന് അപേക്ഷ സമര്‍പ്പിക്കണം. ഈ തുക എങ്ങനെ പിരിച്ചെടുക്കണമെന്ന് തെളിവെടുപ്പ് നടത്തി കമ്മീഷന്‍ തീരുമാനിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT