കൊച്ചി ആസ്ഥാനമായ നിക്ഷേപസേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ധന സമാഹരണത്തിനൊരുങ്ങുന്നു. പ്രിഫറന്‍ഷ്യല്‍ ഓഹരികളിറക്കിയോ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കിയോ അല്ലെങ്കില്‍ റൈറ്റ്‌സ് ഇഷ്യു വഴിയോ ഫണ്ട് സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ ഫണ്ട് സമാഹരിക്കുന്നത് എന്തിനാണെന്നത് വ്യക്തമല്ല.
ജൂലൈ 13ന് നടക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇതിനുള്ള അനുമതി തേടുമെന്നാണ് അറിയുന്നത്. കമ്പനിയുടെ 2024 ജൂണ്‍ 30ന് അവസാനിച്ച പാദത്തിലെ പ്രവര്‍ത്തന ഫലങ്ങളും ഡയറക്ടര്‍മാരുടെ അനുമതിക്കായി സമര്‍പ്പിക്കും.
ലാഭവും ഓഹരി നേട്ടവും
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ജിയോജിത്തിന്റെ ലാഭം 48 ശതമാനം ഉയര്‍ന്ന് 149 കോടി രൂപയായിരുന്നു. കമ്പനിയുടെ സംയോജിത വരുമാനം 39 ശതമാനം വര്‍ധിച്ച് 624 കോടി രൂപയിലുമെത്തിയിരുന്നു. ക്യാപിറ്റല്‍ മാര്‍ക്കറ്റ് ബിസിനസ് വിപുലീകരിക്കുന്നതിനായി ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ (DIFC) സ്ഥാപനം തുറക്കുന്നതിനായി 10 laksham ഡോളറിന്റെ (ഏകദേശം 8.3 കോടി രൂപ) നിക്ഷേപത്തിന് ബോര്‍ഡ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. 2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 93,000 കോടി രൂപയാണ്.
ജിയോജിത് ഓഹരികള്‍ ഇന്ന് 0.48 ശതമാനം താഴ്ന്ന് 97.80 രൂപയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ആറ് മാസക്കാലത്ത് ഓഹരി 16.43 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷക്കാലയളവിലാകട്ടെ ഓഹരിയുടെ നേട്ടം 111.5 ശതമാനമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine