ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് (Federal Bank) 2025 സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ 991.94 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. തൊട്ടു മുന്‍വര്‍ഷം സമാനപാദത്തിലെ 1,096.25 കോടി രൂപയുമായി നോക്കുമ്പോള്‍ ലാഭം 9.51 ശതമാനം ഇടിഞ്ഞു.
ബാങ്കിന്റെ പലിശ വരുമാനം 5.4 ശതമാനം ഉയര്‍ന്ന് 2,495 കോടി രൂപയായി. വായ്പാ ബുക്കില്‍ 6.23 ശതമാനം വളര്‍ച്ചരേഖപ്പെടുത്തിയതാണ് ഇതിന് കാരണം. അറ്റ പലിശ വരുമാനത്തില്‍ 3.06 ശതമാനം കുറവുണ്ടായിട്ടുണ്ട്.
ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം 2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 1,644 കോടി രൂപയായി. തൊട്ട് മുന്‍ വര്‍ഷം സമാനപാദത്തില്‍ ഇത് 1,565 കോടി രൂപയായിരുന്നു.
മൊത്തവരുമാനം 3.75 ശതമാനം വര്‍ധനയോടെ 7824.33 കോടി രൂപയിലെത്തി. ഫീ വരുമാനം 13 ശതമാനം വര്‍ധനവോടെ 885.54 കോടി രൂപയായി.
ഇടപാടുകാര്‍ക്ക് ബാങ്കിലുള്ള വിശ്വാസത്തിന്റെയും ടീമിന്റെ പ്രവര്‍ത്തനമികവിന്റെയും തെളിവെന്ന നിലയില്‍ ബാങ്കിന്റെ കറന്റ് - സേവിംഗ്‌സ് അക്കൗണ്ട് ബിസിനസ് സുസ്ഥിരവും അര്‍ത്ഥപൂര്‍ണവുമായ വളര്‍ച്ച കൈവരിച്ചു കഴിഞ്ഞതായും വിവേകപൂര്‍വവും കണക്കുകൂട്ടിയുള്ളതുമായ നടപടികളിലൂടെ മിഡ് യീല്‍ഡ് വിഭാഗങ്ങളില്‍ ശ്രദ്ധകൊടുത്തുകൊണ്ട് വായ്പകളിലെ വൈവിധ്യവത്കരണം തുടരുകയാണെന്നും ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയന്‍ പറഞ്ഞു.
ബാങ്കിന്റെ മൊത്തം ബിസിനസ് ഇക്കാലയളവില്‍ 5,33,576.64 കോടി രൂപയായി ഉയര്‍ന്നു. നിക്ഷേപം മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 2,69,106.59 കോടി രൂപയില്‍ നിന്ന് 2,88,919.58 കോടി രൂപയായി വര്‍ധിച്ചു. 7.36 ശതമാനമാണ് വര്‍ധന.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു.
ആകെ വായ്പ മുന്‍ വര്‍ഷത്തെ 2,30,312.24 കോടി രൂപയില്‍ നിന്ന് 2,44,657.06 കോടി രൂപയായി വര്‍ധിച്ചു. 6.23 ശതമാനമാണ് വളര്‍ച്ചാനിരക്ക്. 4532.01 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.83 ശതമാനമാണിത്. അറ്റനിഷ്‌ക്രിയ ആസ്തി 1165.16 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.48 ശതമാനമാണിത്. 73.45 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം.
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (Gross NPA) 2.09 ശതമാനത്തില്‍ നിന്ന് 1.83 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 0.57 ശതമാനത്തില്‍ നിന്ന് 0.48 ശതമാനത്തിലേക്കും വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞു.
ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ (NIM) തൊട്ടു മുന്‍ പാദത്തിലെ 2.94 ശതമാനത്തില്‍ നിന്ന് 3.06 ശതമാനമായി ഉയര്‍ന്നു. അതേസമയം 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ 3.12 ശതമാനത്തില്‍ നിന്ന് നേരിയ ഇടിവുണ്ട്. വായ്പക്കാരില്‍ നിന്ന് ഈടാക്കുന്ന നിരക്കും നിക്ഷേപത്തിന് നല്‍കുന്ന പലിശയും തമ്മിലുള്ള അന്തരമാണിത്.
ബാങ്കിന്റെ കറന്റ് സേവിംഗ്‌സ് അക്കൗണ്ട് (CASA) റേഷ്യോ വര്‍ധിച്ചത് നേട്ടമാണ്. തൊട്ടു മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 30.07 ശതമാനത്തില്‍ നിന്ന് 31.01 ശതമാനമായാണ് വര്‍ധിച്ചത്. കാസ നിക്ഷേപം ബാങ്കുകളുടെ ഏറ്റവും ചെലവ് കുറഞ്ഞ ഫണ്ടിംഗ് മാര്‍ഗമാണ്. അതിനാല്‍ കാസ റേഷ്യോ ഉയര്‍ന്നാല്‍ മാര്‍ജിന്‍ ഉയരും.
ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 34819.84 കോടി രൂപയായി വര്‍ധിച്ചു. 15.71 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ മൊത്തം 1,595 ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2082 എ.ടി.എം/ സി.ഡി.എമ്മുകളുമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine