ഇന്ന് കേരളം ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കുകളായ സൗത്ത് ഇന്ത്യന്‍ ബാങ്കും ഫെഡറല്‍ ബാങ്കും ഓഹരി വിപിണിയില്‍ കാഴ്ചവച്ചത് വന്‍ മുന്നേറ്റം. ഫെഡറല്‍ ബാങ്ക് ഓഹരി വില എട്ട് ശതമാനം വരെ ഉയര്‍ന്നപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി കുതിച്ചത് 18 ശതമാനത്തോളം.
നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറിലെ മികച്ച പ്രവര്‍ത്തന ഫലങ്ങളാണ് ഓഹരികള്‍ക്ക് മുന്നേറ്റത്തിന് അവസരം നല്‍കിയത്. രാജ്യത്തെ മറ്റ് മിഡ്‌ക്യാപ്, സ്‌മോള്‍ക്യാപ് ബാങ്ക് ഓഹരികളായ ഡിസിബി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ആര്‍.ബി.എല്‍ ബാങ്ക്, എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയും ഇന്ന് വലിയ മുന്നേറ്റത്തിലാണ്.
ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഇന്ന് എട്ട് ശതമാനം ഉയര്‍ന്ന് 229.49 എന്ന റെക്കോഡിലെത്തി. ഒറ്റ ദിവസം ഓഹരി രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മുന്നേറ്റമാണിത്.
Also Read: ഫെഡറല്‍ ബാങ്കിന് 992 കോടി രൂപ ലാഭം, നിക്ഷേപത്തിലും വായ്പാ വിതരണത്തിലും വര്‍ധന
ശനിയാഴ്ചയാണ് ബാങ്ക് രണ്ടാം പാദഫലങ്ങള്‍ പുറത്തുവിട്ടത്. ബാങ്കിന്റെ ലാഭത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ആസ്തി നിലവാരം മെച്ചപ്പെടുകയും വായ്പാ ചെലവുകള്‍ കുറയുകയും ചെയ്തതാണ് ഗുണകരമായത്. രണ്ടാം പാദത്തില്‍ ബാങ്ക് വായ്പകളില്‍ രണ്ടക്ക വളര്‍ച്ച നേടുമെന്ന പ്രതീക്ഷകളും ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിദിന നേട്ടത്തിലേക്ക് ഓഹരിയെ നയിച്ചു.
നടപ്പു വര്‍ഷത്തെ രണ്ടാം പാദത്തില്‍ ബാങ്കിന്റെ ലാഭം 9.5 ശതമാനം ഇടിവോടെ 991.94 കോടി രൂപയായി.
ഭാവിയില്‍ ഉണ്ടായേക്കാവുന്ന നഷ്ടങ്ങള്‍ നികത്താന്‍ കൂടുതല്‍ പണം (പ്രൊവിഷന്‍സ്) നീക്കിവയ്‌ക്കേണ്ടി വന്നതാണ് ലാഭത്തില്‍ പ്രതിഫലിച്ചത്.
ബാങ്കിന്റെ അറ്റ പലിശ വരുമാനം 5.4 ശതമാനം ഉയര്‍ന്ന് 2,495 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ നേരിയ ഇടിവോടെ 3.06 ശതമാനമായി.
ബാങ്കിന്റെ ഫലപ്രഖ്യാപനത്തിനു പിന്നാലെ ബ്രോക്കറേജുകള്‍ സമ്മിശ്ര റേറ്റിംഗുകളാണ് ഓഹരിക്ക് നല്‍കുന്നത്. ജെ.എം ഫിനാന്‍ഷ്യല്‍ ഓഹരിയുടെ സ്റ്റാറ്റസ് കൈവശം വയ്ക്കുക (ഹോള്‍ഡ്) എന്നതില്‍ നിന്ന് കുറയ്ക്കുക (റെഡ്യൂസ്) എന്ന് ആക്കിയിട്ടുണ്ട്. അതേസമയം ഓഹരിയുടെ ലക്ഷ്യവില 190 രൂപയില്‍ നിന്ന് 210 രൂപയാക്കി ഉയര്‍ത്തി. മാര്‍ജിനും ഫീ വരുമാനവും ഉയര്‍ത്താനുള്ള ബാങ്ക് മുന്‍ഗണന നല്‍കുന്നുണ്ട്. എന്നാല്‍ മൊത്തത്തിലുള്ള വളര്‍ച്ച മന്ദഗതിയിലികാമെന്നും മൊക്രോഫിനാന്‍സ് വായ്പകളുടെ നിലവാരം സ്റ്റെഡി അല്ലെന്നുമാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്.
മറ്റൊരു ബ്രോക്കറേജ് ആയ മോര്‍ഗന്‍ സ്റ്റാന്‍ലി ഫെഡറല്‍ ബാങ്ക് ഓഹരിക്ക് നല്‍കിയ ഓവര്‍ വെയിറ്റ് സ്റ്റാറ്റസ് നിലനിര്‍ത്തി. ലക്ഷ്യവില 220 രൂപയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ കണക്കുകൂട്ടലുകള്‍ക്കും മുകളിലാണ്. കാസയിലുണ്ടായ വളര്‍ച്ചയാണ് ഇതിന് പിന്തുണയേകിയത്. ആസ്തി നിലവാരം മെട്ടപ്പെട്ടത് ഇ.പി.എസ് പ്രതീക്ഷ അഞ്ച് ശതമാനമാക്കിയതായും ബ്രോക്കറേജ് വിലയിരുത്തുന്നു.
തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഇന്ന് 18 ശതമാനത്തോളം ഉയര്‍ന്നു. രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന ലാഭം രേഖപ്പെടുത്തിയതാണ് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്. വായ്പാ ചെലവുകള്‍ കുറഞ്ഞത് ബാങ്കിന് ഗുണമായി.
റിട്ടേണ്‍ ഓണ്‍ അസറ്റ് (RoA) ഒരു ശതമാനത്തില്‍ നിലനിര്‍ത്താനായി. അറ്റ പലിശ മാര്‍ജിന്‍ കുത്തനെ ഇടിഞ്ഞു. എം.എസ്.എം.ഇ വായ്പകളില്‍ വളര്‍ച്ചയുണ്ടെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടുന്നു.
ഓഹരിക്ക് 42 രൂപയാണ് ബ്രോക്കറേജ് ലക്ഷ്യവില കണക്കാക്കുന്നത്. ഇന്ന് ഓഹരി വില എക്കാലത്തെയും റെക്കോഡായ 38.40 രൂപയിലെത്തി. ഈ വര്‍ഷം ഇതുവരെ 50 ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്. ഒരു വര്‍ഷക്കാലയളവില്‍ 53 ശതമാനവും നേട്ടം നല്‍കിയിട്ടുണ്ട്.
Federal Bank and South Indian Bank shares soar after strong Q2 results, hitting record highs in the stock market.
Read DhanamOnline in English
Subscribe to Dhanam Magazine