Representational image, courtesy: Canva
Business Kerala

ശുദ്ധമായ നീര ഇനി കൊച്ചി മെട്രോ സ്‌റ്റേഷനില്‍, ഒപ്പം നീര ഹണിയും നീര ഷുഗറും വിപണിയിലേക്ക്

ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് നേരിട്ട് വരുമാനം ലഭ്യമാക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. വിപണിയിലുള്ള മറ്റ് ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് യാതൊരുവിധ കലർപ്പുമില്ലാത്തതും ഔഷധഗുണമുള്ളതുമായ പാനീയങ്ങൾ മിതമായ നിരക്കിൽ പാർലറില്‍ ലഭ്യമാക്കുന്നു

Sutheesh Hariharan

നിരവധി പോഷക ഗുണങ്ങളുള്ള നീര പാനീയം വിപണിയില്‍ കാര്യമായി ലഭ്യമല്ല എന്ന പ്രതിസന്ധി നിലവില്‍ നേരിടുന്നുണ്ട്. ശേഖരണവും സംസ്കരണവും വെല്ലുവിളി നിറഞ്ഞതാണ് എന്നതാണ് ഇവ വിപണിയില്‍ സുലഭമായി ലഭിക്കാനുള്ള പ്രധാന തടസങ്ങള്‍. ഇതിന് പരിഹാരമെന്ന നിലയില്‍ നീര പാർലർ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ് കൊച്ചി മെട്രോ സ്റ്റേഷനില്‍. ഉപഭോക്താക്കള്‍ക്ക് പോഷകസമൃദ്ധമായ പ്രകൃതിദത്ത പാനീയം ലഭ്യമാക്കുക എന്നതിനോടൊപ്പം നൂറുകണക്കിന് കേര കര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറുക കൂടിയാണ് ആലുവ മെട്രോ സ്റ്റേഷനിലെ 'കേര നെക്ടർ' നീര പാർലർ. നാളികേര വികസന ബോർഡിന്റെ (CDB) സഹായത്തോടെ പാലക്കാട് മലമ്പുഴ ബ്ലോക്ക് ഫെഡറേഷൻ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയാണ് ഈ വിപണന കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

എന്താണ് നീര?

തെങ്ങിന്റെ പൂങ്കുലയിൽ നിന്നും ഉത്പാദിപ്പിക്കുന്ന പോഷക മൂല്യങ്ങളുളള പാനീയമാണ് നീര. ഇത് പുളിച്ച് കള്ളായി മാറുന്നതിന് മുൻപുള്ള അവസ്ഥയിലുളള പാനീയമാണ്. ഇതിൽ ആൽക്കഹോൾ അടങ്ങിയിട്ടില്ല. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) വികസിപ്പിച്ചെടുത്ത 'കോൾഡ് ചെയിൻ' സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തെങ്ങുകളില്‍ നിന്ന് നീര ശേഖരിക്കുന്നതെന്ന് മലമ്പുഴ ബ്ലോക്ക് സിപിഎഫ് പ്രസിഡന്റ് സുദർശനൻ എസ്. ധനം ഓണ്‍ലൈനോട് പറഞ്ഞു. തെങ്ങിൽ ഐസ് ബോക്സുകൾ വെച്ച്, ശേഖരിക്കുന്നത് മുതൽ ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതുവരെ 4 ഡിഗ്രി സെൽഷ്യസിൽ താഴെ താപനിലയിൽ പാനീയം സൂക്ഷിക്കുന്നു. രാസവസ്തുക്കളോ പ്രിസർവേറ്റീവ്സോ ഒന്നും ചേർക്കാതെയാണ് ഇത് വിതരണം ചെയ്യുന്നതെന്നും സുദർശനൻ എസ്. പറഞ്ഞു.

പ്രധാന ഗുണങ്ങൾ

ദഹനം മെച്ചപ്പെടുത്തുന്നു: നീര ഒരു പ്രകൃതിദത്ത പ്രോബയോട്ടിക് ആണ്. ഇത് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: ഇതിന് വളരെ കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് (Glycemic Index) ആണ് ഉള്ളത്. അതിനാൽ പ്രമേഹമുള്ളവർക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു പാനീയമാണിത്.

പോഷകങ്ങളുടെ കലവറ: വിറ്റാമിൻ സി, വിറ്റാമിൻ ബി കോംപ്ലക്സ്, ഇരുമ്പ്, പൊട്ടാസ്യം എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഉടനടി ഊർജം നൽകുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: കൊഴുപ്പ് കുറഞ്ഞതും ഉയർന്ന പോഷകമൂല്യമുള്ളതുമായ ഈ പാനീയം അമിതവണ്ണം നിയന്ത്രിക്കാൻ ഫലപ്രദമാണ്.

ലഭ്യമായ ഉൽപ്പന്നങ്ങൾ

ആലുവ മെട്രോ സ്റ്റേഷനിലെ ഏകദേശം 100 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പാർലറിൽ നീര കൂടാതെ വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ലഭ്യമാണ്.

നീര ഹണി: നീര കുറുക്കിയെടുത്ത് തേൻ രൂപത്തിലാക്കിയത്.

നീര ഷുഗർ: നീരയിലെ ഈർപ്പം പൂർണമായും നീക്കം ചെയ്ത് പൊടി രൂപത്തിലാക്കിയത്.

വെളിച്ചെണ്ണയും നാളികേരവും: ഫെഡറേഷന്റെ സ്വന്തം ബ്രാൻഡിലുള്ള ശുദ്ധമായ വെളിച്ചെണ്ണയും തേങ്ങയും ഇവിടെ ലഭ്യമാണ്.

റെഡി ടു ഡ്രിങ്ക്: ഡിസ്പെൻസർ വഴിയും അര ലിറ്റർ ബോട്ടിലുകളിലും നീര ലഭ്യമാണ്. ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി ഫ്രോസൺ പാക്കറ്റുകളും നൽകുന്നുണ്ട്.

കർഷകർക്ക് താങ്ങായി സൊസൈറ്റി

മലമ്പുഴ ബ്ലോക്ക് ഫെഡറേഷനിൽ ഏകദേശം 1300 കർഷകർ അംഗങ്ങളാണ്. രണ്ട് ലക്ഷത്തിലധികം തെങ്ങുകൾ ഈ സൊസൈറ്റിയുടെ പരിധിയിൽ വരുന്നു. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് നേരിട്ട് വരുമാനം ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. നീരയ്ക്കായി ഒരു ലിറ്ററിന് 60 രൂപ കർഷകനും 50 രൂപ അത് ചെത്തുന്ന ടെക്നീഷ്യനും നൽകുന്നു. വലിയ ഉൽപാദന ചെലവും ലേബർ ചെലവും ഉണ്ടെങ്കിലും, കർഷകർക്ക് മാന്യമായ ലാഭം ഉറപ്പാക്കാനാണ് സൊസൈറ്റി ശ്രമിക്കുന്നത്.

ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സേവനം: വിപണിയിലുള്ള മറ്റ് ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് യാതൊരുവിധ കലർപ്പുമില്ലാത്തതും ഔഷധഗുണമുള്ളതുമായ പാനീയങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നു എന്നതാണ് പാർലറിന്റെ പ്രത്യേകത. സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സൊസൈറ്റി ആയതിനാൽ വിശ്വാസ്യതയും ഉറപ്പുനൽകുന്നു.

ആലുവ മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് രാവിലെ 9 മണി മുതൽ രാത്രി 7.30 വരെ പാർലറിന്റെ സേവനം പ്രയോജനപ്പെടുത്താം. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഇത്തരം വിപണന കേന്ദ്രങ്ങൾ വ്യാപിപ്പിക്കാനാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT