സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോഡ് തൊട്ടു. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9,400 രൂപയും പവന് 160 രൂപ വര്‍ധിച്ച് 75,200 രൂപയുമായി. ഇതോടെ ജൂലൈ 23ന് രേഖപ്പെടുത്തിയ പവന് 75,040 രൂപയെന്ന റെക്കോഡാണ് മറികടന്നത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായ മുന്നേറ്റത്തിലാണ് സ്വര്‍ണം. ആറുദിവസം കൊണ്ട് പവന്‍ വിലയില്‍ 2,000 രൂപ വര്‍ധിച്ചു. 24 കാരറ്റ് സ്വര്‍ണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് 1.10 കോടി രൂപയ്ക്ക് അടുത്ത് ആയിട്ടുണ്ട്.
ഓണവും വിവാഹ സീസണും എത്തിയതോടെ സ്വര്‍ണവില വര്‍ധനവ് ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
18 കാരറ്റു മുതല്‍ താഴോട്ടുള്ള സ്വര്‍ണ വിലയിലും ആനുപാതികമായ വര്‍ധനയുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,715 രൂപയായി. 14 കാരറ്റിന് 20 രൂപ വര്‍ധിച്ച് 59,95 രൂപയും ഒമ്പത് കാരറ്റിന് 10 രൂപ ഉയര്‍ന്ന് 3,875 രൂപയുമായി.
വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 123 രൂപയില്‍ തുടരുന്നു.
യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് വര്‍ധനയാണ് വില കൂടാനുള്ള പ്രധാന കാരണം. അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തിയിരിക്കുകയാണ് ഇപ്പോള്‍ ട്രംപ്. ചൈനയ്ക്ക് എതിരെയും അധിക തീരുവയുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്. ഇത് വ്യാപാര യുദ്ധം അടുത്ത തലത്തിലേക്ക് ഉയര്‍ത്തുകയും ആഗോള സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത്തരം സാമ്പത്തിക അനിശ്ചിതത്വങ്ങളുണ്ടാകുമ്പോള്‍ സുരക്ഷിതത്വം നേടി സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയുകയും വില ഉയര്‍ത്തുകയും ചെയ്യും.
ഇന്ന് അന്താരാഷ്ട്ര സ്വര്‍ണവില 3,378 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.70 ലും ആണ്. ജൂണ്‍ 14 ന് അന്താരാഷ്ട്ര വില ഔണ്‍സിന് 3,500 ഡോളര്‍ തൊട്ടപ്പോള്‍ ആയിരുന്നു ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഇതിനു മുമ്പ് സ്വര്‍ണ വില എത്തിയത്. അന്ന് രൂപയുടെ വിനിമയ നിരക്ക് 84ല്‍ ആയിരുന്നു.
ഇന്നിപ്പോള്‍ അന്താരാഷ്ട്ര വില 3,378 ഡോളര്‍ ആയപ്പോള്‍ രൂപയുടെ വിനിമയ നിരക്ക് 87.70 ലെത്തിയതാണ് സ്വര്‍ണവിലയില്‍ വലിയ മാറ്റം ഉണ്ടായത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81,500 രൂപ നല്‍കേണ്ടി വരും.
Gold price today: Rates rise on mounting Trump tariffs worries; what should investors do?
Read DhanamOnline in English
Subscribe to Dhanam Magazine