കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ (PSUs) വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് കൂപ്പുകുത്തുന്നതായി സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം (Kerala's Fiscal Health: A Status Report). നിലവിലെ കടുത്ത പ്രതിസന്ധി മറികടക്കാന്‍ വിപ്ലവകരമായ ഭരണപരിഷ്‌കാര നിര്‍ദ്ദേശങ്ങളുും വിദഗ്ധ സമിതി മുന്നോട്ടു വച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ വിതരണ ശൃംഖലകളായ സപ്ലൈകോയും (Supplyco) ബിവറേജസ് കോര്‍പ്പറേഷനും (Bevco) ഒരൊറ്റ കോര്‍പ്പറേഷനായി ലയിപ്പിക്കണമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ശുപാര്‍ശ.
ധവളപത്രത്തിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സാമ്പത്തിക നഷ്ടം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ആശങ്കാജനകമായ രീതിയിലാണ് വര്‍ധിച്ചത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 31,571 കോടി രൂപയായിരുന്ന പൊതുമേഖലയിലെ ആകെ നഷ്ടം, 2024-25 കാലയളവിലേക്ക് എത്തിയപ്പോഴേക്കും 78,851 കോടി രൂപയായി കുത്തനെ ഉയര്‍ന്നു.
കെ.എസ്.ആര്‍.ടി.സി (KSRTC), വാട്ടര്‍ അതോറിറ്റി (KWA), കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍സ് ലിമിറ്റഡ് (KSSPL) എന്നീ മൂന്ന് സ്ഥാപനങ്ങളാണ് സംസ്ഥാനത്തിന് ഏറ്റവും വലിയ ബാധ്യത വരുത്തിവെക്കുന്നത്. പൊതുമേഖലയിലെ ആകെ നെറ്റ് നഷ്ടത്തിന്റെ 72 ശതമാനവും ഈ മൂന്ന് സ്ഥാപനങ്ങളുടെ മാത്രം സംഭാവനയാണ്.
കെ.എസ്.ആര്‍.ടി.സിയുടെ തുടര്‍ച്ചയായ നഷ്ടം കാരണം ഇതിന്റെ നെറ്റ് വര്‍ത്ത് (Net Worth) പൂര്‍ണ്ണമായും ഇല്ലാതാവുകയും വലിയ രീതിയില്‍ നെഗറ്റീവ് ആവുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സര്‍ക്കാരിന്റെ നേരിട്ടുള്ള ബജറ്റിന് പുറത്തുനിന്ന് കടമെടുത്ത് പെന്‍ഷന്‍ നല്‍കാനാണ് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് (KSSPL) രൂപീകരിച്ചതെങ്കിലും, നിലവില്‍ ഇത് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു
കെ.എസ്.ഇ.ബി വലിയ സാമ്പത്തിക ക്രമക്കേടുകളും ബാധ്യതകളും നേരിടുന്നതായും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, കെ.എസ്.ഇ.ബി ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടി (Electricity Duty) സര്‍ക്കാരിലേക്ക് കൃത്യമായി അടയ്ക്കുന്നില്ല. ഇത് സര്‍ക്കാരിന്റെ ഖജനാവിലേക്ക് നേരിട്ട് വരേണ്ട വരുമാനത്തെ തടസ്സപ്പെടുത്തുകയും ധനതത്വങ്ങളുടെ ലംഘനമായി മാറുകയും ചെയ്യുന്നു.
സബ്സിഡി വില്‍പ്പനയിലൂടെ ഉണ്ടാകുന്ന വന്‍ തുകയുടെ ബാധ്യത കൃത്യസമയത്ത് സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതാണ് സപ്ലൈകോയെ കടുത്ത നഷ്ടത്തിലാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 2026 മാര്‍ച്ച് 31 വരെ സപ്ലൈകോയ്ക്ക് നല്‍കാനുള്ള കുടിശ്ശിക 2,893 കോടി രൂപയാണ്.
നികുതി ബാധ്യതകള്‍ ഗണ്യമായി കുറയ്ക്കുന്നതിനും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി സപ്ലൈകോയെയും ബെവ്‌കോയെയും ഒറ്റ കോര്‍പ്പറേഷന് കീഴിലാക്കാനാണ് സമിതി നിര്‍ദ്ദേശിക്കുന്നത്. നിലവില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ വന്‍ ലാഭവിഹിതത്തില്‍ നിന്നും വലിയൊരു തുക കോര്‍പ്പറേറ്റ് ഇന്‍കം ടാക്‌സ് ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിലേക്ക് അടയ്ക്കുന്നുണ്ട്. അതേസമയം, അവശ്യസാധനങ്ങളുടെ സബ്സിഡി വില്പനയിലൂടെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്.
വലിയ ലാഭമുണ്ടാക്കുന്ന കണ്‍സ്യൂമര്‍ഫെഡ് അല്ലെങ്കില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ (Bevco) പോലുള്ള സ്ഥാപനങ്ങളുമായി സപ്ലൈകോയെ ലയിപ്പിക്കുന്നതിലൂടെ നികുതി ഇളവുകള്‍ നേടാനും സപ്ലൈകോയുടെ നഷ്ടം നികത്താനും സാധിക്കുമെന്ന് കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. ഇത് വഴി കോര്‍പ്പറേറ്റ് ടാക്‌സ് ഇനത്തില്‍ കേന്ദ്രത്തിലേക്ക് വരാവുന്ന വലിയൊരു തുക (Tax outgo) സംസ്ഥാനത്തിന് ലാഭിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നത്.
തന്ത്രപ്രധാനമല്ലാത്തതും (Non-strategic) നിലവില്‍ തുടര്‍ച്ചയായി നഷ്ടം വരുത്തുന്നതുമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും പൂട്ടുകയോ, ഓഹരികള്‍ വിറ്റഴിക്കുകയോ (Disinvestment) അല്ലെങ്കില്‍ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യണമെന്ന് ധവളപത്രത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനപരമായ ക്ഷമതകുറവ് മറച്ചുവെക്കാന്‍ സാമൂഹിക പ്രതിബദ്ധതയെ ഒരു കാരണമാക്കരുത് എന്ന് സമിതി വ്യക്തമാക്കുന്നു. ഇതിനായി സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഉല്‍പ്പാദന അധിഷ്ഠിത സബ്സിഡികള്‍ക്ക് (Production based subsidies) പകരം അര്‍ഹരായ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തുന്ന ഉപഭോഗ അധിഷ്ഠിത സബ്സിഡികളിലേക്ക് (Consumption based subsidies) മാറണമെന്നും നിര്‍ദ്ദേശമുണ്ട്
Read DhanamOnline in English
Subscribe to Dhanam Magazine