ഫോബ്‌സ് ഇന്ത്യ അതിസമ്പന്ന പട്ടികയില്‍ ഒന്നാമതെത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 105 ബില്യന്‍ (9.3 ലക്ഷം കോടിരൂപ)യാണ് അംബാനിയുടെ സ്വത്ത്. സ്വത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 1.2 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായെന്നും ഫോബ്‌സ് പട്ടികയില്‍ പറയുന്നു. ആദ്യ നൂറില്‍ മുത്തൂറ്റ് കുടുംബം ഉള്‍പ്പെടെ 8 മലയാളികളും സ്ഥാനം പിടിച്ചു. വ്യക്തിഗത സമ്പാദ്യത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് മുന്നില്‍.
വ്യക്തിഗത സമ്പാദ്യത്തില്‍ രാജ്യത്ത് രണ്ടാമതെത്തിയത് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ്. 92 ബില്യന്‍ ഡോളറാണ് (ഏകദേശം 8.1 ലക്ഷം കോടി രൂപ) അദാനിയുടെ പേരിലുള്ള സ്വത്തുക്കള്‍. ഹിന്‍ഡെന്‍ബെര്‍ഗ് കേസില്‍ അദാനിക്ക് സെബിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതും ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പട്ടികയിലുള്ള ആദ്യ നൂറ് പേരുടെ സമ്പാദ്യത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 100 ബില്യന്‍ ഡോളര്‍ (ഏകദേശം 8.8 ലക്ഷം കോടി) അല്ലെങ്കില്‍ ഒമ്പത് ശതമാനത്തിന്റെ കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ മൂന്ന് ശതമാനത്തോളം ഇടിഞ്ഞതുമാണ് കുറവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ സാവിത്രി ജിന്‍ഡാലാണ് മൂന്നാം സ്ഥാനത്തുള്ളത്. ആദ്യ പത്തിലെ ഏക വനിതയും സാവിത്രിയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.5 ബില്യന്‍ ഡോളര്‍ കുറഞ്ഞ് 40.2 ബില്യന്‍ ഡോളറാണ് സാവിത്രിയുടെ പേരിലുള്ള സ്വത്ത്. 34.2 ബില്യന്‍ ഡോളറിന്റെ സ്വത്തുമായി സുനില്‍ മിത്തല്‍ ഇക്കുറി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ കൊല്ലം നാലാം സ്ഥാനത്തുണ്ടായിരുന്ന ടെക് കോടീശ്വരന്‍ ശിവ് നാടാര്‍ ഇത്തവണ അഞ്ചിലേക്കെത്തി. 33.2 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ സ്വത്ത്.
ഇക്കുറി ചില പുതിയ അതിഥികളും പട്ടികയിലുണ്ട്. വാരി എനര്‍ജീസിന്റെ ദോശി സഹോദരങ്ങള്‍ (Doshi brothers) പട്ടികയില്‍ 37ാം സ്ഥാനത്തെത്തി. 7.5 ബില്യന്‍ ഡോളറാണ് ഇവര്‍ക്കുള്ള സ്വത്ത്. രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ പാനല്‍ നിര്‍മാണ കമ്പനിയായ വാരീ എനര്‍ജീസിന്റെ വിപണി പ്രവേശനമാണ് സമ്പത്ത് വര്‍ധിപ്പിച്ചത്. ഡിക്‌സണ്‍ ടെക്‌നോളജീസിന്റെ ചെയര്‍മാനും സ്ഥാപകനുമായ സുനില്‍ വചാനിയാണ് പട്ടികയിലെ മറ്റൊരു പുതുമുഖം. 3.85 ബില്യന്‍ ഡോളറിന്റെ സ്വത്തുമായി 80ാം സ്ഥാനത്താണ് സുനില്‍ ഇടംപിടിച്ചത്. സാംസംഗ്, ഷവോമി തുടങ്ങിയ കമ്പനികള്‍ക്ക് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഡിക്‌സണ്‍ ടെക്‌നോളജീസ്.
ഫോബ്‌സ് പട്ടികയില്‍ മലയാളി സമ്പന്നരും മികച്ച പ്രകടനമാണ് നടത്തിയത്. വ്യക്തിഗത സമ്പന്നരില്‍ മുന്നില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ്. ഇന്ത്യയിലെ സമ്പന്ന പട്ടികയില്‍ 49ാമതാണ് യൂസഫലിയുടെ സ്ഥാനം. 5.85 ബില്യന്‍ ഡോളറാണ് (ഏകദേശം 51,939 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.ലോകസമ്പന്ന പട്ടികയില്‍ 713ാം സ്ഥാനത്താണെന്നും ഫോബ്‌സ് റിപ്പോര്‍ട്ട് പറയുന്നു.
5.3 ബില്യന്‍ ഡോളര്‍ (ഏകദേശം 47,000 കോടി രൂപ) ആസ്തിയോടെ ജോയ് ആലുക്കാസ് മാനേജിംഗ് ഡയറക്ടര്‍ ജോയ് ആലുക്കാസ് ആണ് മലയാളി സമ്പന്നരിലെ രണ്ടാമന്‍. പട്ടികയില്‍ 54ാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. മുത്തൂറ്റ് ഫാമിലിയാണ് ഏറ്റവും സമ്പന്ന കുടുംബം. 10.4 ബില്യന്‍ ഡോളറിന്റെ (ഏകദേശം 92,335 കോടി രൂപ) ആകെ ആസ്തിയാണ് മുത്തൂറ്റ് കുടുംബത്തിനുള്ളത്.
4.1 ബില്യന്‍ ഡോളര്‍ ( ഏകദേശം 36,400 കോടി രൂപ) ആസ്തിയോടെ രവി പിള്ള (73ാം സ്ഥാനം), 4 ബില്യന്‍ ഡോളര്‍ (ഏകദേശം 35,514 കോടി രൂപ) ആസ്തിയോടെ സണ്ണി വര്‍ക്കി (78ാം സ്ഥാനം), 3.7 ബില്യന്‍ (32,851 കോടി രൂപ) ആസ്തിയോടെ ക്രിസ് ഗോപാലകൃഷ്ണന്‍ (84ാം സ്ഥാനം), 3.6 ബില്യന്‍ (31,963 കോടി രൂപ) ആസ്തിയോടെ പിഎന്‍സി മേനോന്‍ (87ാം സ്ഥാനം), 3.25 ബില്യന്‍ (28,855 കോടി രൂപ) ആസ്തിയോടെ ടി.എസ് കല്യാണരാമന്‍ (98ാം സ്ഥാനം) എന്നിവരും ആദ്യ നൂറിലെത്തി.
Read DhanamOnline in English
Subscribe to Dhanam Magazine