Business Kerala

സിയാലിൽ ഫ്ലൈനാസിന്റെ ആദ്യ സർവീസ് എത്തി: കൊച്ചി - റിയാദ് നേരിട്ടുള്ള വിമാന സർവീസിന് തുടക്കം

മലയാളി പ്രവാസികൾക്ക് റിയാദിലേക്കുള്ള യാത്ര കൂടുതൽ ബഡ്ജറ്റ് ഫ്രണ്ട്‌ലിയും സുഗമവുമാക്കും

Dhanam News Desk

സൗദി അറേബ്യൻ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് (Flynas) കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (CIAL) പ്രവർത്തനമാരംഭിച്ചു. വിമാനത്താവളത്തിൽ ഇന്ന് (സെപ്റ്റംബർ 2) രാവിലെ എത്തിയ കന്നി വിമാനത്തിന് സിയാൽ പരമ്പരാഗതമായ ജലപീരങ്കി അഭിവാദ്യം (Water garland) നൽകി സ്വീകരിച്ചു. കൊച്ചിയിൽ നിന്നും സൗദി തലസ്ഥാനമായ റിയാദിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള വിമാന സർവീസ് സെപ്റ്റംബർ 2 മുതൽ ഔദ്യോഗികമായി ആരംഭിക്കുകയാണ്.

ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഫ്ലൈനാസ് കൊച്ചിയിലേക്ക് നടത്തുന്നത്. XY399, XY400 എന്നീ ഫ്ലൈറ്റ് നമ്പറുകളിലായിരിക്കും ഈ സർവീസുകൾ ലഭ്യമാകുക. യാത്രക്കാർക്കായി 174 സീറ്റുകളുള്ള എയർബസ് A320 വിമാനമാണ് സർവീസിനായി കമ്പനി സജ്ജമാക്കിയിട്ടുള്ളത്. സമയക്രമം അനുസരിച്ച്, റിയാദിൽ നിന്നുള്ള മടക്കവിമാനം രാവിലെ 8.05-ന് കൊച്ചിയിലെത്തും. തുടർന്ന് കൊച്ചിയിൽ നിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50-ന് പുറപ്പെടുകയും ചെയ്യും.

നിലവിൽ സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ നഗരങ്ങളിലേക്ക് സിയാലിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, സൗദിയ എന്നീ വിമാനക്കമ്പനികൾ നേരിട്ടുള്ള സർവീസുകൾ നടത്തുന്നുണ്ട്. അതിനുപുറമെയാണ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുന്ന ഫ്ലൈനാസിന്റെ പുതിയ വിമാനങ്ങൾ കൂടിയെത്തുന്നത്. ഇത് മലയാളി പ്രവാസികൾക്ക് റിയാദിലേക്കുള്ള യാത്ര കൂടുതൽ ബഡ്ജറ്റ് ഫ്രണ്ട്‌ലിയും സുഗമവുമാക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT