നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2026-27) ഒന്നാം പാദത്തില്‍ (ഏപ്രില്‍ - ജൂണ്‍) മികച്ച തിരിച്ചുവരവ് നടത്തി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. മുന്‍ വര്‍ഷത്തെ സമാന പാദത്തിലെ നഷ്ടത്തില്‍ നിന്ന് കരകയറി 80.08 കോടി രൂപയുടെ അറ്റലാഭമാണ് (Net Profit) ബാങ്ക് രേഖപ്പെടുത്തിയത്. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (Q1 FY26) 81.22 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു ബാങ്കിനുണ്ടായിരുന്നത്.
തൊട്ടുമുമ്പത്തെ പാദമായ 2026 ജനുവരി-മാര്‍ച്ചിലെ (Q4 FY26) 23.51 കോടി രൂപ ലാഭവുമായി താരതമ്യം ചെയ്യുമ്പോള്‍ പാദാനുപാദ വളര്‍ച്ചയിലും (QoQ) കാര്യമായ പുരോഗതിയുണ്ട്.
ബാങ്ക് ലാഭത്തിലേക്ക് ഉയര്‍ന്നതിന്റെ വാര്‍ത്തകള്‍ക്ക് പിന്നാലെ ഈസാഫ് ഓഹരി വില 15 ശതമാനത്തോളം ഉയര്‍ന്നു.
ബാങ്കിന്റെ ആകെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ (YoY) 31.5% വര്‍ധിച്ച് 1,346.01 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 1,023.37 കോടി രൂപയായിരുന്നു. വായ്പകളില്‍ നിന്നുള്ള പലിശ വരുമാനം 828.23 കോടി രൂപയില്‍ നിന്ന് 1,097.77 കോടി രൂപയായി വര്‍ധിച്ചു.
പ്രൊസസിംഗ് ഫീസ്, തേര്‍ഡ് പാര്‍ട്ടി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, ആസ്തി പുനഃസംഘടന സ്ഥാപനങ്ങളില്‍ നിന്നുള്ള കളക്ഷന്‍ ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടുന്ന മറ്റ് വരുമാനം 195.14 കോടി രൂപയില്‍ നിന്ന് 248.24 കോടി രൂപയായി ഉയര്‍ന്നു.
വകയിരുത്തലുകള്‍ക്ക് മുമ്പുള്ള പ്രവര്‍ത്തന ലാഭം (PPOP) 124.92 കോടി രൂപയില്‍ നിന്ന് മൂന്നിരട്ടിയോളം വര്‍ധിച്ച് 348.98 കോടി രൂപയായി.
ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തില്‍ (Asset Quality) ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 7.48 ശതമാനത്തില്‍ നിന്ന് 5.40 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 3.77 ശതമാനത്തില്‍ നിന്നും കഴിഞ്ഞ പാദത്തിലെ 1.77 ശതമാനത്തില്‍ നിന്നും ഇടിഞ്ഞ് 0.83 ശതമാനത്തിലേക്ക് താഴേക്കെത്തി. മറ്റ് വകയിരുത്തലുകള്‍ക്കുമായി ഈ പാദത്തില്‍ 241.96 കോടി രൂപ മാറ്റിവെച്ചു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ ഇത് 234.12 കോടി രൂപയായിരുന്നു.
ബാങ്കിന്റെ CAR റേഷ്യോ (Basel II അനുസരിച്ച്) 23.86 ശതമാനത്തില്‍ സുരക്ഷിതമായി തുടരുന്നു. നിയന്ത്രണ ഏജന്‍സികള്‍ നിഷ്‌കര്‍ഷിക്കുന്ന പരിധിയേക്കാള്‍ മുകളിലാണിത്.R പാദത്തില്‍ ഇ.പി.എസ് 1.55 രൂപയായി രേഖപ്പെടുത്തി. മുന്‍വര്‍ഷമിത് മൈനസ് 1.58 രൂപയായിരുന്നു.
ടയര്‍-2 ക്യാപിറ്റല്‍ സമാഹരണത്തിന്റെ ഭാഗമായി ബാങ്ക് ഈ പാദത്തില്‍ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ വഴി 85 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. മൈക്രോ ഫിനാന്‍സ് മേഖലയിലെ പ്രതിസന്ധികള്‍ കുറഞ്ഞതും, സെക്യൂര്‍ഡ് വായ്പകളിലേക്ക് (Secured Loans) ബാങ്ക് ശ്രദ്ധ കേന്ദ്രീകരിച്ചതും സാമ്പത്തിക ഫലങ്ങളില്‍ പ്രതിഫലിച്ചിട്ടുണ്ട്.
വ്യാപാരം അവസാനിക്കുമ്പോള്‍ 17.05 ശതമാനം ഉയര്‍ച്ചയോടെ 42.70 രൂപയിലാണ് ഓഹരി. 2026-ല്‍ ഇതുവരെ ഈ ഓഹരി 54% ലാഭം നല്‍കിയിട്ടുണ്ട് ഓഹരി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരിയുടെ നേട്ടം 34 ശതമാനമാണ്.
Thrissur-based ESAF Small Finance Bank reports a strong turnaround in Q1 FY27, recording a net profit of ₹80.08 crore backed by asset quality improvement and revenue growth.
Read DhanamOnline in English
Subscribe to Dhanam Magazine