Image created with chatgpt
Business Kerala

യുഎസ് ഫെഡ് തീരുമാനങ്ങള്‍ക്കായുള്ള കാത്തിരിപ്പ്: ആഗോള വിപണിക്ക് പിന്നാലെ കേരളത്തിലും സ്വര്‍ണവില താഴേക്ക്

പവന് ഒറ്റയടിക്ക്‌ 1,000 രൂപ കുറഞ്ഞു, ഇനി ലക്ഷ്യം ആ മാന്ത്രിക സംഖ്യയോ?

Resya Raveendran

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ജൂണിലെ യോഗവിവരങ്ങള്‍ (Minutes) നാളെ പുറത്തുവരാനിരിക്കെ ആഗോള വിപണിയിലെ തളര്‍ച്ച പ്രതിഫലിപ്പിച്ച് സംസ്ഥാനത്തും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് കേരളത്തില്‍ സ്വര്‍ണം പവന് 1,000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,520 രൂപയായി.

ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,315 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ പവന്‌ 1,07,200 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന സ്വര്‍ണ വില.

ആഭ്യന്തര ഫ്യൂച്ചേഴ്സ് വിപണിയിലും ഇടിവ്

കേരളത്തിലെ റീറ്റെയ്ല്‍ വിപണിക്ക് സമാനമായി രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിലും (MCX) ഇന്ന് രാവിലെ സ്വര്‍ണ, വെള്ളി വിലകള്‍ താഴേക്ക് പോയി. രാവിലെ 9:05 ഓടെ എംസിഎക്സില്‍ ഓഗസ്റ്റ് മാസത്തെ സ്വര്‍ണ കരാറുകള്‍ 0.52 ശതമാനം ഇടിവോടെ 10 ഗ്രാമിന് 1,46,148 രൂപയിലെത്തി. സെപ്റ്റംബര്‍ മാസത്തെ വെള്ളി ഫ്യൂച്ചേഴ്സ് വില 1.14 ശതമാനം കുറഞ്ഞ് കിലോഗ്രാമിന് 2,33,416 രൂപയായി.

ചെറുകാരറ്റുകളും വെള്ളിയും

18 കാരറ്റിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 10,945 രൂപയിലാണ് വ്യാപാരം. 14 കാരറ്റിന് ഗ്രാമിന് 8,525 രൂപയും ഒമ്പത് കാരറ്റിന് 5,495 രൂപയുമാണ് വില. വെള്ളി വിലയും ഇന്ന് ഇടിവിലാണ്. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 240 രൂപയായി.

ഫെഡ് മിനിറ്റ്സും പലിശനിരക്കും

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് സംബന്ധിച്ച് എന്ത് നിലപാട് സ്വീകരിക്കുമെന്ന സൂചനകള്‍ക്കായി നിക്ഷേപകര്‍ കാത്തിരിക്കുന്നതാണ് നിലവിലെ വിലയിടിവിന് പ്രധാന കാരണം. നാളെ (ജൂലൈ 8) പുറത്തുവരുന്ന ജൂണിലെ പോളിസി മീറ്റിംഗ് മിനിറ്റ്സ് ഇതില്‍ നിര്‍ണായകമാകും. പണപ്പെരുപ്പം ഫെഡ് ലക്ഷ്യമിടുന്ന രണ്ട് ശതമാനത്തിന് മുകളില്‍ തുടരുന്നതിനാല്‍ ഈ വര്‍ഷം ഒരു തവണയെങ്കിലും പലിശനിരക്ക് ഉയര്‍ത്താനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

നേരത്തെ, യുഎസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വര്‍ഷം മൂന്ന് തവണ പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ജൂണിലെ പേറോള്‍ ഡാറ്റ പ്രതീക്ഷിച്ചതിലും കുറഞ്ഞത് കടുത്ത സാമ്പത്തിക നടപടികളിലേക്ക് ഫെഡ് കടക്കില്ലെന്ന സൂചന നല്‍കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ അടുത്ത നീക്കങ്ങളെ ആശ്രയിച്ചായിരിക്കും വരും ദിവസങ്ങളിലെ സ്വര്‍ണത്തിന്റെ വില നിശ്ചയിക്കപ്പെടുകയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും വിപണിയും

ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതായുള്ള വാര്‍ത്തകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോയ രണ്ട് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ടെഹ്റാന്‍ സൈന്യം മിസൈലാക്രമണം നടത്തിയതായി രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് (Axios) റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ലക്ഷ്യങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടിക്ക് വാഷിംഗ്ടണ്‍ ഒരുങ്ങുന്നതായാണ് സൂചന. ഇത്തരം ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ നിക്ഷേപകരുടെ നീക്കങ്ങളെ സ്വാധീനിക്കുന്നുണ്ട്.

ഒരുപവന്‍ സ്വര്‍ണത്തിന് എത്ര വേണം

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,520 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,15,361 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT