മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ നാലാം പാദത്തില്‍ 24 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 183 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ ബാങ്ക് 7 കോടി രൂപ ലാഭം നേടിയിരുന്നു. സുരക്ഷിത വായ്പകള്‍, സ്വര്‍ണ വായ്പകള്‍, ആസ്തി ഗുണമേന്മ തുടങ്ങിയ മേഖലകളില്‍ വളര്‍ച്ച രേഖപ്പെടുത്തി.
ചെറുകിട സംരംഭങ്ങള്‍, കൃഷി, റീറ്റെട്ടയ്ല്‍, സ്വര്‍ണ വായ്പ തുടങ്ങിയ മേഖലകളില്‍ സുരക്ഷിത വായ്പാ വിതരണം ശക്തിപ്പെടുത്തിയതാണ് ബാങ്കിനെ ലാഭത്തിലേക്കെത്തിച്ചത്. ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 14.8 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 48,276 കോടി രൂപയിലെത്തി. മൊത്തം വായ്പ 19.4 ശതമാനം വളര്‍ച്ചയോടെ 22,426 കോടി രൂപയും നിക്ഷേപം 11.1 ശതമാനം വളര്‍ച്ചയോടെ 25,850 കോടി രൂപയുമായി. 73.8 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 10,134 കോടി രൂപയാണ് സുരക്ഷിത വായ്പയായി രേഖപ്പെടുത്തിയത്. മൊത്തം വായ്പയില്‍ 61 ശതമാനമാണ് സുരക്ഷിത വായ്പകള്‍.
സ്വര്‍ണ വായ്പകളിലും മികച്ച പുരോഗതിയാണ് ബാങ്കിനുള്ളത്. 54.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 8,858 കോടി രൂപയാണ് രേഖപ്പെടുത്തിയത്. റിസ്‌ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മൈക്രോഫിനാന്‍സ് വായ്പകളില്‍ കുറവുണ്ടായി. മുന്‍വര്‍ഷത്തെ നാലാം പാദത്തില്‍ 8,857 കോടി രൂപയായിരുന്ന മൈക്രോഫിനാന്‍സ് പോര്‍ട്ട്ഫോളിയോ 8,746 കോടി രൂപയായി കുറഞ്ഞു. ഇതോടെ ബാങ്കിന്റെ ആകെ വായ്പകളില്‍ മൈക്രോഫിനാന്‍സ് വിഭാഗത്തിന്റെ വിഹിതം 47 ശതമാനത്തില്‍ നിന്ന് 39 ശതമാനമായി താഴ്ന്നു.
അറ്റ പലിശ വരുമാനം 518 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 241 കോടി രൂപയും ഇതര വരുമാനം 201 കോടി രൂപയും രേഖപ്പെടുത്തി. 166.1 ശതമാനമാണ് പ്രവര്‍ത്തനലാഭത്തിലെ വാര്‍ഷിക വളര്‍ച്ച. ഇതര വരുമാനത്തില്‍ 39.2 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. ആസ്തി ഗുണമേന്മയില്‍ കാര്യമായ പുരോഗതിയുണ്ട്. മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍പാദത്തെ 5.6 ശതമാനത്തില്‍നിന്നും 5.4 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍പാദത്തെ 2.7 ശതമാനത്തില്‍നിന്നും 1.8 ശതമാനമായി കുറഞ്ഞു. ഈ മേഖലയിലേക്കുള്ള ബാങ്കിന്റെ നീക്കിയിരുപ്പ് 214 കോടി രൂപയാണ്. മൂലധന പര്യാപ്തത അനുപാതം 22.2 ശതമാനമെന്ന ശക്തമായ നിലയില്‍ തുടരുന്നു.
ആകെ നിക്ഷേപം 25,850 കോടി രൂപയായി ഉയര്‍ന്നു. 11.1 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. റീറ്റെയ്ല്‍ നിക്ഷേപം 9.4 ശതമാനം വളര്‍ച്ച നേടി 23,674 കോടി രൂപയിലെത്തി. കാസ (കറന്റ് അക്കൗണ്ട്: സേവിങ്‌സ് അക്കൗണ്ട്) അനുപാതം 23.9 ശതമാനം വളര്‍ച്ചയോടെ 6,181 കോടി രൂപയിലെത്തി. 2.3 ലക്ഷം പുതിയ ഇടപാടുകാരെയാണ് നാലാം പാദത്തില്‍ ബാങ്കിന് നേടാനായത്. ഇതോടെ ബാങ്കിന്റെ ആകെ ഇടപാടുകാരുടെ എണ്ണം 1 കോടി കവിഞ്ഞു.
'എംഎസ്എംഇ, കൃഷി, റീട്ടെയ്ല്‍, സ്വര്‍ണ വായ്പാ തുടങ്ങിയ സുരക്ഷിത വായ്പകളിലുണ്ടായ മികച്ച വളര്‍ച്ചയാണ് ബാങ്കിനെ ലാഭത്തിലേക്കെത്തിച്ചത്. മൊത്തം വായ്പകളുടെ 60 ശതമാനവും ഇത്തരം സുരക്ഷിത വായ്പകളാണ്. ആസ്തി ഗുണമേന്മ വര്‍ധിച്ചതും നിഷ്‌ക്രിയ ആസ്തികള്‍ കുറഞ്ഞതും ബാങ്ക് നടപ്പാക്കിയ ശക്തമായ നയങ്ങളുടെ ഫലമാണ്. സാങ്കേതികവിദ്യയിലുള്ള നിക്ഷേപം പ്രവര്‍ത്തനക്ഷമതയേയും ഉപഭോക്തൃ സേവനത്തെയും കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. വായ്പകളിലെ റിസ്‌ക് കുറച്ചും, ആസ്തികളുടെ ഗുണമേന്മ വര്‍ധിപ്പിച്ചും സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.'- ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. കെ പോള്‍ തോമസ് പറഞ്ഞു. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 16 പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ESAF Small Finance Bank posts ₹24 crore net profit in Q4, marking a significant recovery driven by a surge in gold loans and a growing customer base of over 1 crore.
Read DhanamOnline in English
Subscribe to Dhanam Magazine