ratheesh
Business Kerala

ആരോഗ്യമേഖലയിലെ വിദേശ നിക്ഷേപം ചികിത്സാ ചെലവ് ഉയര്‍ത്തുമോ? ആശങ്കയും പരിഹാരവും മുന്നോട്ട് വച്ച് വിദഗ്ധര്‍

യുഎന്‍ ഉന്നത ഉദ്യോഗസ്ഥനും സാമൂഹ്യനിരീക്ഷകനുമായ ഡോ. മുരളി തുമ്മാരുകുടിയും ഐ.എഫഐ.എഫ്.എല്‍ ക്യാപിറ്റല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ.റിജോയ് മാഞ്ഞൂരാനും പങ്കെടുത്ത പ്രത്യേക സെഷന്‍ ആരോഗ്യമേഖലയിലെ വിദേശ നിക്ഷേപത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്

Dhanam News Desk

കേരളത്തിലെ ആരോഗ്യമേഖലയിലേക്ക് അടുത്തകാലത്തായി ധാരാളം വിദേശ നിക്ഷേപം (FDI) വരുന്നതില്‍ ആശങ്കയുണ്ടെന്ന് യുഎന്‍ ഉന്നത ഉദ്യോഗസ്ഥനും സാമൂഹ്യനിരീക്ഷകനുമായ ഡോ. മുരളി തുമ്മാരുകുടി. ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിനോട് അനുബന്ധിച്ച് നടന്ന പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എഫഐ.എഫ്.എല്‍ ക്യാപിറ്റല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ.റിജോയ് മാഞ്ഞൂരാനും ചര്‍ച്ചയില്‍ പങ്കെടുത്തു.

വിദേശനിക്ഷേപം ഈ രംഗത്തേക്ക് എത്തുന്നത് സാധാരണക്കാരായ രോഗികള്‍ക്ക് ഗുണകരമാകുമോ അതോ ചികിത്സാച്ചെലവ് വര്‍ദ്ധിപ്പിക്കുമോ എന്നതാണ് എന്റെ ചോദ്യമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ''വിദേശ നിക്ഷേപകര്‍ ലാഭം മാത്രമുള്ള മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പരിഹാരമായി വിദ്യാഭ്യാസ മേഖലയിലെന്നപോലെ നിശ്ചിത ശതമാനം സീറ്റുകളോ ചികിത്സയോ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാറ്റിവെക്കുന്ന രീതി കൊണ്ടുവരാം. സര്‍ജറികള്‍ക്കും മറ്റും സര്‍ക്കാര്‍ വില നിശ്ചയിക്കുന്നത് വിപണിയെ ബാധിച്ചേക്കാം, പകരം ക്രോസ് സബ്‌സിഡി പോലുള്ള രീതികള്‍ പരീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിക്ഷേപം നടത്താന്‍ ബുദ്ധിമുട്ടാണെന്നൊരു ധാരണ പണ്ടുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ അത് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ലൈസന്‍സുകള്‍ പുതുക്കുന്നതിനും മറ്റുമുള്ള നിയമപരമായ നൂലാമാലകള്‍ കുറച്ച്, 'സിംഗിള്‍ വിന്‍ഡോ' സംവിധാനം ആരോഗ്യമേഖലയിലും കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലും കേരളത്തിലും നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന നിക്ഷേപകര്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് നോക്കുന്നതെന്ന് തെന്ന് ഡോ.റിജോയ് മാഞ്ഞൂരാന്‍ ചൂണ്ടിക്കാട്ടി. ഒന്ന് കുറഞ്ഞ നിക്ഷേപത്തില്‍ പരമാവധി ലാഭം, പിന്നെ എത്ര വേഗത്തില്‍ അത് തിരിച്ചുപിടിക്കാം. നിലവില്‍ കേരളത്തില്‍ 'അസറ്റ് ലൈറ്റ്‌ മോഡലുകളോടാണ് (ഉദാഹരണത്തിന് രോഗനിര്‍ണ്ണയ കേന്ദ്രങ്ങള്‍, ഡിജിറ്റല്‍ ഹെല്‍ത്ത്, സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍) നിക്ഷേപകര്‍ക്ക് താല്‍പ്പര്യം. വലിയ കെട്ടിടങ്ങളും യന്ത്രസാമഗ്രികളും ആവശ്യമുള്ള ഹോസ്പിറ്റലുകളോട് അവര്‍ക്ക് താല്‍പ്പര്യം കുറവാണ്. ബ്ലാക്ക്സ്റ്റോണ്‍ , കെകെആര്‍ തുടങ്ങിയ വലിയ കമ്പനികള്‍ കേരളത്തില്‍ ഏകദേശം 700 മുതല്‍ 1000 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപിച്ചിട്ടുണ്ട്. കേരളത്തിലെ ഉയര്‍ന്ന മെഡിക്കല്‍ നിലവാരവും ജനങ്ങളുടെ വിശ്വാസവുമാണ് അവരെ ആകര്‍ഷിക്കുന്നതെന്നും റിജോയ് മാഞ്ഞൂരാന്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT