AdobeStocks
Business Kerala

ഡോളര്‍ മുന്നേറ്റത്തില്‍ സ്വര്‍ണത്തിന് ക്ഷീണം, മൂന്ന് ദിവസത്തെ ഇറക്കത്തിനുശേഷം അനങ്ങാതെ കേരളത്തിലും വില, വെള്ളിയും ഉറച്ചു തന്നെ

ട്രംപിന്റെ പ്രസ്താവനയില്‍ ആശ്വാസം കണ്ട് വിപണി

Dhanam News Desk

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 9,100 രൂപയിലും പവന് 72,800 രൂപയിലുമാണ് വ്യാപാരം. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിനു ശേഷമാണ് സ്വര്‍ണ വില നിലയുറപ്പിച്ചത്. ഈ ആഴ്ച ഇതുവരെ പവന് 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,465 രൂപയാണ് വില. വെള്ളി വിലയും മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 122 രൂപ. തിങ്കളാഴ്ച ഗ്രാമിന് 124 രൂപയിലെത്തി റെക്കോഡിട്ട ശേഷമാണ് വെള്ളിയുടെ വീഴ്ച.

ഡോളറും ട്രംപും പിന്നെ പവലും

അന്താരാഷ്ട്ര സ്വര്‍ണ വിലയും ഇന്ന് ഇടിവിലാണ്. ഇന്നലെ 0.72 ശതമാനത്തോളം ഉയര്‍ന്ന് ഔണ്‍സിന് 3,346.55 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 3,341.01 ഡോളറിലേക്ക് താഴ്ന്നു.

യു.എസ് ഡോളര്‍ ഇന്‍ഡെക്‌സ്‌ മറ്റ് കറന്‍സികള്‍ക്കെതിരെ മെച്ചപ്പെട്ടതാണ് സ്വര്‍ണവിലയെ ബാധിക്കുന്നത്.

ഇതിനിടെ യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായ ജെറോം പവലിനെ പുറത്താക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനയും സ്വര്‍ണത്തെ ബാധിച്ചു. പവലിനെ പുറത്താക്കാന്‍ പദ്ധതിയില്ലെന്ന് പറഞ്ഞെങ്കിലും പലിശ നിരക്ക് കുറയ്ക്കാത്തതില്‍ വിമര്‍ശനമുന്നയിച്ചത് അതിലേക്കുള്ള സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്നുമുണ്ട്. 2026 മേയ് വരെയാണ് പവലിന്റെ കാലാവധി. അതിനു മുമ്പ് പുറത്താക്കുന്നത് യു.എസ് സാമ്പത്തിക വ്യവസ്ഥയുടെയും ഡോളറിന്റെയും വിശ്വാസ്യതയില്‍ കോട്ടമുണ്ടാകും. ഡോളര്‍ ഇടിഞ്ഞാല്‍ സ്വാഭാവികമായും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം ഉയരുകയും ചെയ്യും.

ആഭരണ വില ഇങ്ങനെ

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,800 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ കൊടുക്കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 78,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ മാറുന്നതനുസരിച്ച് വിലയിലും മാറ്റമുണ്ടാകുമെന്ന് മറക്കരുത്.

Gold prices stabilize in Kerala after a three-day dip, with ornaments still costing significantly more.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT