കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ എലിക്സര്‍ ജുവല്‍സിന് ബഹുരാഷ്ട്ര ശത കോടീശ്വര കൂട്ടായ്മയായ ബീറ്റാ ഗ്രൂപ്പിന്റെ ഫണ്ടിംഗ്. ഖനനം ചെയ്ത വജ്രങ്ങളുടെ അതേ പരിശുദ്ധിയും തിളക്കവുമുള്ള വജ്രങ്ങള്‍ ലാബില്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് എലിക്‌സര്‍. ഈ വ്യവസായത്തില്‍ കേരളത്തെ ആഗോള കേന്ദ്രമാക്കാന്‍ സഹകരണത്തിലൂടെ സാധിക്കുമെന്നാണ് കമ്പനി അധികൃതരുടെ പ്രതികരണം. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ഇത്തരം വജ്രത്തിന് ഡിമാന്‍ഡ് കൂടിവരുന്നുണ്ട്.
എലിക്‌സര്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ബീറ്റാ ഗ്രൂപ്പിന്റെ സ്ഥാപകന്‍ രാജ്‌മോഹന്‍ പിള്ള, ഡയറക്ടര്‍ രാജ് നാരായണന്‍ പിള്ള എന്നിവരെ ഉള്‍പ്പെടുത്തി. സൈരാജ് പി.ആര്‍ സ്ഥാപകനും, മിഥുന്‍ അജയ്, മുനീര്‍ എം, രാഹുല്‍ പച്ചിഗര്‍ എന്നിവര്‍ സഹസ്ഥാപകരുമായ എലിക്‌സര്‍ കേരളത്തില്‍ ആരംഭിച്ച് മുംബൈയിലും സൂറത്തിലുമായാണ് പ്രവര്‍ത്തിക്കുന്നത്. എഫ്.എം.സി.ജി, ലോജിസ്റ്റിക്‌സ്, സ്‌പോര്‍ട്‌സ് മാനേജ്മന്റ് തുടങ്ങിയ വാണിജ്യമേഖലകളിലും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളിലും സജീവ പങ്കാളിത്തമുളള ആഗോള ശതകോടീശ്വര കൂട്ടായ്മയാണ് കൊല്ലം ആസ്ഥാനമായി ആരംഭിച്ച ബീറ്റാ ഗ്രൂപ്പ്.
കഴിഞ്ഞ വര്‍ഷം കോവളത്ത് നടന്ന ഹഡില്‍ ഗ്ലോബലില്‍ ലാബ് വജ്ര ശേഖരം പ്രദര്‍ശിപ്പിച്ചതാണ് കമ്പനിക്ക് വഴിത്തിരിവായതെന്ന് എലിക്‌സര്‍ സ്ഥാപകന്‍ സൈരാജ് പി.ആര്‍ പറഞ്ഞു. ക്രമേണ വിപണി കേരളത്തിനകത്തും പുറത്തും വ്യാപിപ്പിക്കാന്‍ സാധിച്ചു. ലാബ് വജ്രങ്ങളുടെ മൂല്യത്തെക്കുറിച്ചും സുസ്ഥിരതയെക്കുറിച്ചുമുള്ള അവബോധം വര്‍ധിച്ചത് എലിക്‌സറിന് ഗുണകരമായി. ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐജിഐ), ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക(ജിഐഎ), സോളിറ്റയര്‍ ജെമോളൊജിക്കല്‍ ലബോറട്ടറീസ്(എസ്ജിഎല്‍) എന്നിവയുടെ സര്‍ട്ടിഫിക്കേഷനുള്ളതാണ് ഈ വജ്രങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന താപനിലയിലും മര്‍ദ്ദത്തിലും പ്രകൃതിദത്തമായ രീതിയില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത്. ലാബ് വജ്രങ്ങളുടെ വിപണി സാധ്യത ദക്ഷിണേന്ത്യയില്‍ ഇപ്പോഴും വലിയതോതില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണെന്നും സൈരാജ് ചൂണ്ടിക്കാട്ടി.
Read DhanamOnline in English
Subscribe to Dhanam Magazine