ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് ഇന്നലെ (ജനുവരി 27) ഏറെ വൈകി മൂന്നാം പാദ (ഒക്‌ടോബര്‍-ഡിസംബര്‍) ഫലങ്ങള്‍ പ്രഖ്യാപിച്ചു, സമ്മിശ്ര പ്രകടനമാണ് രേഖപ്പെടുത്തുന്നത്.
അറ്റ പലിശ വരുമാനം ഉള്‍പ്പെടെ ബാങ്കിന്റെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം നേടാനായെങ്കിലും ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ മറ്റ് പല ബാങ്കുകളെയും പോലെ ഫെഡറല്‍ ബാങ്കും മാര്‍ജിന്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്.
അതേസമയം, കിട്ടാക്കടം ഫലപ്രദമായി മാനേജ് ചെയ്യാന്‍ ബാങ്കിന് സാധിച്ചത് ആസ്തി നിലവാരം മെച്ചപ്പെടുത്തി.
2024 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം വരുമാനം 7,725 കോടി രൂപ എന്ന റെക്കോര്‍ഡ് തൊട്ടു.
സമീപകാല പാദങ്ങളില്‍ വരുമാന വളര്‍ച്ച മന്ദഗതിയിലാണെങ്കിലും, ഇന്‍ഡസ്ട്രിയിലെ വായ്പ വളര്‍ച്ചയിലെ മാന്ദ്യം കണക്കാക്കുമ്പോള്‍ 17.17% എന്ന മെച്ചപ്പെട്ട വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
Federal Bank Q3 results - Key figures
ഈ പാദത്തില്‍ അറ്റ പലിശ വരുമാനത്തിലും (വായ്പകള്‍ക്ക് ലഭിച്ച പലിശയും നിക്ഷേപങ്ങള്‍ക്ക് നല്‍കിയ പലിശയും തമ്മിലുള്ള വ്യത്യാസം) റെക്കോര്‍ഡ് ഉയര്‍ച്ച നേടി. 2,431 കോടി രൂപയാണ് അറ്റ പലിശ വരുമാനം.
വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ ചെലവുകളും നിക്ഷേപങ്ങള്‍ക്കായുള്ള കടുത്ത മത്സരവും ഉള്‍പ്പെടെയുള്ള ഈ മേഖലയിലെ പ്രതിസന്ധികള്‍, മൂന്നാം പാദത്തിലെ ബാങ്കിന്റെ ലാഭം 955 കോടി രൂപയായി കുറച്ചു, മുന്‍ പാദത്തില്‍ രേഖപ്പെടുത്തിയ 1,057 കോടി രൂപ എന്ന റെക്കോര്‍ഡ് ലാഭവുമായി നോക്കുമ്പോള്‍ ഏകദേശം 10 ശതമാനത്തോളം കുറവു വന്നു. ലാഭ മാര്‍ജിനും മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 12.37 ശതമാനത്തിലേക്കെത്തി.
ഇന്‍ഡസ്ട്രി ട്രെന്‍ഡ് പിന്തുടര്‍ന്ന ബാങ്കിന്റെ CASA അനുപാതം (മൊത്തം നിക്ഷേപങ്ങളില്‍ കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ വിഹിതം) 2023 ഡിസംബറിലെ 30.63 ശതമാനത്തില്‍ നിന്ന് 2024 ഡിസംബര്‍ ആയപ്പോഴേക്കും 30.16 ശതമാനമായി കുറഞ്ഞു.
ബാങ്കുകളെ സംബന്ധിച്ച് ഏറ്റവും ചെലവ് കുറഞ്ഞ ഫണ്ടിംഗ് മാര്‍ഗമാണ് കാസ നിക്ഷേപങ്ങള്‍. ഇതില്‍ കുറവ് വരുന്നത് ബാങ്കിന്റെ ഉയര്‍ന്ന നിക്ഷേപ ചെലവുകളെയാണ് സൂചിപ്പിക്കുന്നത്.
ബാങ്കിംഗ് മേഖലയില്‍ കിട്ടാക്കടം വര്‍ധിക്കുന്നുവെന്ന ആശങ്കകള്‍ക്കിടയിലും ഫെഡറല്‍ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (GNPA) 1.95 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തികള്‍ (NNPA) 0.49 ശതമാനമായും മെച്ചപ്പെട്ടു. ബാങ്കിന്റെ ആസ്തി നിലവാരം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച നിലയില്‍ എത്തിയിട്ടുണ്ട്.
ഉയര്‍ന്ന മൂല്യമുള്ളതും ചെലവേറിയതുമായ നിക്ഷേപങ്ങള്‍ക്ക് പകരം സൂക്ഷ്മമായ ചില്ലറ വില്‍പ്പന നിക്ഷേപ വളര്‍ച്ചയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയന്‍ അഭിപ്രായപ്പെട്ടു.
''വളര്‍ച്ചയ്ക്ക് വേണ്ടി കുറഞ്ഞ വരുമാനമുള്ളതോ ഉയര്‍ന്ന അപകടസാധ്യതയുള്ളതോ ആയ ആസ്തികള്‍ ബോധപൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ട്. ഈ അച്ചടക്കമുള്ള സമീപനം, വായ്പകളില്‍ 15 ശതമാനവും നിക്ഷേപങ്ങളില്‍ 11 ശതമാനവും വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചു ഇത് ഈ ഇന്‍ഡസ്ട്രിയില്‍ തന്നെ മത്സരാത്മകമായ സ്ഥാനത്ത് ബാങ്കിനെ നിലനിര്‍ത്തുന്നു.''-മണിയന്‍ കൂട്ടിച്ചേര്‍ത്തു.
2024 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച്, ബാങ്കിന്റെ മൊത്തം ബിസിനസ് 4,96,745 കോടി രൂപയായി. ഇതില്‍ 2,66,375 കോടിരൂപ നിക്ഷേപവും 2,30,370 കോടി മൊത്ത വായ്പകളുമാണ്.
ഫെഡറല്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 46 പുതിയ ശാഖകള്‍ കൂടി തുറന്നുകൊണ്ട് മൊത്തം ശാഖാകളുടെ എണ്ണം 1,550 ആക്കി ഉയര്‍ത്തി.
ഇന്ന് രാവിലത്തെ വ്യാപാരത്തില്‍ ആറ് ശതമാനത്തോളം ഇടിവിലാണ് ഫെഡറൽ ബാങ്ക് ഓഹരി. മാര്‍ജിന്‍ താഴേക്ക് പോകുന്നതും ലാഭം ഇടിഞ്ഞതും നിക്ഷേപകരെ ആശങ്കയിലാക്കിയതാണ് ഓഹരി വിലയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 23 ശതമാനത്തോളം നേട്ടം ഫെഡറല്‍ ബാങ്ക് ഓഹരി കാഴ്ചവച്ചിട്ടുണ്ട്. ജനുവരിയില്‍ ഇതുവരെ 10 ശതമാനത്തിലധികം ഇടിവും രേഖപ്പെടുത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine