Business Kerala

30,000 തൊഴില്‍ അവസരങ്ങള്‍, ഐ ടി കയറ്റുമതിയില്‍ 15% വളര്‍ച്ചാ പ്രതീക്ഷ, 35 വര്‍ഷം പിന്നിടുന്ന ടെക്‌നോപാര്‍ക്ക് കൂടുതല്‍ മികവോടെ മുന്നോട്ട്

ആഗോള സ്ഥാപനങ്ങള്‍ക്കൊപ്പം ഇവിടെ പ്രവര്‍ത്തിക്കുന്നത് 500ലധികം കമ്പനികള്‍

Dhanam News Desk

ഇന്ത്യയിലെ ആദ്യ ഐടി ക്യാമ്പസായ ടെക്‌നോപാര്‍ക്ക് തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ട് ഇന്ന് 35 വര്‍ഷം തികഞ്ഞു. ഒരുകാലത്ത് കശുമാവുകള്‍ തിങ്ങിനിറഞ്ഞു നിന്നിരുന്ന വൈദ്യന്‍കുന്ന് എന്ന സ്ഥലം ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലുതും പരിസ്ഥിതി സൗഹൃദവുമായ ഐടി പാര്‍ക്കിന്റെ പെരുമയിലാണ്.

അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി സൗഹൃദ ക്യാമ്പസ്, ബിസിനസ് സൗഹൃദ അന്തരീക്ഷം തുടങ്ങിയവ ആഗോള ഐ.ടി ഭീമന്‍മാര്‍, രാജ്യത്തെ പ്രമുഖ കമ്പനികള്‍, അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ എല്ലാം ടെക്‌നോപാര്‍ക്കിലേക്ക് ആകര്‍ഷിക്കുന്നു.

സംസ്ഥാനത്തിന്റെ ഐടി കയറ്റുമതി രംഗത്ത് സുപ്രധാന സംഭാവനയാണ് ടെക്‌നോപാര്‍ക്ക് നല്‍കുന്നത്. 2023-24ല്‍ നടന്നത് 13,255 കോടിയുടെ ഐ.ടി കയറ്റുമതി. 2024-25 വര്‍ഷം 15 ശതമാനം അധിക വളര്‍ച്ചയും പ്രതീക്ഷിക്കുന്നു.

ശക്തമായ ഇ എസ് ജി തത്വങ്ങള്‍, തുടര്‍ച്ചയായി നാല് വര്‍ഷങ്ങളില്‍ ലഭിച്ച ക്രിസില്‍ എ പ്ലസ് സ്റ്റേബിള്‍ റേറ്റിംഗ്, സുപ്രധാന വിപുലീകരണങ്ങള്‍ എന്നിവയിലൂടെ നവീകരണത്തിന്റെ പുതുയുഗത്തിലാണ് ടെക്‌നോപാര്‍ക്കെന്ന് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറയുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ആഗോള കമ്പനികള്‍ വരെ

തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 760 ഏക്കറില്‍ 12.72 ദശലക്ഷം ചതുരശ്രയടിയില്‍ ഇന്ന് അഞ്ച് ക്യാമ്പസുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇന്‍ഫോസിസ്, യുഎസ്ടി, ടിസിഎസ്, എച്ച്‌സിഎല്‍ടെക്, ആക്‌സെഞ്ചര്‍, ടാറ്റ എല്‍ക്‌സി, അലയന്‍സ്, ഗൈഡ്ഹൗസ്, നിസാന്‍ ഡിജിറ്റല്‍, ഒറാക്കിള്‍, ഐബിഎസ്, ക്വസ്റ്റ് ഗ്ലോബല്‍, ടൂണ്‍സ് ആനിമേഷന്‍ തുടങ്ങിയ ആഗോള സ്ഥാപനങ്ങള്‍ക്കൊപ്പം 500 ലധികം കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.

അര്‍മാഡ, ദുബായ് ഇന്‍ഷുറന്‍സ് തുടങ്ങിയ വിദേശ കമ്പനികള്‍ അവരുടെ ഇന്ത്യന്‍ പ്രവര്‍ത്തന കേന്ദ്രമായി ടെക്‌നോപാര്‍ക്കിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

വമ്പന്‍ വികസനങ്ങള്‍

നാല് ദശലക്ഷം ചതുരശ്രയടിയിലധികം വിസ്തീര്‍ണത്തില്‍ പുതിയ പ്രോജക്ടുകള്‍ക്കായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍ ഇവിടെ. ഇത് പൂര്‍ത്തിയാകുമ്പോള്‍ സൃഷ്ടിക്കപ്പെടുക 30,000 ത്തിലധികം പുതിയ തൊഴിലവസരങ്ങള്‍.

ടോറസ് എംബസിയുടെ ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പ്രോജക്ട് (ഫേസ് 3), ടിസിഎസ് ഐ.ടി/ഐ.ടി.ഇ.എസ് ക്യാമ്പസ് (ഫേസ് 4), ബ്രിഗേഡ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ (ഫേസ് 1), ദി ക്വാഡ് (ഫേസ് 4), വാണിജ്യ/ഐ.ടി, പ്രീഫാബ്രിക്കേറ്റഡ് കെട്ടിടങ്ങള്‍ (ഫേസ് 1), വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ (ഫേസ് 5, കൊല്ലം), കേരള സ്‌പേസ് പാര്‍ക്ക്, കേരള ഡിഫന്‍സ് ഇന്നൊവേഷന്‍ സോണ്‍, എം.എസ്.എം.ഇ ടെക്‌നോളജി സെന്റര്‍, എമര്‍ജിംഗ് ടെക് ഹബ്ബ്, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, മ്യുലേണ്‍ ബൈ ജിടെക്, യൂണിറ്റി മാള്‍ തുടങ്ങിയവയാണ് ഇവിടെ ഒരുങ്ങുന്നത്.

കൂടുതല്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ ആകര്‍ഷിക്കുക എന്നതാണ് ഈ വിപുലീകരണത്തിന്റെ പ്രധാന ലക്ഷ്യം. 35-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളും ടെക്‌നോപാര്‍ക്ക് സംഘടിപ്പിക്കുന്നുണ്ട്.

Technopark celebrates 35 years with major expansion plans and 30,000 new jobs projected in Kerala's IT sector.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT