Image : CANVA 
Business Kerala

പുതുവാരത്തിലും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം, വെള്ളിയാണ് ഇന്നത്തെ താരം, വില റെക്കോഡ് ഉയരത്തില്‍

വെള്ളി വില ഇന്ന് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 124 രൂപയായി

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം. ഗ്രാം വില 15 രൂപ ഉയര്‍ന്ന് 9,155 രൂപയും പവന്‍വില 120 രൂപ ഉയര്‍ന്ന് 73,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 15 രൂപ ഉയര്‍ന്ന് 7,505 രൂപയിലെത്തി.

വെള്ളിക്ക് റെക്കോഡ്‌

വെള്ളി വില ഇന്ന് രണ്ട് രൂപ വര്‍ധിച്ച് ഗ്രാമിന് 124 രൂപയായി. ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ വെള്ളി വില ഇത്രയും ഉയരത്തിലെത്തുന്നത്.

ആഗോള തലത്തില്‍ വെള്ളിയുടെ വ്യാവസായിക ഉപയോഗം ഉയര്‍ന്നതും ട്രംപിന്റെ വ്യാപാര ചുങ്ക യുദ്ധഭീതി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് വെള്ളി വില റെക്കോഡിലെത്തിച്ചത്. കിലോയ്ക്ക് 1.25 ലക്ഷം രൂപയ്ക്ക് മുകളിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം.

തുടരുന്ന താരിഫ് യുദ്ധം

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം തുടരുന്നതാണ്‌ സ്വര്‍ണം, വെള്ളി അടക്കമുള്ള അമൂല്യ ലോഹങ്ങളെ വീണ്ടും സുരക്ഷിത നിക്ഷേപമാക്കി മാറ്റുന്നത്.

യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും ഓഗസ്റ്റ് ഒന്നുമുതല്‍ 30 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.

പ്രമുഖ വ്യാപാര പങ്കാളികളുമായുള്ള ഈ തീരുവയുദ്ധങ്ങള്‍ ഓഹരി വിപണി നിക്ഷേപകരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇതാണ് സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസത്തിനിടയില്‍ ട്രംപ് 22 ഓളം രാജ്യങ്ങള്‍ക്ക്‌മേല്‍ പുതിയ ഇറക്കുമതി നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 'സാമാന്യബുദ്ധിയും വ്യാപാര അസന്തുലിതാവസ്ഥയും' കണക്കിലെടുത്താണ് പുതിയ താരിഫുകള്‍ എന്നാണ് ട്രംപ് പറയുന്നത്. ബ്രസീലിനാണ് നിലവില്‍ ഏറ്റവും ഉയര്‍ന്ന നികുതി. 50 ശതമാനമാണ് ഓഗസ്റ്റ് ഒന്നുമുതല്‍ ഈടാക്കുക. ഇറാഖ്, അള്‍ജീരിയ, ശ്രീലങ്ക എന്നിവയ്ക്ക് 30 ശതമാനമാണ് നിരക്ക്. ബ്രൂണെ, ലിബിയ, മോള്‍ഡോവ എന്നിവയ്ക്ക് 25 ശതമാനവും ഫീലിപ്പീന്‍സിന് 20 ശതമാനവും നിരക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഓഗസ്റ്റ് ഒന്നിനു മുമ്പ് ഇതില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിയേക്കുമെന്നാണ് കരുതുന്നത്.

ഫെഡറല്‍ റിസര്‍വും പണപ്പെരുപ്പം

യു.എസിലെ പണപ്പെരുപ്പ കണക്കുകള്‍ ചൊവ്വാഴ്ച പുറത്തു വരും. ഇതിലേക്കാണ് നിക്ഷേപകരുടെ ശ്രദ്ധ. ഇതിനൊപ്പം യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ സ്ഥാനം രാജി വയ്ക്കാന്‍ ആലോചിക്കുന്നുവെന്ന ഊഹാപോഹങ്ങളും വിപണിയെ ബാധിക്കുന്നുണ്ട്. ഫെഡ് ആസ്ഥാനത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് 250 കോടി ഡോളര്‍ ചെലവിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനിടെ ഡൊണാള്‍ഡ് ട്രംപും ജെറോം പവലും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. പവല്‍ രാജിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് ഞായറാഴ്ച പരസ്യമായി പറഞ്ഞിരുന്നു. രാജ്യത്തിന് വളരെ മോശമാണ് അദ്ദേഹം തുടരുന്നതെന്നാണ് ട്രംപ് പറഞ്ഞത്.

സമീപ ഭാവിയില്‍ ഇതെല്ലാം സ്വര്‍ണത്തിന്റെ വിലയെ ബാധിച്ചേക്കാം.

ട്രംപിന്റെ താരിഫ് ഭീഷണികള്‍ സ്വര്‍ണ വില മുന്നേറാനുള്ള സാധ്യതയ്ക്ക് ഇടയാക്കുന്നുവെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഡോളറിന്റെ വില ഉയരുന്നത് വലിയ ഉയരങ്ങളില്‍ നിന്ന് സ്വര്‍ണത്തെ തടയുന്നു.

ആഭരണം വാങ്ങുന്നവര്‍ അറിയാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 73,240 രൂപയാണ് വിലയെങ്കിലും ഇതേതൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ കൊടുക്കണം. സ്വര്‍ണവിലക്കൊപ്പം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ സഹിതം ഇന്ന് 79,000 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകുമെന്നും മറക്കരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT