petrol station canva
Business Kerala

ഇന്ധനവില വീണ്ടും കുതിക്കുന്നു; 10 ദിവസത്തിനിടെ മൂന്നാം തവണയും വില വര്‍ധിപ്പിച്ചു, ഇനിയും കൂടുമെന്ന് സൂചന

ഇന്ത്യയില്‍ മതിയായ അളവില്‍ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് വീണ്ടും വില വര്‍ധന

Dhanam News Desk

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ മാത്രം ഇന്ധനവിലയില്‍ ലിറ്ററിന് അഞ്ച് രൂപയോളം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും വില ഇനിയും വര്‍ധിച്ചേക്കുമെന്നാണ് ധനകാര്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇന്ത്യയില്‍ മതിയായ അളവില്‍ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് വീണ്ടും വില വര്‍ധന.

വിലക്കയറ്റത്തിന് കാരണം പശ്ചിമേഷ്യന്‍ പ്രതിസന്ധി

പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥയാണ് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരാന്‍ പ്രധാന കാരണം. യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാന ഇന്ധന വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങള്‍ വിതരണത്തെ സാരമായി ബാധിച്ചു. ഒരു ഘട്ടത്തില്‍ ബാരലിന് 120 ഡോളര്‍ വരെ ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില നിലവില്‍ 100-105 ഡോളര്‍ നിരക്കിലാണ് വ്യാപാരം തുടരുന്നത്.

ഇന്ത്യ ആവശ്യത്തിനുള്ള അസംസ്‌കൃത എണ്ണയുടെ 85 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നതിനാല്‍ ആഗോള വിപണിയിലെ ഈ മാറ്റങ്ങള്‍ ആഭ്യന്തര വിപണിയെ നേരിട്ട് ബാധിക്കുകയായിരുന്നു. 2022 ഏപ്രിലിന് ശേഷം പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി 2024 മാര്‍ച്ചില്‍ വരുത്തിയ ചെറിയ കുറവ് ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ധനവിലയില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല.

വില ഇനിയും ഉയര്‍ന്നേക്കും

എണ്ണ വിപണന കമ്പനികള്‍ (OMCs) നേരിടുന്ന കനത്ത നഷ്ടം നികത്താന്‍ ഇന്ധനവില വര്‍ധന അനിവാര്യമായിരുന്നുവെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്‌നാവിസ് വിലയിരുത്തുന്നു.

ആഗോള വിപണിയിലെ വിലവര്‍ധന സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ വരും ദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 10 രൂപ വരെ ഉയര്‍ന്നേക്കാമെന്നാണ് സാമ്പത്തിക സേവന രംഗത്തെ പ്രമുഖരായ എംകേ ഗ്ലോബല്‍ (Emkay Global) കണക്കാക്കുന്നത്. ഒറ്റയടിക്കോ അല്ലെങ്കില്‍ അടുത്ത 2-3 ആഴ്ചകള്‍ക്കുള്ളില്‍ ഘട്ടംഘട്ടമായോ ഈ വര്‍ധന് നടപ്പിലാക്കാന്‍ സാധ്യതയുണ്ട്.

വില നിലവാരം ഇങ്ങനെ

പുതുക്കിയ നിരക്കുകള്‍ പ്രകാരം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 98.64 രൂപയില്‍ നിന്ന് 99.51 രൂപയായും, ഡീസല്‍ വില 91.58 രൂപയില്‍ നിന്ന് 92.49 രൂപയായും ഉയര്‍ന്നു. സംസ്ഥാനങ്ങള്‍ ചുമത്തുന്ന പ്രാദേശിക നികുതികളിലെ (VAT) വ്യത്യാസങ്ങള്‍ കാരണം വിവിധ നഗരങ്ങളില്‍ വിലയില്‍ മാറ്റമുണ്ടാകും. കോഴിക്കോട് പെട്രോളിന് 110.95 രൂപയും ഡീസലിന് 99.88 പൈസയാണ് വില. ഓരോ നഗരത്തിനും അനുസരിച്ചും ചെറിയ വ്യത്യസമുണ്ടാകും.

ഇന്ധനവിലയിലുണ്ടാകുന്ന ഈ തുടര്‍ച്ചയായ വര്‍ധന രാജ്യത്തെ ചരക്കുകൂലിയെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിക്കുമെന്നതിനാല്‍ വരും മാസങ്ങളില്‍ പണപ്പെരുപ്പം ഉയരാന്‍ ഇത് കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ആശങ്ക. പെട്രോള്‍, ഡീസല്‍ വിലയ്ക്ക് പിന്നാലെ ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സിഎന്‍ജി (CNG) വിലയും കിലോഗ്രാമിന് ഒരു രൂപ വീതം വര്‍ധിപ്പിച്ചിട്ടുണ്ട്.

Fuel prices in India have risen for the third time in 10 days amid surging global crude oil prices and Middle East tensions, with experts warning of further hikes ahead.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT