Image Courtesy: Canva 
Business Kerala

കേരളത്തിലെ ആദ്യത്തെ നൈറ്റ് ലൈഫ് പദ്ധതി കൊച്ചിയില്‍ അല്ല, തിരുവനന്തപുരത്ത്

രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ മാനവീയം വീഥി ഉണര്‍ന്നിരിക്കും

Dhanam News Desk

നൈറ്റ് ലൈഫ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിലെ ആദ്യത്തെ നൈറ്റ് ലൈഫ് പദ്ധതി ഈ മാസം തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ ആരംഭിക്കും. അടുത്ത മാസത്തോടെ പദ്ധതി പൂര്‍ണതയില്‍ എത്തുമെന്നാണ് അറിയുന്നത്. കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് പദ്ധതി കൊച്ചിയില്‍ ആരംഭിക്കുമെന്ന് ഊഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും അത്തരത്തിലുള്ള സൂചനകള്‍ ഒന്നും തന്നെ വന്നിരുന്നില്ല. മാത്രമല്ല എറണാകുളം മറൈന്‍ ഡ്രൈവില്‍ രാത്രി 10.30ന് ശേഷം രാത്രി സഞ്ചാരമോ വില്‍പ്പനയോ പാടില്ലെന്ന് കോര്‍പ്പറേഷന്‍ ഈയടുത്ത് നിര്‍ദേശിച്ചിരുന്നു.

ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ കേരളത്തില്‍ രാത്രികാല ടൂറിസം നിയന്ത്രണങ്ങളോടെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതിന്റെ തുടക്കമാണ് തിരുവനന്തപുരത്ത്  നടക്കുക.

ഭക്ഷണവും കലാപരിപാടികളും ഉള്‍പ്പെടെ രാത്രി ജീവിതം ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ മാനവീയം വീഥിയില്‍ ഒരുക്കും. രാത്രി 8 മുതല്‍ പുലര്‍ച്ചെ 5 വരെ മാനവീയം വീഥി സജീവമായിരിക്കും. കുടുംബശ്രീ അംഗങ്ങളുടെ കടകളും വ്യത്യസ്ത കലാപരിപാടികളും വീഥിയിലുണ്ടാകും.

നിരീക്ഷിക്കാന്‍ മാനേജിംഗ് കമ്മിറ്റി

നൈറ്റ് ലൈഫ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മാനേജിംഗ് കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. മേയര്‍ ചെയര്‍മാനായും ജില്ലാ കലക്ടര്‍ കോ ചെയര്‍മാനായും നഗരസഭ സെക്രട്ടറി കമ്മിറ്റി സെക്രട്ടറിയായും സബ് കലക്ടര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന കമ്മിറ്റിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.

കോര്‍പ്പറേഷന്‍ നിയോഗിക്കുന്ന മാനേജിങ് കമ്മിറ്റിയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി (ഡി.ടി.പി.സി) സഹകരിച്ച് സാംസ്‌കാരിക ഇടനാഴിയില്‍ നടക്കുന്ന വിവിധ പരിപാടികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കും. ഇവന്റുകള്‍ രണ്ട് വിഭാഗങ്ങളിലായി രജിസ്റ്റര്‍ ചെയ്യും. എല്ലാ വാണിജ്യ പരിപാടികള്‍ക്കും ഫീസ് ഈടാക്കും, വാണിജ്യേതര ഇവന്റുകള്‍ സൗജന്യമായി നടത്താം.

കൂടുതല്‍ സൗകര്യങ്ങള്‍

മാനവീയം വീഥിയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരമുള്ള ശേഷിക്കുന്ന പ്രവൃത്തികള്‍ ഒക്ടോബര്‍ 25 ന് മുമ്പ് പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടിയും പുരോഗമിക്കുകയാണ്.

ലൈറ്റിംഗുകളും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. കെല്‍ട്രോണിന്റെ 200 മീറ്റര്‍ നീളമുള്ള ഭിത്തിയുടെ ഒരു ഭാഗം പ്രദര്‍ശനങ്ങള്‍ നടത്തുന്നതിന് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കും. നിലവില്‍ അവിടെയുള്ള മില്‍മയുടെ സ്റ്റാള്‍ പുതിയ കടയിലേക്ക് മാറ്റാനും പുതുതായി നിര്‍മിച്ചിട്ടുള്ള കടകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനും തീരുമാനമായി. വൈദ്യുതി, വെള്ളം, മാലിന്യ സംസ്‌കരണം എന്നിവ പൂര്‍ണമായി നഗരസഭയുടെ ചുമതല ആയിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT