സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും കുതിപ്പ്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,790 രൂപയും പവന് 600 രൂപ വര്‍ധിച്ച് 94,320 രൂപയുമായി.
ഇന്ന് രാവിലെ ഗ്രാമിന് 210 രൂപ ഉയര്‍ന്ന് 11,715 രൂപയിലും പവന് 93,720 രൂപയിലുമായിരുന്നു വ്യാപാരം ആരംഭിച്ചത്. രാജ്യാന്തര സ്വര്‍ണ വിലയില്‍ ഉയര്‍ച്ച ഉണ്ടായതോടെയാണ് ഉച്ചയ്ക്ക് ശേഷം കേരളത്തില്‍ വില പുതുക്കി നിശ്ചയിച്ചത്. രാവിലെ ഔണ്‍സിന് 4,191 രൂപയായിരുന്ന രാജ്യാന്തര സ്വര്‍ണ വില നിലവില്‍ 4,232 ഡോളറിലെത്തി.
ചെറുകാരറ്റുകളുടെ വിലയിലും വര്‍ധനയുണ്ട്. ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റിന് ഗ്രാമിന് 9,695 രൂപയാണ് പുതുക്കിയ വില. 14 കാരറ്റിന് ഗ്രാമിന് 7,555 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 4,875 രൂപയുമായി.
യു.എസില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി തുടരുന്നുണ്ടെന്ന സൂചനകളാണ് സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടാക്കുന്നത്. യു.എസില്‍ നിന്നുള്ള പല കണക്കുകളും മോശമാണെന്ന നിരീക്ഷണങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെ വന്നാല്‍ ഡിസംബറില്‍ നടക്കുന്ന പണനയത്തില്‍ യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്കുകള്‍ കുറവു വരുത്താന്‍ സാധ്യതയുണ്ട്. ഇത് സ്വര്‍ണ വില വീണ്ടും ഉയര്‍ത്തും. രാജ്യാന്തര സ്വര്‍ണ വില 4,380 ഡോളര്‍ എത്താനുള്ള സാധ്യതകളാണ് പലരും പ്രവചിക്കുന്നത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ പവന്‍ വില 95,000 രൂപ കടക്കും.
Read DhanamOnline in English
Subscribe to Dhanam Magazine