Image : Canva and Federal Bank 
Business Kerala

ഫെഡറല്‍ ബാങ്ക് ₹6,000 കോടിയുടെ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു, കണ്ണുവച്ച്‌ യു.എസ് വമ്പനും

നിരവധി പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങള്‍ ഓഹരി സ്വന്തമാക്കാനായി ബാങ്കിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

Dhanam News Desk

കടപ്പത്രങ്ങളും ഓഹരികളുമിറക്കി 6,000 കോടി രൂപ വരെ മൂലധനം സമാഹരിക്കാന്‍ ഒരുങ്ങി ഫെഡറല്‍ ബാങ്ക്. മൊത്തം 9.99 ശതമാനം പുതു മൂലധനം ബാങ്കിലേക്ക് കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി കെ.വി.എസ് മണിയന്‍ ചുമതലയേറ്റതിനു ശേഷമുള്ള പ്രധാന മൂലധന സമാഹരണ പദ്ധതിയാണിത്. പ്രത്യേക ഓഹരി വില്‍പ്പനയിലൂടെ ഒരു വലിയ സ്വകാര്യ ഇക്വിറ്റി സ്ഥാപനം ബാങ്കിന്റെ വലിയൊരു ന്യൂനപക്ഷ ഓഹരികള്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനയെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാധ്യത ബ്ലാക്ക് സ്റ്റോണിന്‌?

നിരവധി പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങള്‍ ഓഹരി സ്വന്തമാക്കാനായി ബാങ്കിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ തന്നെ യുഎസ് ആസ്ഥാനമായുള്ള ബ്ലാക്ക്സ്റ്റോണിനാണ് കൂടുതല്‍ സാധ്യതയെന്നാണ് അറിയുന്നത്.

പ്രിഫറന്‍ഷ്യല്‍ ഇഷ്യു വഴി വരുന്ന ഓഹരി ഉടമയ്ക്ക് ബാങ്കില്‍ ബോര്‍ഡ് അംഗത്വം ലഭിക്കാനുള്ള സാധ്യതയുണ്ട്‌. ഓഹരിയൊന്നിന് 210 - 215 രൂപ നിരക്കിലാകും പ്രിഫറന്‍ഷ്യല്‍ ഓഹരി വില്‍പ്പനയെന്നാണ് സൂചന.

മൂലധനം ശക്തിപ്പെടുത്താന്‍

കഴിഞ്ഞ ഒക്ടോബര്‍ 18നാണ് ഫെഡറല്‍ ബാങ്കിന്റെ മാനേജ്‌മെന്റ് ഫണ്ട് സമാഹരണ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നതായി പ്രഖ്യാപിച്ചത്. കടപ്പത്രങ്ങളും ഓഹരികളുമിറക്കി 6,000 കോടി രൂപ വരെ മൂലധനം സമാഹരിക്കാന്‍ ജൂണില്‍ ഫെഡറല്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം തീരുമാനിച്ചിരുന്നു.

ബാങ്കിന്റെ സാമ്പത്തിക കരുത്ത് കണക്കാക്കുന്ന മൂലധന റിസ്‌ക് വെയിറ്റഡ് ആസ്തി അനുപാതം 2025 മാര്‍ച്ചിലെ 16.4 ശതമാനത്തില്‍ നിന്ന് 2025 സെപ്റ്റംബറില്‍ 15.71 ശതമാനമായി കുറഞ്ഞതിനാലാണ് കൂടുതല്‍ ഫണ്ട് സ്വരൂപിക്കാന്‍ ബാങ്ക് തീരുമാനിച്ചത്. ഭാവിയിലെ നഷ്ടസാധ്യതകള്‍ നികത്താനുള്ള ബാങ്കിന്റെ മൂലധനം കുറവാണ് എന്നതാണ് ഇത് കാണിക്കുന്നത്, അതിനാല്‍ ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്താന്‍ ബാങ്ക് ആഗ്രഹിക്കുന്നു.

2024 സാമ്പത്തിക വര്‍ഷത്തില്‍, രണ്ട് രൂപ വിലയുള്ള ഏകദേശം 23 കോടി ഇക്വിറ്റി ഷെയറുകകള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്ലേസ്മെന്റ് (ക്യുഐപി) വഴി വിറ്റഴിച്ച് 3,040 കോടി (ഷെയര്‍ പ്രീമിയം ഉള്‍പ്പെടെ) രൂപ ബാങ്ക് സമാഹരിച്ചിരുന്നു. ഓഹരി ഒന്നിന് 131.90 രൂപ നിരക്കിലായിരുന്നു വില്‍പ്പന.

കൂടാതെ ബാങ്ക് 7.26 കോടി ഇക്വിറ്റി ഓഹരികളുടെ പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റ് വഴി 958.75 കോടി രൂപയും സമാഹരിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT