Business Kerala

ഫെഡറൽ ബാങ്കിന് സർവകാല റെക്കോർഡ് ലാഭം: അറ്റാദായം 45% വർധിച്ച് 1,386 കോടി രൂപയിലെത്തി

മൊത്തം വായ്പകൾ 3 ലക്ഷം കോടി രൂപയും ബിസിനസ്‌ 6.4 ലക്ഷം കോടി രൂപയും കടന്നു; കിട്ടാക്കടം ദശകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ

Dhanam News Desk

2026 സെപ്റ്റംബർ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ (Q2) എക്കാലത്തെയും ഉയർന്ന പാദവാർഷിക സാമ്പത്തിക പ്രകടനവുമായി ഫെഡറൽ ബാങ്ക്. മുൻ വർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ബാങ്കിന്റെ ലാഭം 45 ശതമാനം വർധിച്ച് 1,386 കോടി രൂപയായി ഉയർന്നു. പ്രധാന ബിസിനസ് മേഖലകളിലെ ശക്തമായ മുന്നേറ്റവും വായ്പാ ഗുണനിലവാരം മെച്ചപ്പെട്ടതുമാണ് ഈ ചരിത്രനേട്ടത്തിന് വഴിയൊരുക്കിയത്.

വരുമാനത്തിലും വായ്പയിലും വൻ വളർച്ച

അവലോകന പാദത്തിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 26.38 ശതമാനം വർധനയോടെ 3,153 കോടി രൂപയിലെത്തി. ഫീ ഇൻകം 31.86 ശതമാനം ഉയർന്ന് 1,168 കോടി രൂപയായി.

ബാങ്കിന്റെ മൊത്തം ബിസിനസ്‌ വാർഷികാടിസ്ഥാനത്തിൽ 20.12 ശതമാനം വർധിച്ച് 6.41 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ആകെ വായ്പ വിതരണം 21.66 ശതമാനം വർധനയോടെ 3.02 ലക്ഷം കോടി രൂപയിലെത്തി. 3 ലക്ഷം കോടി രൂപ വായ്പാ അടിത്തറയെന്ന വലിയ നേട്ടവും ഇതോടെ ബാങ്ക് സ്വന്തമാക്കി.

പ്രധാന വിഭാഗങ്ങളിലെ മികച്ച മുന്നേറ്റം

വിവിധ വായ്പാ വിഭാഗങ്ങളിൽ ബാങ്ക് ശക്തമായ വളർച്ച രേഖപ്പെടുത്തി:

  • ഗോൾഡ് ലോൺ: 37.13% വർധന

  • പ്രോപ്പർട്ടി ലോൺ: 32.21% വർധന

  • ക്രെഡിറ്റ് കാർഡ്: 28.27% വർധന

  • വാണിജ്യ ബാങ്കിംഗ് വായ്പകൾ: 25.46% വർധന

  • കൊമേർഷ്യൽ വെഹിക്കിൾ/എക്വിപ്മെന്റ് ലോൺ: 21.74% വർധന

  • കോർപ്പറേറ്റ് വായ്പകൾ: 17.19% വർധന

  • ബിസിനസ് ബാങ്കിംഗ്: 12.39% വർധന

ആകെ നിക്ഷേപം 18.61 ശതമാനം വർധിച്ച് 3.43 ലക്ഷം കോടി രൂപയായി. കാസാ (CASA) നിക്ഷേപം 103 ബിപിഎസ് വർധിച്ച് 1.09 ലക്ഷം കോടി രൂപയായി (ആകെ നിക്ഷേപത്തിന്റെ 32.04%). പ്രവാസി നിക്ഷേപങ്ങളിൽ 26.63 ശതമാനം വർധന രേഖപ്പെടുത്തി, 1.19 ലക്ഷം കോടി രൂപയായി ഉയർന്നു.

കിട്ടാക്കടം ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ആസ്തി ഗുണനിലവാരത്തിൽ വൻ പുരോഗതിയാണ് ബാങ്ക് കൈവരിച്ചത്. മൊത്തം നിഷ്ക്രിയ ആസ്തി (Gross NPA) 51 ബിപിഎസ് മെച്ചപ്പെട്ട് 1.32 ശതമാനമായും, അറ്റ നിഷ്ക്രിയ ആസ്തി (Net NPA) 31 ബിപിഎസ് മെച്ചപ്പെട്ട് 0.17 ശതമാനമായും കുറഞ്ഞു. ഇത് കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. പ്രൊവിഷൻ കവറേജ് അനുപാതം 86.78 ശതമാനമായി നിലനിന്നു.

ബാങ്കിന്റെ വരവ്-ചെലവ് അനുപാതം (Cost to Income Ratio) 196 ബിപിഎസ് നേട്ടത്തോടെ 52.08 ശതമാനമായി. ആസ്തിയിന്മേലുള്ള ആദായം (ROA) 1.32 ശതമാനവും, ഓഹരിയിന്മേലുള്ള ആദായം (ROE) 256 ബിപിഎസ് വർധിച്ച് 13.57 ശതമാനവുമായി. പ്രതി ഓഹരി ബുക്ക് മൂല്യം 166.32 രൂപയായി ഉയർന്നു. മൂലധന പര്യാപ്തതാ അനുപാതം 16.84 ശതമാനമാണ്.

ശക്തമായ അടിത്തറയോടെ മുന്നോട്ട്

എക്കാലത്തെയും ഉയർന്ന ലാഭവും ബിസിനസ്‌ നാഴികക്കല്ലുകളും കൈവരിക്കാനായത് ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളിലെ കരുത്ത് തെളിയിക്കുന്നതാണെന്ന് എംഡിയും സിഇഒയുമായ കെ.വി.എസ് മണിയൻ പറഞ്ഞു. വായ്പകളുടെ ഗുണനിലവാരം നിലനിർത്തിക്കൊണ്ട് വേഗത്തിൽ വളരാൻ സാധിക്കുന്നുണ്ട്. പലിശനിരക്കുകളിലെ മാറ്റങ്ങൾക്കിടയിലും സൂക്ഷ്മമായി ക്രമീകരിച്ച ബാലൻസ് ഷീറ്റും ശക്തമായ മൂലധന അടിത്തറയുമായി നടപ്പുവർഷത്തിന്റെ രണ്ടാം പകുതിയിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം പാദത്തിൽ തുറന്ന 12 പുതിയ ശാഖകൾ ഉൾപ്പെടെ ബാങ്കിന് നിലവിൽ 1,662 ബാങ്കിംഗ് ഔട്ട്ലെറ്റുകളാണുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT