Business Kerala

ട്രംപ് ആശങ്കയില്‍ അയവ്, അനങ്ങാതെ സ്വര്‍ണ വില, ഇന്ന് സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ ഇതു കൂടി അറിയണം

ഇന്നലെ ഉച്ചയ്ക്ക് ഗ്രാം വില 60 രൂപയും പവന്‍ വില 480 രൂപയും ഇടിഞ്ഞിരുന്നു

Dhanam News Desk

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 8,935 രൂപയിലും പവന്‍ 71,480 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയും മാറ്റമില്ലാതെ ഗ്രാമിന് 110 രൂപയില്‍ തുടരുന്നു.

ഇന്നലത്തെ മലക്കം മറിച്ചിലിനു ശേഷമാണ് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ രാവിലെ ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 8,995 രൂപയിലും പവന് 360 രൂപ ഉയര്‍ന്ന് 71,960 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഉച്ചയ്ക്ക് 1.30 ഓടെ വില പുതുക്കി നിശ്ചിയിച്ചു. ഗ്രാമിന് 60 രൂപ കുറച്ച് 8,935 രൂപയും പവന് 480 രൂപ കുറച്ച് 71,480 രൂപയിലുമായിരുന്നു തുടര്‍ന്നുള്ള വ്യാപാരം.

അന്താരാഷ്ട്ര സ്വര്‍ണ വില ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഔണ്‍സ് വിലയില്‍ ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് വീണ്ടും 0.35 ശതമാനത്തോളം ഇടിഞ്ഞ് 3,297.70 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അമേരിക്കന്‍ ചുങ്ക നീക്കങ്ങളിലും പശ്ചിമേഷ്യന്‍ രാഷ്ടിയ സംഘര്‍ഷങ്ങളിലും അയവ് വന്നതാണ് സ്വര്‍ണ വിലയെ ബാധിച്ചത്‌.

വിലക്കുറവില്‍ ആശ്വസിക്കണോ?

ഇപ്പോഴത്തെ ഈ വിലക്കുറവ് താത്കാലികം മാത്രമാണെന്നാണ് വിപണി നല്‍കുന്ന സൂചന. ട്രംപ് വ്യാപാര നയങ്ങളില്‍ വീണ്ടും പിടിമുറക്കാനുള്ള സാധ്യതയും ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളും സമീപ ഭാവിയില്‍ തന്നെ സ്വര്‍ണത്തെ വീണ്ടും ഉയര്‍ത്തിയേക്കും. ഇതിനൊപ്പം യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചനകളും സ്വര്‍ണത്തിന് പിന്തുണയേകുന്നു.

ഇന്ന്‌ ആഭരണം വാങ്ങാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്

സ്വര്‍ണത്തിന്റെ വിലയിടിവ് കണ്ട് ഇന്ന്‌ ആഭരണം പോകാന്‍ തയാറെടുക്കുന്നവര്‍ ഇതൊന്ന് ഇതൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 71,480 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൈയില്‍ കൂടുതല്‍ പണം കരുതേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 77,359 രൂപയാകും. ഇനി 10 ശതമാനം പണിക്കൂലിയുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ 81,040 രൂപ മുടക്കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് 20 ശതമാനം വരെയൊക്കെ പണിക്കൂലിയാണ് കടകള്‍ ഈടാക്കുന്നത്. ബ്രാന്‍ഡഡ് ആഭരണങ്ങള്‍ ആണെങ്കില്‍ പണിക്കൂലി ഇനിയും കൂടും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT