പശ്ചിമേഷ്യയിൽ അരങ്ങേറുന്ന ഇറാൻ—യു.എസ് സംഘർഷം മൂലം ഇന്ത്യയിലെ ഹോട്ടൽ, റെസ്റ്റോറന്റ് വ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു. ഗൾഫിൽ നിന്നും ഹോർമുസ് കടലിടുക്ക് മുഖേന പെട്രോളിയം ഉത്പന്നങ്ങൾ എത്തിക്കുന്നതിൽ തടസ്സങ്ങൾ നേരിട്ടതോടെ രാജ്യത്ത് എൽ.പി.ജി.യുടെ ലഭ്യത കുറഞ്ഞതാണ് കാരണം. ഇതോടെ തന്നെ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരകളിലൊന്നായി രാജ്യത്തെ ഓൺലൈൻ ഭക്ഷണ—സാധന വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾ (Gig Workers) മാറിക്കഴിഞ്ഞിരുന്നു.
ഇതിനിടെ ഇന്ത്യയിലെ വാഹന ഇന്ധന വില കഴിഞ്ഞ ദിവസം പൊതുമേഖല എണ്ണക്കമ്പനികൾ വർധിപ്പിച്ചു. തുറന്നു പ്രവർത്തിക്കുന്ന ഹോട്ടലുകൾ കുറഞ്ഞതും, ഉള്ളവയിൽ ഭക്ഷണത്തിന്റെ മെനു വെട്ടിച്ചുരുക്കിയതും കാരണം ഓൺലൈൻ ബുക്കിംഗ് താഴ്ന്നതിലൂടെ വരുമാനം നഷ്ടം നേരിടുന്നതിനിടെയാണ് ഇന്ധനവില വർധന നടപ്പിലാകുന്നത്. ഇതോടെ ഓൺലൈൻ വിതരണ ആപ്പുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികളുടെ ദുരിതം ഇരട്ടിച്ചു. മുന്നോട്ട് എങ്ങനെ പിടിച്ചുനിൽക്കുമെന്ന് അറിയാതെ വിഷമവൃത്തത്തിലാണ് ഇവർ.
"കിലോമീറ്ററിന് 4-5 രൂപ വീതം മാത്രമാണ് ഫുഡ് അഗ്രഗേറ്റർ (Food Aggregator) ഭക്ഷണം വിതരണം ചെയ്യുന്ന തൊഴിലാളികൾക്ക് നൽകുന്നത്. ഭക്ഷണമോ സാധനമോ വീട്ടുപടിക്കൽ എത്തിക്കേണ്ട ഒരു ഗിഗ് തൊഴിലാളിക്ക് കിട്ടുന്ന വരുമാനത്തിന്റെ 60 ശതമാനവും ഇന്ധന ചെലവ് ഇനത്തിൽ നഷ്ടമാകുന്നുണ്ട്. ഇതിന് പുറമെയാണ് വാഹനങ്ങളുടെ അറ്റക്കുറ്റപ്പണിക്കും മറ്റും ചെലവാകുന്ന പണം. ഇങ്ങനെയിരിക്കേ ഇന്ധന നിരക്ക് കൂടി വർധിച്ചാൽ തൊഴിലാളിയുടെ കൈകകളിലേക്ക് എത്തുന്ന വേതനം മുഴുവനും ചെലവിനത്തിൽ നഷ്ടമാകും. അവരുടെ ജീവിതമാർഗം അടയും," കേരള സ്റ്റേറ്റ് ഗിഗ് & പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമിതി അംഗം അരുൺ കൃഷ്ണൻ പറഞ്ഞു.
"നിലവിൽ പാചക വാതക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ കുറവാണ്. കൂടാതെ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ ഇനങ്ങളും വെട്ടിക്കുറച്ചു. അതുകൊണ്ട് തന്നെ തൊഴിലാളികൾക്ക് മൊത്തത്തിൽ കിട്ടുന്ന ഓർഡറുകൾ കുറഞ്ഞു. അതുപോലെ തുറന്നു പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് കൂടുതൽ ഓർഡറുകൾ എത്തുന്നതിനാൽ, സാധനം തയ്യാറായിക്കിട്ടാനുള്ള കാത്തിരുപ്പ് സമയവും കൂടുന്നു. ഇത് തൊഴിലാളികളുടെ ഫലപ്രദമായ പ്രവർത്തനസമയവും കുറയ്ക്കുന്നു. ചുരുക്കത്തിൽ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന വരുമാനം പോലും കണ്ടെത്താൻ ഗിഗ് തൊഴിലാളികൾ വിഷമിക്കുകയാണ്," അരുൺ കൃഷ്ണൻ ചൂണ്ടിക്കാട്ടി.
"ഇതിനുള്ള പ്രധാന പരിഹാരം കമ്പനികൾ തൊഴിലാളികൾക്ക് കിലോമീറ്ററിനു നൽകുന്ന പ്രതിഫലം ഉയർത്തുക എന്നതാണ്. ഈ വിഷയത്തിൽ സർക്കാർ തലത്തിലുള്ള ഇടപെടലും ഉണ്ടാകണം. അതുപോലെ മഴ സമയത്തും തിരക്കുള്ള സമയത്തും ഒക്കെ വിവിധ സർചാർജുകളുടെ പേരിൽ ഉപഭോക്താക്കളിൽ നിന്നും അധിക തുക അഗ്രഗേറ്റർ ആപ്പുകൾ ഈടാക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്നുള്ള പങ്ക് വെയിലത്തും മഴയത്തും പണിയെടുക്കുന്ന തൊഴിലാളികൾക്ക് കമ്പനി കൈമാറുന്നില്ല. അതിലും മാറ്റം വരുത്താൻ കമ്പനികൾ തയ്യാറാകണം," അരുൺ കൃഷ്ണൻ പറഞ്ഞു.
അതേസമയം ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഗിഗ് & പ്ലാറ്റ്ഫോം സർവീസ് വർക്കേഴ്സ് യൂണിയൻ (GIPSWU) ഇന്ന് (മേയ് 16) അഞ്ച് മണിക്കൂർ നീളുന്ന സൂചന പണിമുടക്ക് നടത്തുകയാണ്. ഗിഗ് തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ഉചിതമായ നടപടികൾ കമ്പനികൾ സ്വീകരിക്കുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് വിവിധ തൊഴിലാളി സംഘടനകൾ നൽകുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine