Image Courtesy: istock 
Business Kerala

ഉത്സവകാലത്ത്‌ സ്വര്‍ണാഭരണ വില്‍പനയില്‍ 28% ഇടിവ്! ചുവടു മാറ്റി ഉപയോക്താക്കള്‍, ട്രെന്‍ഡിനൊപ്പം വ്യാപാരികളും

മുന്‍ വര്‍ഷം 50 ടണ്‍ ആയിരുന്നു ഉത്സവകാല വില്‍പ്പന

Dhanam News Desk

സ്വര്‍ണ വിലകുതിപ്പ് തുടരുമ്പോള്‍ ആഭരണ ഡിമാന്‍ഡില്‍ വന്‍ കുറവ്. കഴിഞ്ഞ രക്ഷാബന്ധന്‍ മുതല്‍ ഓണം വരെയുള്ള ഉത്സവകാലത്ത് വില്‍പ്പനയില്‍ 28 ശതമാനമാണ് ഇടിവ്. മുന്‍ വര്‍ഷം 50 ടണ്‍ ആയിരുന്ന വില്‍പ്പന 28 ശതമാനം കുറഞ്ഞതായി ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷന്‍ പറയുന്നു.

മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് - അല്ലെങ്കില്‍ കോവിഡ് മുതലുള്ള ഈ കാലയളവിലെ ഏറ്റവും വലിയ ഇടിവാണ് ആഭരണങ്ങളിലുണ്ടായിരിക്കുന്നത്. സ്വര്‍ണ വിലയില്‍ 49% വാര്‍ഷിക വര്‍ധനവുണ്ടായതാണ് ഇതിന് കാരണമെന്ന് ജ്വല്ലറികള്‍ പറയുന്നു. വില കുത്തനെ ഉയര്‍ന്നത് ഉപയോക്താക്കളെ പിന്നോട്ട് വലിച്ചു. പലരും ആഭരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് പൂര്‍ണമായും മാറി നിന്നു. വാങ്ങിയവര്‍ കൂടുതലും വിലകുറവ് നോക്കി കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തിലേക്കും ലൈറ്റ്‌വെയിറ്റ് ആഭരണങ്ങളിലേക്കും മാറിയതും വില്‍പ്പനയെ ബാധിച്ചു.

ഓണക്കാല വില്‍പ്പനയിലും ഇടിവ്‌

കഴിഞ്ഞ ഓണക്കാലത്തേക്കാള്‍ ഇത്തവണ വില്‍പ്പന 15 ശതമാനം കുറഞ്ഞതായാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ വില ഉയര്‍ന്ന് നില്‍ക്കുന്നത് വില്‍പ്പന മൂല്യം 25-30 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.

നവരാത്രി, ദീപാവലി സമയങ്ങളിലും തുടര്‍ന്നുള്ള വിവാഹ സീസണിലുമുണ്ടാകുന്ന ഡിമാന്‍ഡാണ് പൊതുവേ സ്വര്‍ണ വില്‍പ്പനയുടെ ട്രെന്‍ഡ് നിശ്ചിക്കുന്നത്. നിലവില്‍ നോര്‍ത്ത് ഇന്ത്യയില്‍ സ്വര്‍ണ വില്‍പ്പന കുറഞ്ഞ് നില്‍ക്കുന്ന മാസങ്ങളാണ്. ദീപാവലി, നവരാത്രിക്കാലത്തേക്കുള്ള ബുക്കിംഗ് മാത്രമാണ് ഇപ്പോള്‍ നടക്കാറുള്ളത്. എന്നാല്‍ മുന്‍കാലങ്ങളേക്കാള്‍ വലിയ കുറവാണിതെന്ന് ജുവലറി രംഗത്തുള്ളവര്‍ പറയുന്നു.

ട്രെന്‍ഡ് മാറ്റം

കേരളത്തില്‍ കൂടുതലും 22 കാരറ്റ് ട്രഡീഷണല്‍ ആഭരണങ്ങളോടായിരുന്നു ആളുകള്‍ താത്പര്യം കാണിച്ചിരുന്നത്. ഇപ്പോള്‍ അത് 14 കാരറ്റിലേക്കും ഒമ്പത് കാരറ്റിലേക്കും മാറി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടര മടങ്ങ് വരെ വളര്‍ച്ച ലൈറ്റ് വെയിറ്റ് ആഭരണ വില്‍പ്പനയിലുണ്ടാകുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇന്നത്തെ സ്വര്‍ണത്തിന്റെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഏറ്റവും കുറഞ്ഞത് 88,000 രൂപയ്ക്കടുത്ത് മുടക്കേണ്ടി വരും. 14 കാരറ്റ് ആണെങ്കില്‍ 56,000 രൂപയും ഒമ്പത് കാരറ്റാണെങ്കില്‍ 36,000 രൂപയും മതിയാകും.

പക്ഷെ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെയും തൂക്കത്തില്‍ വലിയ വ്യത്യാസം ഇപ്പോള്‍ വരുന്നുണ്ട്. നേരത്തെ 7-12 ഗ്രാമിലായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 7-10 ഗ്രാം ആയി ചുരുങ്ങിയിട്ടുണ്ട്. ട്രെന്‍ഡിനനുസരിച്ചുള്ള ആഭരണങ്ങളിലൂടെ വിപണി പിടിക്കാനുള്ള ശ്രമിത്തിലാണ് വ്യാപാരികള്‍. 18 കാരറ്റില്‍ ഹെവി ഡിസൈനിലും ക്ലാസിക് ശൈലിയിലുമുള്ള ആഭരണങ്ങളും സ്വര്‍ണാഭരണശാലകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Festive Gold Purchases Slide Over 25% as Consumers Tighten Spending

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT