സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 25 രൂപ താഴ്ന്ന് 12,650 രൂപയും പവന്‍ വില 200 രൂപ ഇടിഞ്ഞ് 1,01,200 രൂപയിലുമാണ് ഇന്ന് വ്യാപാരം. ഇന്നലെയും ഇന്നുമായി പവന്‍ വിലയില്‍ 1,080 രൂപയും ഗ്രാം വിലയില്‍ 135 രൂപയുമാണ് കുറഞ്ഞത്.
18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 20 രൂപ താഴ്ന്ന് 10,400 രൂപയിലെത്തി. 14 കാരറ്റിന് 8,100 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,225 രൂപയുമാണ് വില.
വെള്ളി വിലയും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 10 രൂപ താഴ്ന്ന് 255 രൂപയിലെത്തി. എംസിഎക്‌സ് വെള്ളി മാര്‍ച്ച് ഫ്യൂച്ചറുകള്‍ 0.33 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 2,49,779 രൂപയിലാണ് വ്യാപാരം തുടരുന്നത്.
എന്തുകൊണ്ട് വില കുറയുന്നു?
ആഗോള വിപണിയിലെ ലാഭമെടുപ്പും (Profit booking) അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. ഡോളര്‍ ഇന്‍ഡക്‌സ് രണ്ടാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. ഡോളര്‍ വില കൂടുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ചെലവ് വര്‍ധിക്കും, ഇത് ഡിമാന്‍ഡ് കുറയ്ക്കുന്നു. കൂടാതെ യുഎസ് കടപ്പത്രങ്ങളിലെ (Bond Yield) നേട്ടം ഉയര്‍ന്നതും പലിശയില്ലാത്ത ആസ്തിയായ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറച്ചു.
ഫ്യൂച്ചേഴ്സ് വിപണിയിലെ മാറ്റം
മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലും (MCX) വിലയിടിവ് പ്രകടമാണ്. ഫെബ്രുവരി ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 0.25 ശതമാനം ഇടിഞ്ഞ് 1,37,663 രൂപയിലും (10 ഗ്രാം), വെള്ളി മാര്‍ച്ച് ഫ്യൂച്ചറുകള്‍ 0.33 ശതമാനം ഇടിഞ്ഞ് 2,49,779 രൂപയിലുമാണ് വ്യാപാരം തുടരുന്നത്.
ഇടിവിന് തടയിട്ട് യുഎസ് തൊഴില്‍ റിപ്പോര്‍ട്ട്
വില വല്ലാതെ ഇടിയാതിരിക്കാന്‍ കാരണം അമേരിക്കയിലെ തൊഴില്‍ വിപണിയിലെ തളര്‍ച്ചയാണ്. നവംബറില്‍ യുഎസിലെ തൊഴില്‍ അവസരങ്ങള്‍ 71.46 ലക്ഷമായി കുറഞ്ഞു. ഇത് 2024 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. സാമ്പത്തിക മാന്ദ്യ സൂചനകള്‍ നിലനില്‍ക്കുന്നതിനാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഇനിയും കുറച്ചേക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയ്ക്ക് ചെറിയ തോതിൽ പിന്തുണ നല്‍കിയേക്കാം.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,01,200 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഏറ്റവും കുറഞ്ഞത് 1,09,692 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരും. ഇത് ആഭരണങ്ങളുടെ വിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine