Business Kerala

സ്വർണവില വീണ്ടും താഴേക്ക്; ഇന്ന് പവന് ₹880 കുറഞ്ഞു; വെള്ളിയിലും ഇടിവ്

രാജ്യാന്തര കമ്മോഡിറ്റി വിപണിയിൽ ആവേശമില്ലാത്തതിന്റെ പ്രതിഫലനമായി ആഭ്യന്തര വിപണികളിലെ സ്വർണം, വെള്ളി എന്നിവയിൽ ഇടിവ് തുടരുന്നു.

Dhanam News Desk

സംസ്ഥാനത്തെ വിപണിയിൽ സ്വർണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ വിലയിൽ ഇന്നും (2026 ഏപ്രിൽ 23) ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വ‌ർണത്തിന്റെ ഒരു ​ഗ്രാമിന് 110 രൂപ താഴ്ന്ന് പുതുക്കിയ വില 14,075 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 880 രൂപ കുറഞ്ഞ് വിപണി വില 1,12,600 രൂപയിലേക്കും എത്തിച്ചേർന്നു.

അതുപോലെ 18 കാരറ്റ് സ്വ‌ർണത്തിന്റെ ഒരു ​ഗ്രാമിന് 90 രൂപ താഴ്ന്ന് വില 11,565 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വ‌ർണത്തിന്റെ ഒരു ​ഗ്രാമിന് 70 രൂപ കുറഞ്ഞ് ഇന്നത്തെ വില 9,005 രൂപയായും കുറിച്ചു. 9 കാരറ്റ് സ്വ‌ർണത്തിന്റെ ഒരു ​ഗ്രാമിന് 45 രൂപ താഴ്ന്ന് 5,810 രൂപയായും വില രേഖപ്പെടുത്തി. പശ്ചിമേഷ്യയിൽ വെടിനിർത്തൽ വീണ്ടും ദീർഘിപ്പിച്ചതിനാൽ രാജ്യാന്തര കമ്മോഡിറ്റി വിപണിയിലും ആവേശം താഴ്ന്ന നിലയിലാണുള്ളത്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനാകുന്നത്.

വെള്ളിയിലും ഇടിവ്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാന വിപണിയിൽ വെള്ളി വിലയിൽ ഇടിവ് തുടരുകയാണ്. ഇന്ന് ഒരു ​ഗ്രാമിന് 5 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാം വെള്ളിയുടെ പുതുക്കിയ വിപണി വില 260 രൂപയിലേക്ക് എത്തിച്ചേർന്നു. ആനുപാതികമായി 10 ​ഗ്രാം വെള്ളിക്ക് 2,600 രൂപയും 100 ​ഗ്രാം വെള്ളിയുടെ വില 26,000 രൂപയായും ഒരു കിലോ​ഗ്രാം വെള്ളിയുടെ വില 2,60,000 രൂപയായും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഒരു ​ഗ്രാം വെള്ളിക്ക് 265 രൂപയായിരുന്നു വില.

ഒരു പവൻ ആഭരണം വാങ്ങാൻ എത്രയാകും?

വ്യാഴാഴ്ച സംസ്ഥാനത്ത് സ്വർണ നിരക്കുകളിൽ ഇടിവ് കുറിച്ചതിനാൽ, പുതിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലിയും, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന ജി.എസ്.ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18% ജി.എസ്.ടി എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു പവൻ (22 കാരറ്റ്) ആഭരണം വാങ്ങുന്നതിന് ജുവൽറികളിൽ 1,21,943 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT