Image: canva 
Business Kerala

വിഴിഞ്ഞം 'അദാനി' തുറമുഖത്തിന് പേര് ഉടന്‍, ആദ്യ കപ്പല്‍ ഒക്ടോബര്‍ നാലിന്

ചരക്കു കപ്പലുകളെത്തുന്നത് ചൈനയില്‍ നിന്ന്

Dhanam News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. അദാനി ഗ്രൂപ്പ് നിര്‍മിച്ച് പ്രവര്‍ത്തന മേല്‍നോട്ടം നടത്തുന്ന തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോ പ്രകാശനവും ഈ മാസം 20ന് രാവിലെ 11ന് മാസ്‌കോട്ട് ഹോട്ടലില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

തുറമുഖത്തേക്കുള്ള ആദ്യ ചരക്ക് കപ്പല്‍ ഒക്ടോബര്‍ നാലിന് വൈകിട്ട് നാലിന് തീരമണയും. ഒക്ടോബര്‍ 28ന് രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി തുടര്‍ന്നുള്ള ചരക്ക് കപ്പലുകളുമെത്തും. ചൈനയിലെ ഷാങ്ഹായിൽ നിന്ന് തുറമുഖത്തിനാവശ്യമായ കൂറ്റന്‍ ക്രെയിനുകള്‍ വഹിച്ചാണ് ആദ്യകപ്പല്‍ എത്തുന്നത്. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ പോര്‍ട്ട് അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ കപ്പലിനെ സ്വീകരിക്കും.

ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രെയിനുകളാണ് വിഴിഞ്ഞത്ത് സജ്ജീകരിക്കുന്നത്. ഡ്രെജിംഗ് ആവശ്യമില്ലാത്ത സ്വാഭാവിക ആഴം 20 മീറ്ററില്‍ അധികമുള്ള അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടയ്നര്‍ തുറമുഖവും ലോകത്തെ രണ്ടാമത്തെ തുറമുഖവുമാണ് വിഴിഞ്ഞം. പുലിമുട്ടിന്റെ മുക്കാല്‍ ഭാഗവും നിര്‍മിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 400 മീറ്റര്‍ ബര്‍ത്തിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.

ഈ മാസം 20ന് രാവിലെ 11ന് മസ്‌കോട്ട് ഹോട്ടലില്‍ അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ സംബന്ധിക്കും.

ഷിപ്പിംഗ് സമ്മേളനം

ലോകത്തെ ഷിപ്പിങ് ലൈനിലുള്ള നൂറോളം കമ്പനികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഒക്ടോബര്‍ അവസാനവാരം ഇന്റര്‍നാഷനല്‍ ഷിപ്പിങ് കോണ്‍ക്ലേവ് സംഘടിപ്പിക്കും. മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിക്കും.

മുംബൈയില്‍ ഒക്ടോബര്‍ രണ്ടാം വാരത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മറൈന്‍ എക്സിബിഷനില്‍ കേരള മാരിടൈം ബോര്‍ഡും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയായ വിസിലും പങ്കെടുക്കും. കേരളത്തിന്റെ മറൈന്‍ നിക്ഷേപക സാധ്യതകള്‍, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നിവയെ ലോക നിക്ഷേപക സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന കേരള പവലിയനും തയാറാക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT